നാര്‍ക്കോട്ടിക് ജിഹാദ് പ്രചരണങ്ങളോടുള്ള ഇടത് സമീപനങ്ങള്‍ ദുര്‍ബലമാകുന്നതിനെ വിമര്‍ശിച്ചുകൊണ്ട് ഒരു ഇടതുപക്ഷ അനുഭാവിയുടെ പ്രതികരണം
2014 ല്‍ വടക്കന്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ കലീം എന്ന് പേരുള്ള ഒരു മുസ്‌ലിമിനെ യു.പി. പൊലീസ് അറസ്റ്റ് ചെയ്തു. ശാലു ത്യാഗി എന്ന 22 കാരിയെ റേപ്പ് ചെയ്തു എന്നായിരുന്നു കേസ്. പരാതി നല്‍കിയത് ശാലുവിന്റെ അച്ഛനാണ്. ശാലുവിനെ ഗവണ്‍മെന്റ് കസ്റ്റഡിയില്‍ വിട്ടു. അന്നത്തെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അന്ന് യു.പി. മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവിന് ഒരു കത്തെഴുതി.
നിങ്ങളുടെ നാടിനെ മാത്രമല്ല ഈ രാജ്യത്തെ തന്നെ ഭാവിയില്‍ രോഗാതുരമായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു ബോംബ് മീററ്റില്‍ കുഴിച്ചിട്ടുണ്ട്. ‘ലവ് ജിഹാദ്’ എന്നാണ് അതിന്റെ പേര്. രണ്ട് പേരുടെ റിലേഷന്‍ഷിപ്പില്‍ മതം ചേര്‍ത്ത് തുടക്കമിടുന്ന ഈ കളിക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് കാരാട്ട് ഓര്‍മിപ്പിച്ചു. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി ലവ് ജിഹാദ് പ്രചാരണങ്ങള്‍ക്ക് എതിരെ മനസാക്ഷിയെ ഉണര്‍ത്തുന്ന ഇടപെടല്‍ പിന്നീട് നടത്തി തുടങ്ങി. പ്രകാശ് കാരാട്ട് തുടരെ പ്രോഗ്രാമുകളില്‍ പങ്കെടുത്തു. അപ്പോഴും മീററ്റ് കേസില്‍ പരാതി ഉണ്ട്, കൃത്യമായ തെളിവ് ഉണ്ട് എന്ന പക്ഷത്തില്‍ പൊലീസ് അടിയുറച്ച് നിന്നു. പരാതി നല്‍കിയ കുടുംബക്കാരെ വിശ്വസിക്കാന്‍ നിര്‍വാഹമില്ല എന്ന നിലപാട് കാരാട്ട് സ്വീകരിച്ചു.
വടക്കന്‍ യു.പിയിലെ സന്യാസസമൂഹം ഒന്നടങ്കം തെരുവിലിറങ്ങി, അവരെ നയിക്കാനായി ഖോരക്പൂര്‍ എം.പി. യോഗി ആദിത്യനാഥും.
ബി.ജെ.പി കലീം-ശാലു കേസിനെ ആയുധമാക്കി. ഒറ്റ നോട്ടത്തില്‍ തെളിവുണ്ട്, സാക്ഷികളുണ്ട്, ഹിന്ദു സമൂഹം ഒരുമിച്ച് ആശങ്ക പങ്ക് വെച്ചു. സംഘപരിവാറിനോട് യോജിക്കാത്ത പുരോഹിത വര്‍ഗവും കേസില്‍ ശാലുവിന്റെ അച്ഛനൊപ്പം കൂടി. ദേശീയ പാര്‍ട്ടികളെല്ലാം സത്യം അന്വേഷിച്ച് പുറത്ത് വരട്ടെ എന്ന നിലപാടെടുത്തു.
