Sabarimala women entry
കടുംനിലപാടില്‍ തന്ത്രി കുടുംബം; വിധിയുമായി സര്‍ക്കാര്‍ മുന്നോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 08, 02:40 am
Monday, 8th October 2018, 8:10 am

തിരുവനന്തപുരം: ശബരിമല സ്ത്രിപ്രവേശന വിവാദത്തില്‍ തന്ത്രികുടുംബവുമായുള്ള ചര്‍ച്ച അനിശ്ചിത്വത്തില്‍. തിങ്കളാഴ്ച ചര്‍ച്ചയില്‍നിന്ന് ശബരിമല തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളും പിന്മാറിയതോടെയാണിത്. തന്ത്രി കുടുംബം വിട്ടുനിന്നാല്‍ ഇനി ചര്‍ച്ചയ്ക്കു വിളിക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാരും.

പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനമില്ലെങ്കില്‍ ചര്‍ച്ചയ്ക്കില്ലെന്നു തന്ത്രി കുടുംബവും പന്തളം രാജകുടുംബവും പറഞ്ഞിരുന്നു. എന്‍.എസ്.എസും പന്തളം രാജകൊട്ടാരവുമായി കൂടിയാലോചിച്ചാണ് ചര്‍ച്ചയില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. തന്ത്രി കുടുംബം, പന്തളം കൊട്ടാരം, എന്‍.എസ്.എസ്. എന്നിവര്‍ സംയുക്തമായി സുപ്രീംകോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കുന്നുണ്ട്.

അതേസമയം കോടതിവിധിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം. കോടതിവിധിയില്‍ പുനപരിശോധനാ ഹര്‍ജിയില്ലെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍.

അതേ സമയം സന്നിധാനത്തു വനിതാ പൊലീസിനെ നിയോഗിക്കുന്ന കാര്യത്തില്‍ പുനഃപരിശോധന നടത്തിയേക്കും. തുലാമാസ പൂജയ്ക്കു നട തുറക്കുമ്പോള്‍ അധികം സ്ത്രീകള്‍ സന്നിധാനത്തേക്ക് എത്തില്ലെന്ന വിലയിരുത്തലിന്റെയടിസ്ഥാനത്തിലാണ് ഈ ആലോചന. ഇത് സംബന്ധിച്ച് തിങ്കളാഴ്ച നടക്കുന്ന പൊലീസ് യോഗം തീരുമാനമെടുക്കും.