ന്യൂദല്‍ഹി: ലോക രാജ്യങ്ങള്‍ ഇന്ത്യയെ ബഹുമാനിക്കുന്നുവെന്നും രാജ്യം മാതൃകയാണെന്നും ഇഷ യോഗ സെന്റര്‍ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വാസുദേവ്. പത്ത് വര്‍ഷത്തിനിടെ രാഷ്ട്രം വലിയ കലാപങ്ങള്‍ക്കൊന്നും വേദിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മതപരമായ അസഹിഷ്ണുത ടി.വി സ്‌ക്രീനുകള്‍ രൂപപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയില്‍ ഖത്തര്‍, കുവൈത്ത്, ഇറാന്‍, സൗദി എന്നീ രാജ്യങ്ങള്‍ അതൃപ്തിയറിയിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് സദ്ഗുരുവിന്റെ പ്രതികണം.
വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികം തുടങ്ങിയ മേഖലകളിലെല്ലാം രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്ത്രീകള്‍ തങ്ങളുടെ ജീവിതത്തെയും നിലനില്‍പ്പിനെയും സാമ്പത്തിക ഭദ്രതയെയും പറ്റി ബോധവതികളാണെന്നും സദ്ഗുരു പറഞ്ഞു.
‘ഇന്ന് രാജ്യം ശാന്തമാണ്. കഴിഞ്ഞ് പത്ത് വര്‍ഷമായി വര്‍ഗീയ കലാപങ്ങള്‍ ഒന്നും രാജ്യത്ത് ഉണ്ടായിട്ടില്ല.
ദൃശ്യ മാധ്യമങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നാണ് വര്‍ഗീയ കലാപങ്ങളും മതപരമായ അസഹിഷ്ണുതയും. മുന്‍ കാലഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ലോകരാജ്യങ്ങള്‍ ഭാരതത്തെ ബഹുമാനിക്കുന്നു. ആഭ്യന്തര വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ നിലപാടുകള്‍ മറ്റ് രാജ്യങ്ങള്‍ മാതൃകയാക്കുകയാണ്. നയതന്ത്ര വിഷയങ്ങളിലുള്ള അഭിപ്രായം ലോകോത്തര ശ്രദ്ധനേടുന്നു.