മീററ്റിലെ കലീമും ശാലുവും വിവാഹിതരായപ്പോള്‍
സി.പി.ഐ.എം മാത്രം ഇത് നാളെ യു.പിയെ ബാധിക്കുന്ന വിപത്ത് ആണെന്ന് വിലയിരുത്തി. മുസാഫര്‍നഗര്‍ അപ്പോഴേക്കും വെന്ത് വെണ്ണീറായി കഴിഞ്ഞിരുന്നു. അവിടേക്ക് സി.പി.ഐ.എം നേതാക്കള്‍ പോയി. സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പര്‍ ഡി.പി. സിങ് ഈ വിഷയത്തില്‍ നിരന്തരം ഇടപെടല്‍ നടത്തിയിട്ടുള്ള നേതാവാണ്. 2013 മുതല്‍ മുസാഫര്‍നഗറിലെ പീഡിതരോട് ഐക്യപെട്ട് ജീവിച്ച ആരുമറിയാത്ത ഒരു നേതാവ്. 2012 മുതല്‍ 2017 വരെ ഓരോ ഘട്ടങ്ങളില്‍ സന്യാസിമാരും ബി.ജെ.പി നേതാക്കളും നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ ശേഖരം ഇദ്ദേഹത്തിന്റെ കയ്യിലുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഓരോ വട്ടവും പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടിരുന്നു.
ഖലീലിനെ അറസ്റ്റ് ചെയ്ത് രണ്ട് മാസത്തിന് ശേഷം സര്‍ക്കാര്‍ കസ്റ്റഡിയില്‍ നിന്ന് ശാലു വീട്ടിലെത്തി. വീട്ടുകാരുടെ ശ്രദ്ധ വെട്ടിച്ച് അവള്‍ പുറത്തുവന്ന് സത്യം വിളിച്ച് പറഞ്ഞു. ഖലീലിനെ സ്‌നേഹിക്കുന്നു. ബി.ജെ.പി പ്രാദേശിക നേതാക്കള്‍ പണം നല്‍കി അച്ഛനെ വശത്താക്കി കേസ് ആക്കിയതാണ്. ഖലീലിന് പിന്നീട് ജാമ്യം ലഭിച്ചു. അവര്‍ പരസ്പരം വിവാഹം കഴിച്ചു. അതുവരെ അനുഭവിച്ച വേദനകളൊക്കെ വരും കാലത്തെ പ്രേമം കൊണ്ട് കഴുകി കളയും എന്നാണ് ശാലു അന്ന് പറഞ്ഞത്. ഇന്നവര്‍ ഏതോ ഗ്രാമത്തില്‍ ഒളിച്ച് താമസിക്കുന്നുണ്ട്. എവിടെയാണെന്നറിയില്ല, അന്വേഷിച്ച് പോയ മാധ്യമങ്ങളോട് സംസാരിക്കാന്‍ താല്പര്യമില്ല എന്നാണ് അവര്‍ പറഞ്ഞത്. അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ഇന്ത്യയുടെ ഏതോ മൂലയില്‍ അവരുണ്ട്!
കലീം-ശാലു കേസ് പക്ഷെ, ചരിത്രത്തില്‍ ഇടംപിടിച്ചു. ആ ഒരൊറ്റ സംഭവം വടക്കന്‍ യു.പിയെ കീറി മുറിച്ചു. 6 മാസം നീണ്ടുനിന്ന പ്രചാരണങ്ങള്‍ സംഘപരിവാര്‍ യു.പി. മുഴുവന്‍ വ്യാപിപ്പിച്ചു. ലവ് ജിഹാദികളെ കൈകാര്യം ചെയ്യും ഞാന്‍ എന്ന് യോഗി പ്രസംഗിക്കുമ്പോള്‍ കയ്യടിക്കാന്‍ ഒരു വലിയ കൂട്ടം യുവാക്കള്‍ ഉണ്ടായിരുന്നു. കാരാട്ട് പറഞ്ഞത് സംഭവിച്ചു. സി.പി.ഐ.എം ആശങ്കപ്പെട്ടത് തീ വിതച്ചു.
