അല്‍ഫോണ്‍സ് പുത്രന്‍ സിനിമാലോകത്തിന് പരിചയപ്പെടുത്തിയ നായികയാണ് സായ് പല്ലവി. മലയാളത്തില്‍ അരങ്ങേറിയ സായ്പല്ലവി വളരെ പെട്ടെന്ന് തന്നെ സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിമാരില്‍ ഒരാളായി മാറി. തമിഴിലും തെലുങ്കിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ സായ് പല്ലവിക്ക് സാധിച്ചു.
ഫഹദ് ഫാസിലിനൊപ്പം അതിരന്‍ എന്ന സിനിമയില്‍ സായ് പല്ലവി അഭിനയിച്ചിരുന്നു. ഫഹദ് ഫാസിലിനെ കുറിച്ച് സംസാരിക്കുകയാണ് സായ് പല്ലവി. ഫഹദിനൊപ്പം അഭിനയിച്ചത് മറക്കാനാകാത്ത എക്‌സ്പീരിയന്‍സ് ആയിരുന്നുവെന്നും അത്രയും ടാലന്റുള്ള ഫഹദിനൊപ്പം അഭിനയിക്കുമ്പോള്‍ ആദ്യം വളരെ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും സായ് പല്ലവി പറഞ്ഞു.
‘ഫഹദിനൊപ്പം അഭിനയിച്ചത് മറക്കാനാകാത്ത എക്‌സ്പീരിയന്‍സാണ്. ഇത്രയും ടാലന്റുള്ള നടനോടൊപ്പം അഭിനയിക്കുമ്പോള്‍ ആദ്യം വളരെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. സെറ്റില്‍ വളരെ ജോളിയായി സംസാരിച്ചുകൊണ്ടിരിക്കെ ഷൂട്ട് തുടങ്ങുമ്പോള്‍ സ്വിച്ച് ഇട്ടപോലെ അദ്ദേഹം കഥാപാത്രമായി മാറും. അതേപോലെ ഒരിക്കലും എനിക്ക് കഴിയാറില്ല.
രണ്‍ജി പണിക്കര്‍ ഉള്‍പ്പെടെ കൂടെയുള്ളവരെല്ലാവരും മികച്ച അഭിനേതാക്കളാണ്. സിനിമ സ്‌ക്രീനില്‍ കാണുന്നതുവരെ അവര്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിയുമോയെന്ന് സംശയമായിരുന്നു,’ സായ് പല്ലവി പറഞ്ഞു.
തന്റെ ഡാന്‍സിനെ കുറിച്ചും സായ് പല്ലവി സംസാരിച്ചു.
‘മാരി ടൂവിലെ റൗഡി ബേബി എന്ന പാട്ടിന് വേണ്ടി മൂന്ന് ദിവസം വരെ ഡാന്‍സ് പ്രാക്ടീസ് ചെയ്തിരുന്നു. അതിരന്‍ എന്ന മലയാളം സിനിമയില്‍ കളരി ചെയ്തിരുന്നു. കളരിയുടെ കാര്യത്തില്‍ കിട്ടിയ ഫ്‌ളക്‌സിബിലിറ്റി ഡാന്‍സില്‍ നിന്നും ലഭിച്ചതാണ്. ചെറിയ പ്രായം മുതല്‍ നൃത്തം ചെയ്യും. നൃത്തം പ്രൊഫഷണലായി പഠിച്ചിട്ടില്ല.
ടി.വി. കണ്ടാണ് നൃത്തം പഠിച്ചത്. ഐശ്വര്യ റായിയും മാധുരി ദീക്ഷിതും ഒക്കെയാണ് നൃത്തം ചെയ്യാന്‍ പ്രേരിപ്പിച്ചത്. വീട്ടില്‍ ആരും തന്നെ നൃത്തം ചെയ്യില്ലായിരുന്നു. അമ്മ നല്ല പ്രോത്സാഹനം തന്നിട്ടുണ്ട്,’ സായ് പല്ലവി പറയുന്നു.
Content highlight: Sai Pallavi talks about Fahaf Faasil