ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. താരങ്ങളുടെ അതിപ്രസരമുള്ള ടീമില്‍ അവസരം ലഭിക്കാന്‍ എല്ലാ താരങ്ങളും മത്സരത്തിലാണ്. എല്ലാ പൊസിഷനിലും ഒരുപാട് താരങ്ങള്‍ അവസരം കാത്തുനില്‍ക്കുന്നുണ്ട്.
നിലവില്‍ വെസ്റ്റ് ഇന്‍ഡീസുമായി പരമ്പരയിലാണ് ടീം ഇന്ത്യ. അഞ്ച് ട്വന്റി-20 മത്സരമുള്ള പരമ്പരയില്‍ ആദ്യ മത്സരത്തില്‍ രോഹിത്തിന്റെ കൂടെ ഓപ്പണിങ് ഇറങ്ങിയത് മധ്യനിരയിലെ കരുത്തനായ സൂര്യകുമാര്‍ യാദവായിരുന്നു. വിരാട് വിശ്രമിക്കുന്ന പരമ്പരയില്‍ മൂന്നാം നമ്പറില്‍ ആര് കളിക്കുമെന്നത് ആശയകുഴപ്പമുണ്ടാക്കുന്ന വിഷയമായിരുന്നു. ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യരായിരുന്നു ആ പൊസിഷനില്‍ കളിച്ചത്.
പേസ് ബൗളിങ്ങിനെതിരെ ഒരുപാട് പോരായ്മയുള്ള അയ്യരിനെ സഞ്ജു സാംസണ്‍, ദീപക് ഹൂഡ എന്നിവരെ മറികടന്ന് ടീമില്‍ ഉള്‍പ്പെടുത്തിയതിന് ഒരുപാട് വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങളായ വെങ്കിടേഷ് പ്രസാദും ശ്രീകാന്തുമായിരുന്നു അദ്ദേഹത്തെ വിമര്‍ശിച്ചവരില്‍ പ്രമുഖര്‍. എന്നാല്‍ അദ്ദേഹത്തിന് ടീമില്‍ ഒരു സ്ഥാനമുണ്ടെന്ന് പറയുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ സാബ കരീം.
ഹൂഡയേക്കാള്‍ ടീമില്‍ നില്‍ക്കാന്‍ യോഗ്യന്‍ അയ്യരാണെന്നാണ് അദ്ദേഹം പറഞ്ഞത്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ അയാള്‍ കളിച്ച പൊസിഷനാണതെന്നും ഹൂഡയേക്കാള്‍ മുമ്പ് ആ പൊസിഷനില്‍ എത്തിയ താരമാണ് അദ്ദേഹമെന്നും സാബ അഭിപ്രായപ്പെട്ടു.
”ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ അയ്യര്‍ മൂന്നാം നമ്പറിലും നാലാം നമ്പറിലും ബാറ്റ് ചെയ്തു. ഹൂഡയ്ക്ക് മുമ്പ് ആ പൊസിഷനില്‍ എത്തിയതാണ് അയ്യര്‍. അതിനാല്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി-20യില്‍ മാനേജ്മെന്റ് അദ്ദേഹത്തെ ഇറക്കാന്‍ തീരുമാനിച്ചു. ഇലവനില്‍ അയ്യര്‍ ഉറപ്പായിട്ടും ഹൂഡയേക്കാള്‍ മുന്നില്‍ വരും. അയാള്‍ക്ക് ഉറപ്പായിട്ടും കൂടുതല്‍ അവസരം നല്‍കണം,’ സാബ പറഞ്ഞു.