പ്രകാശ് കാരാട്ട്
ലവ് ജിഹാദിനെതിരെ സി.പി.ഐ.എം പ്രതികരിക്കുന്ന കാലത്ത് കെട്ടിപ്പൊക്കിയ സംഭവങ്ങള്‍ അന്തരീക്ഷത്തില്‍ ഉണ്ടായിരുന്നു. 2021 ല്‍ നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി ഒരു ബിഷപ്പ് നമ്മുടെ നാട്ടില്‍ പ്രയോഗിക്കുമ്പോള്‍ പറയാനൊരു കള്ളക്കേസ് പോലുമില്ല. ആശങ്കപെടാന്‍ ഒന്നുമില്ല. കള്ളങ്ങള്‍ ആകാശം നിറയുമ്പോള്‍, ആകാശങ്ങള്‍ക്ക് അപ്പുറത്ത് വേറെ ഒരു നേരുണ്ടെന്ന് വിളിച്ച് പറയാനുള്ള കൃത്യമായ മുന്‍വിധിയുള്ള ഒരു സി.പി.ഐ.എം നേതൃത്വം 2014 ല്‍ ദല്‍ഹിയില്‍ ഉണ്ടായിരുന്നു. അഖിലേഷ് യാദവിന്റെ മന്ത്രിസഭയിലെ ആരെങ്കിലും ലവ് ജിഹാദ് ഉണ്ട് എന്ന് ആശങ്കപ്പെട്ട ബി.ജെ.പിക്കാരല്ലാത്ത മീററ്റിലെ സന്യാസ സമൂഹത്തെ കണ്ടിരുന്നോ എന്ന് അറിയില്ല.
യു.പി. സഹറന്‍പൂരില്‍ വിജയകാന്ത് എന്നൊരു ബജറംഗ്ദള്‍ നേതാവുണ്ട്. മിഷന്‍ വന്ദേമാന്തരത്തിന്റെ ഫൗണ്ടര്‍, വലിയ സ്വാധീനമുള്ള ആളാണ്, രാവിലെ ബൈക്ക് എടുത്ത് നാട്ടിലെ കോളേജുകളിലും സ്‌കൂളുകളിലും പട്ടാള യൂണിഫോമില്‍ പോകും. രണ്ട് ദേശീയപതാക കയ്യില്‍ പിടിക്കും, ഓരോ ക്ലാസ് മുറിയിലേക്കും കയറി ചെല്ലും. അയാള്‍ വരുമ്പോള്‍ ക്ലാസ് ടീച്ചര്‍ രംഗം മാറി കൊടുക്കും, അര മണിക്കൂര്‍ ക്ലാസ് ആണ്. എങ്ങനെ ലവ് ജിഹാദിനെ തടയാം? ഹിന്ദുക്കളെ എങ്ങനെയാണ് മുസ്‌ലിങ്ങള്‍ ഇന്ത്യയില്‍ കൊല്ലുന്നത്? എങ്ങനെ ജിഹാദികളെ തിരിച്ചറിയാം, അങ്ങനെ ഓരോ തലക്കെട്ടില്‍ അയാള്‍ സംസാരിക്കും. ഒന്നിനും ഒരു തെളിവൊന്നുമുണ്ടാവില്ല, കുറെ നുണകള്‍. അവസാനം അയാള്‍ ഇറങ്ങി പോകുമ്പോള്‍ കുട്ടികളെ ഒരു മാധ്യമപ്രവര്‍ത്തക സമീപിച്ചു. ആ കുട്ടികളൊക്കെ അയാളെ വിശ്വസിച്ച് ജീവിക്കുകയാണ്, നാളെ ആ കുട്ടികളും ഒരു ടോപ്പിക്ക് പഠിക്കും. നാര്‍ക്കോട്ടിക് ജിഹാദ്!
കുറച്ച് ദിവസമായി നമ്മുടെ ചാനലുകളില്‍ ക്രൈസ്തവ വര്‍ഗീയവാദികളുടെ പ്രതിനിധികള്‍ കുറെ കേസും, അതിലെ പ്രതികളെ പറ്റിയും, ആ പ്രതികളുടെ സമുദായത്തെ പറ്റിയും പറയുന്നത് കേട്ടില്ലേ?
