വാരണാസി: കേരളത്തിൽ 97 ശതമാനം സാക്ഷരതയുണ്ടായിട്ടും രാജ്യത്ത് ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങളുള്ള സംസ്ഥാനം അതാണെന്നും പിന്നെ എന്തിനാണ് ലോകം സാക്ഷരതക്ക് പിറകെ പോകുന്നതെന്നും വൃന്ദാവൻ ധാമിലെ സദ്ഗുരു റിതേശ്വർ മഹാരാജ്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് വേദിയിരിക്കെ റിതേശ്വർ മഹാരാജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇത്രയും സാക്ഷരത കേരളം നേടിയിട്ട് എന്ത് കാര്യം എന്ന് റിതേശ്വർ മഹാരാജ് ചോദിക്കുമ്പോൾ സമ്മത ഭാവത്തിൽ ആരിഫ് മുഹമ്മദ് ഖാൻ തലയാട്ടുന്നതും വീഡിയോയിൽ കാണാം.
‘കേരളത്തിലെ സാക്ഷരത 97 ശതമാനമാണ്. എന്നാൽ ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങളുള്ള സംസ്ഥാനം, അത് കേരളമാണ്.
സാക്ഷരതയും വിദ്യാഭ്യാസവും തമ്മിലുള്ള വ്യത്യാസം എനിക്ക് അറിയേണ്ടതുണ്ട്. 97 ശതമാനം സാക്ഷരതയുള്ള സ്ഥലത്ത് ഇത്രയും വൃദ്ധസദനങ്ങളുള്ളത് എന്തുകൊണ്ടാണ്?
സ്വന്തം മാതാപിതാക്കളെ വീട്ടിൽ സംരക്ഷിക്കാതെ എന്തുകൊണ്ട് വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്നു? ഈ സാക്ഷരത അപ്പോൾ എന്താണ്? ഈ സാക്ഷരത നേടാനാണോ ഇന്ത്യയിൽ പരിശ്രമിക്കുന്നത്?
ഈ സാക്ഷരതക്ക് പിന്നാലെയാണോ ലോകം മുഴുവൻ ഓടുന്നത്? സാക്ഷരതയും വിദ്യാഭ്യാസവും തമ്മിൽ നല്ല വ്യത്യാസമുണ്ട്.
നമുക്ക് സാക്ഷരരാകാൻ സാധിക്കും, എന്നാൽ വിദ്യാഭ്യാസമുള്ളവരാകാൻ സാധിക്കില്ല,’ റിതേശ്വർ മഹാരാജ് പറഞ്ഞു.
Content Highlight: Sadguru Riteshwar Maharaj criticize Kerala has highest number of Old age homes despite being most literate