Entertainment
മമ്മൂട്ടിയുടെ ഉജ്വലമായ ക്രിയേറ്റിവ് പ്രോസസ്സ് കണ്ടത് ആ ചിത്രത്തിലാണ്: ശ്യാമപ്രസാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 18, 04:34 pm
Saturday, 18th January 2025, 10:04 pm

ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരേ കടല്‍. മമ്മൂട്ടിയും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അന്തര്‍ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരേ കടലിലെ സംഗീതത്തിന് ഔസേപ്പച്ചന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മമ്മൂട്ടി നാഥന്‍ എന്ന പ്രൊഫസറായിട്ടായിരുന്നു ചിത്രത്തിലെത്തിയത്. ശ്യാമപ്രസാദിന് അനവധി പ്രശംസ നേടിക്കൊടുത്ത ചിത്രമാണ് ഒരേ കടല്‍.

ഒരേ കടലിലെ മമ്മൂട്ടിയുടെ പ്രകടനത്തിനെ കുറിച്ച് സംസാരിക്കുകയാണ് ശ്യാമപ്രസാദ്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം മമ്മൂട്ടിയുടേതായ സ്‌റ്റൈലിലാണ് അവതരിപ്പിച്ചതെന്ന് ശ്യാമപ്രസാദ് പറയുന്നു. മമ്മൂട്ടി എന്ന നടന്റെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഒരേ കടലില്‍ വന്നിട്ടുണ്ടെന്നും മമ്മൂട്ടിയുടെ ഉജ്വലമായ ക്രിയേറ്റിവ് പ്രോസസ്സ് കണ്ടത് ഒരേ കടലില്‍ ആണെന്നും ശ്യാമപ്രസാദ് പറഞ്ഞു.

‘ഒരേ കടലിലെ മമ്മൂക്കയുടെ കാര്യം പറയുകയാണെങ്കില്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ സ്റ്റൈലുണ്ട്. വളരെ പ്രശസ്തമായ ഒരു സംസാരമുണ്ട്, ഒരു അഭിനേതാവ് തന്റെ പല കഥാപാത്രങ്ങളിലൂടെ തന്റെ തന്നെ വ്യക്തിത്വത്തിന്റെ പല ഭാവങ്ങളാണ് കാണിക്കുന്നത്. അല്ലാതെ അവര്‍ മറ്റ് ആളുകളായി മാറുന്നൊന്നും ഇല്ല. കഥാപാത്രങ്ങളായി മാറി എന്നൊക്കെ പൊതുവെ പറയാറുണ്ടല്ലോ. അങ്ങനെ ഒന്നും ഇല്ല.

മമ്മൂട്ടി എന്ന നടന്റെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ പല കഥാപാത്രങ്ങളിലൂടെ പല സിനിമയില്‍ വന്നിട്ടുണ്ട്. അതിലെ ഒന്നാണ് ഒരേ കടലിലെ നാഥന്‍. അങ്ങനെ അഭിനേതാവും കഥാപാത്രവും തമ്മിലുള്ള വേരിയേഷനെ ഡിസൈന്‍ ചെയ്യുക എന്നതാണ് ചെയ്യാറുള്ളത്. അതിനാണ് ശ്രമിക്കാറുള്ളത്.

മനുഷ്യന്റെ ഉള്ളില്‍ അത്തരത്തിലുള്ള കുറേ ഭാവങ്ങള്‍ ഉണ്ട്. അതിന് ആര്‍ട്ടിസ്റ്റ് സംവിധായകരോട് അവര്‍ വഴങ്ങണം. അവിടെയാണ് മമ്മൂട്ടിയുടെ ഉജ്വലമായ ക്രിയേറ്റിവ് പ്രോസസ്സ് കണ്ടത്,’ ശ്യാമപ്രസാദ് പറയുന്നു.

Content Highlight: Shyamaprasad talks about Mammootty’s performance in Ore Kadal movie