യു.പിയിലെ ഒരു കഥ പറയാം. സഹറന്‍പൂരില്‍ ബലരാജ് തുങ്കല്‍ എന്നൊരു ബി.ജെ.പി നേതാവുണ്ട്. പഴയ ബജറംഗ്ദള്‍. പ്രദേശത്തെ സ്വാധീന ശക്തിയാണ്, അദ്ദേഹത്തോട് നിങ്ങള്‍ ലവ് ജിഹാദിനെ പറ്റി ചോദിച്ചാല്‍ കുറെ കേസുകളുടെ ലിസ്റ്റ് എടുക്കും, ഗ്രാമത്തിലെ മുസ്‌ലിങ്ങള്‍ പ്രതികളായ കേസുകള്‍, പ്രതികളുടെ പേരൊക്കെ പറയും. എന്നിട്ട് ചോദിക്കും, കണ്ടില്ലെ, മുസ്‌ലിങ്ങള്‍ കക്കുന്നു. തട്ടി കൊണ്ട് പോകുന്നു, ലവ് ജിഹാദ് നടത്തുന്നു. ഇതൊക്കെ മദ്രസകളില്‍ നിന്ന് പഠിക്കുന്നതാണ്, അതിന്റെ തെളിവ് ചോദിച്ചാല്‍ ഒന്നും ഉണ്ടാവില്ല. ക്വിന്റിന്റെ മാധ്യമപ്രവര്‍ത്തക അവരോട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ യാതൊന്നുമില്ല.
ഇനി കേരളത്തിലേക്ക് വരാം. 2014 ന് ശേഷം കേരളത്തിലും ലവ് ജിഹാദിനെതിരെ സി.പി.ഐ.എം പ്രചാരണം നടത്തി. ഈയുള്ളവന്‍ പിണറായിയുടെ പ്രസംഗം നേരിട്ട് കേട്ടിട്ടുണ്ട്, എന്താണ് ലവ് ജിഹാദില്‍ നിലപാട് എന്ന് 2021 ല്‍ വിജയരാഘവന്‍ 10 മിനിറ്റ് ആവര്‍ത്തിച്ചു. യോഗിയെ വിമര്‍ശിക്കാനാണ് അദ്ദേഹം അത് വീണ്ടും വിശദമാക്കിയത്.
സഭയുടെ പുതിയ ലവ് ജിഹാദുമായി ബന്ധപ്പെട്ട ആരോപണങ്ങളോട്, യോഗിയോട് ഉണ്ടായിരുന്ന അതെ നിലപാട് ആണോ പാര്‍ട്ടിക്ക് ഉള്ളത്? യോഗി കണ്ണൂരില്‍ 6 മാസം മുമ്പ് പറഞ്ഞത് പാലാ ബിഷപ്പ് ആവര്‍ത്തിച്ചിരുന്നു, കേരളത്തില്‍ ലവ് ജിഹാദ് ഉണ്ട് എന്ന്. സഭയോ ബിഷപ്പോ അത് തിരുത്തിയിട്ടില്ല, അങ്ങനെ ഇരിക്കെയാണ് ബിഷപ്പിന്റെ അതിഥിയായി സി.പി.ഐ.എമ്മിന്റെ മന്ത്രി എത്തുന്നത്.
2014 ല്‍ ലവ് ജിഹാദ് എന്ന ബോംബ് യു.പിയില്‍ പൊട്ടുമ്പോള്‍ അന്തരീക്ഷത്തില്‍ കുറെ നുണപുകകള്‍ എങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ 2021 സെപ്റ്റംബറില്‍ ഒരു അള്‍ത്താരക്ക് കീഴെ മറ്റൊരു ജിഹാദ് പൊട്ടിയപ്പോള്‍ നുണകളുടെ പോലും കാര്യമായ പിന്തുണ ഉണ്ടായിരുന്നില്ല, 24 മണിക്കൂറിനിടെ സഭ തന്നെ തിരുത്തണമായിരുന്ന ഒരു ഗംഭീരമായ, എഴുതി വായിച്ച നുണയായിരുന്നു അത്. ഇനി അങ്ങനെ ഒന്ന് ഉണ്ട് എങ്കില്‍ തന്നെ പരാതിപ്പെട്ട് കേസെടുക്കണമായിരുന്നു. ഒരു സമുദായത്തെ കുരിശിലേറ്റരുതായിരുന്നു.
ആദ്യ ദിവസം വി.ഡി. സതീശനും പിണറായി വിജയനും എടുത്ത നിലപാട് ശരിയായിരുന്നു. പിന്നീട് എന്താണ് സതീശന് സംഭവിച്ചത് എന്നതറിയില്ല. പക്ഷെ പിണറായിക്കും സി.പി.ഐ.എമ്മിനും എന്ത് സംഭവിച്ചു എന്ന് അറിയാന്‍ ആഗ്രഹമുണ്ട്, വി.എന്‍. വാസവന്‍ എന്ന മന്ത്രി സി.പി.ഐ.എം സമ്മതം വാങ്ങാതെ എവിടെയും പോവില്ല, അപ്പോള്‍ അത് പാര്‍ട്ടി നിലപാട് ആണ്. ശ്രീ വിജയരാഘവനും കൃത്യമായി വിശദീകരിച്ചു.
