Entertainment
അമരന്‍ റിലീസാകുന്നതിന് മുമ്പ് എന്റെ ആ പഴയ വീഡിയോ വീണ്ടും ചിലര്‍ പ്രചരിപ്പിച്ചു, അവരുടെ ഉദ്ദേശം എനിക്ക് മനസിലായില്ല: സായ് പല്ലവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 03, 01:11 pm
Monday, 3rd February 2025, 6:41 pm

അല്‍ഫോണ്‍സ് പുത്രന്‍ സിനിമാലോകത്തിന് പരിചയപ്പെടുത്തിയ നായികയാണ് സായ് പല്ലവി. മലയാളത്തില്‍ അരങ്ങേറിയ സായ് പല്ലവി വളരെ പെട്ടെന്ന് തന്നെ സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിമാരില്‍ ഒരാളായി മാറി. തമിഴിലും തെലുങ്കിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ സായ് പല്ലവിക്ക് സാധിച്ചു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ അമരനിലും സായ് പല്ലവിയുടെ പ്രകടനത്തെ പലരും അഭിനന്ദിച്ച് രംഗത്ത് വരുന്നുണ്ട്.

തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടന്ന ഹേറ്റ് ക്യാമ്പയിനെക്കുറിച്ച് സംസാരിക്കുകയാണ് സായ് പല്ലവി. താന്‍ മൂന്നുനാല് വര്‍ഷം മുമ്പ് പങ്കുവെച്ച ഒരു പോസ്റ്റിനെ പലരും വിമര്‍ശിച്ചിരുന്നെന്ന് സായ് പല്ലവി പറഞ്ഞു. അന്ന് ആ പോസ്റ്റ് വലിയ വിവാദമായിരുന്നെന്നും പിന്നീട് എല്ലാവരും അത് മറന്നെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അമരന്‍ റിലീസാകുന്നതിന് രണ്ട് ദിവസം മുമ്പ് അതേ പോസ്റ്റ് വീണ്ടും ചര്‍ച്ചയായെന്നും താന്‍ അത് കണ്ട് കണ്‍ഫ്യൂസ്ഡ് ആയെന്നും സായ് പല്ലവി പറഞ്ഞു. അന്ന് എല്ലാം അവസാനിച്ചതാണെന്നും പിന്നെയും എന്തിനാണ് ആ കാര്യം വീണ്ടും വിവാദമായതെന്നും താന്‍ ആലോചിച്ചിരുന്നെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.

ആ സിനിമയുടെ സംവിധായകനോട് ഇക്കാര്യം ചോദിച്ചെന്നും അത് സ്വാഭാവികമാണെന്ന് അദ്ദേഹം മറുപടി തന്നെന്നും സായ് പല്ലവി പറഞ്ഞു. ചില പ്രത്യേക ലക്ഷ്യമുള്ള ആളുകളാണ് അതിന്റെ പിന്നിലെന്നും അവര്‍ക്ക് അതുകൊണ്ട് എന്താണ് ഗുണമെന്ന് അറിയില്ലെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവരല്ല പ്രേക്ഷകരുടെ താത്പര്യം തീരുമാനിക്കുന്നതെന്ന് അമരന്റെ വിജയം തെളിയിച്ചെന്നും ആ സിനിമയുടെ വിജയം തനിക്ക് കോണ്‍ഫിഡന്‍സ് തന്നെന്നും സായ് പറഞ്ഞു. ഗലാട്ടാ മീഡിയയോട് സംസാരിക്കുകയായിരുന്നു സായ് പല്ലവി.

‘ഞാന്‍ മൂന്നുനാല് വര്‍ഷം മുമ്പ് ഷെയര്‍ ചെയ്ത ഒരു പോസ്റ്റിനെച്ചൊല്ലി വലിയ വിവാദമുണ്ടായിരുന്നു. എനിക്കെതിരെ വലിയ രീതിയില്‍ ഹേറ്റ് ക്യാമ്പയിന്‍ നടന്നിരുന്നു. പിന്നീട് എല്ലാവരും അത് മറക്കുകയും ചെയ്തു. എന്നാല്‍ അമരന്‍ റിലീസാകുന്നതിന് രണ്ട് ദിവസം മുമ്പ് ആ പോസ്റ്റ് വീണ്ടും ചര്‍ച്ചയായി. എനിക്കെതിരെ പലരും സംസാരിക്കുന്ന വീഡിയോകള്‍ വീണ്ടും പ്രചരിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല.

ഞാന്‍ ആകെ കണ്‍ഫ്യൂസ്ഡ് ആയി. അമരന്റെ സംവിധായകനോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. ‘പേടിക്കണ്ട, ഇതെല്ലാം സ്വാഭാവികമാണ്. ഈ സമയത്ത് ചിലര്‍ അവരുടെ ലക്ഷ്യങ്ങള്‍ നിങ്ങളിലൂടെ നടപ്പാക്കാന്‍ നോക്കുകയാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ വിവാദമുണ്ടാക്കിയവരല്ല പ്രേക്ഷകരുടെ താത്പര്യത്തെ സ്വാധീനിക്കുന്നത്. അമരന്‍ വലിയ വിജയമായി മാറി,’ സായ് പല്ലവി പറയുന്നു.

Content Highlight: Sai Pallavi about the hate campaign she faced before Amaran movie release