ജിഹാദ് ലൗവില്‍ നിന്ന് നര്‍കോട്ടിക്കില്‍ എത്തുമ്പോള്‍ സി.പി.ഐ.എമ്മിന് എന്താണ് സംഭവിക്കുന്നത്. ബി.ജെ.പിക്കാര്‍ ഉയര്‍ത്തുമ്പോള്‍ മാത്രമാണോ വര്‍ഗീയ ആശയങ്ങളെ എതിര്‍ക്കേണ്ടത്. ബി.ജെ.പി ഭാഷയും ശൈലിയും സ്വീകരിക്കുമ്പോള്‍, സ്വീകരിക്കുന്നവര്‍ ഒരു ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവരാകുമ്പോള്‍ എത്ര പെട്ടന്നാണ് വ്യഖ്യാനപിഴവ് ആകുന്നത്.
വി.എന്‍. വാസവന്‍
അവസാനമായി, സി.പി.ഐ.എം നയപരമായി ഈ വിഷയത്തില്‍ ഭാവിയില്‍ മറുപടി പറയേണ്ടി വരും എന്ന പക്ഷക്കാരനാണ് ഞാന്‍. അല്ലെങ്കില്‍ ഈ സി.പി.ഐ.എം പഴയ സി.പി.ഐ.എം അല്ലാതെ ഇരിക്കണം. ബ്രാഞ്ച് മുതല്‍ സ്റ്റേറ്റ് വരെ സമ്മേളനങ്ങള്‍ നടക്കുന്നുണ്ട്. എന്താണ് അടവ് നയമെന്നും, ഇത് ഏത് രീതിയില്‍ വ്യാഖ്യാനിക്കാം എന്നും നേതൃത്വത്തോട് നേതാക്കള്‍ ചോദിക്കണം.
2014 മുതല്‍ സി.പി.ഐ.എമ്മില്‍ നിന്ന് കാണുന്ന ഒരു നയം പ്രകടമായി പാലായില്‍ വഴി തെറ്റിയിട്ടുണ്ട്, അത് ജോസ് കെ. മാണി വഴിയാണ് തെറ്റിയത്. അങ്ങനെ തെറ്റിക്കാന്‍ സി.പി.ഐ.എം കേരളഘടകത്തിന് അവകാശമുണ്ടോ? ഈ സമ്മേളനകാലം ഒന്നും മിണ്ടാതെയും പറയാതെയും കഴിഞ്ഞാല്‍ പിന്നെ പാര്‍ട്ടി എന്ന അര്‍ത്ഥത്തില്‍ ജീവനില്ല എന്ന തോന്നല്‍ കൂടി ബലം നല്‍കും. സി.പി.ഐ.എം തിരുത്തണമെന്നും തെറ്റ് മനസിലാക്കണമെന്നും, നേതൃത്വം ചോദ്യം ചെയ്യപ്പെടണമെന്നും എല്ലാം പിന്നീട് വൃത്തിയായി അവസാനിക്കണമെന്നും ആഗ്രഹിക്കുന്നു, ഇതെഴുതിത്തീരുമ്പോള്‍ രണ്ട് തലക്കെട്ടുകള്‍ കണ്ടു. വാളെടുത്തവരൊക്കെ മാളത്തിലാണ് എന്ന ദീപിക ലേഖനം, അതുകൊണ്ട് ബിഷപ്പ് പറഞ്ഞത് പിണറായി പൊലീസ് അന്വേഷിക്കണം,
രണ്ടാമത്തെ തലക്കെട്ട്, കേരള കോണ്‍ഗ്രസ് എം കേരളരാഷ്ട്രീയത്തെ നയിക്കുന്നു എന്ന ജോസിന്റെ പ്രസ്താവനയാണ്, നാണം തോന്നുന്നില്ലെങ്കില്‍ ഒന്നും പറയാനില്ല.