കാത്തിരിപ്പിന് ശേഷം ഇടിമിന്നല്‍ വീണ്ടും മുംബൈ ഇന്ത്യന്‍സിനൊപ്പം; കിരീടമില്ലാത്ത ടീമിനെ കപ്പടിപ്പിക്കാന്‍ തണ്ടര്‍ ബോള്‍ട്ടും
Sports News
കാത്തിരിപ്പിന് ശേഷം ഇടിമിന്നല്‍ വീണ്ടും മുംബൈ ഇന്ത്യന്‍സിനൊപ്പം; കിരീടമില്ലാത്ത ടീമിനെ കപ്പടിപ്പിക്കാന്‍ തണ്ടര്‍ ബോള്‍ട്ടും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th August 2024, 8:25 pm

 

 

അടുത്ത വര്‍ഷം നടക്കുന്ന എസ്.എ20യില്‍ ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിയായ എം.ഐ കേപ്ടൗണിനായി പന്തെറിയും. അടുത്ത സീസണിനായുള്ള മാര്‍ക്വി സൈനിങ്ങിലാണ് കേപ്ടൗണ്‍ ബോള്‍ട്ടിനെ ടീമിലെത്തിച്ചത്.

ആറ് ടീമുകളുമായി 2023ലാണ് എസ്.എ-20 ആരംഭിച്ചത്. നിലവിലുള്ള എല്ലാ ടീമുകളും ഐ.പി.എല്‍ ടീമുകളുടെ ഉടമസ്ഥതയിലുള്ളവരാണ്. ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടാണ് എം.ഐ കേപ്ടൗണ്‍.

മുംബൈ ഇന്ത്യന്‍സിന് ടീമുള്ള മറ്റെല്ലാ ഫ്രാഞ്ചൈസി ലീഗുകളിലും ബോള്‍ട്ട് ടീമിനൊപ്പമുണ്ടായിരുന്നു. ടീമിനൊപ്പമുണ്ടായിരിക്കുക മാത്രമല്ല, അവര്‍ക്കൊപ്പം കിരീടം നേടാനും ബോള്‍ട്ടിന് സാധിച്ചിരുന്നു.

മുംബൈ ഇന്ത്യന്‍സിന് പുറമെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ എം.ഐ ന്യൂയോര്‍ക്കിന്റെയും ഐ.എല്‍.ടി20യില്‍ എം.ഐ എമിറേറ്റ്‌സിന്റെയും താരമായിരുന്നു ബോള്‍ട്ട്.

എം.എല്‍.സിയുടെ ഉദ്ഘാടന സീസണിലാണ് ബോള്‍ട്ട് ന്യൂയോര്‍ക്കിനൊപ്പം കിരീടമണിഞ്ഞത്. വെയ്ന്‍ പാര്‍ണലിന്റെ സിയാറ്റില്‍ ഓര്‍ക്കാസിനെ പരാജയപ്പെടുത്തിയാണ് നിക്കോളാസ് പൂരന്റ നേതൃത്വത്തിലുള്ള ന്യൂയോര്‍ക് കിരീടമണിഞ്ഞത്. ഫൈനലില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ബോള്‍ട്ട് നിര്‍ണായകമായത്.

ഐ.എല്‍. ടി-20യുടെ രണ്ടാം സീസണിലാണ് എം.ഐ ഫ്രാഞ്ചൈസി കിരീടമണിഞ്ഞത്. ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കൗണ്ടര്‍പാര്‍ട്ടായ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയാണ് എമിറേറ്റ്‌റ്‌സ് കിരീടമണിഞ്ഞത്. നിക്കോളാസ് പൂരന്‍ തന്നെയായിരുന്നു എമിറേറ്റ്‌സിന്റെയും നായകന്‍. ക്യാപ്പിറ്റല്‍സിനെതിരെ നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയാണ് ബോള്‍ട്ട് തിളങ്ങിയത്.

എം.ഐ ഫ്രാഞ്ചൈസികളില്‍ ഇതുവരെ കിരീടം നേടാന്‍ കേപ് ടൗണിന് സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു കേപ്ടൗണ്‍. പത്ത് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഏഴ് തോല്‍വിയുമായി 13 പോയിന്റായിരുന്നു ടീമിനുണ്ടായിരുന്നത്.

ഉദ്ഘാടന സീസണിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പത്ത് മത്സരം കളിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ടീമിന് വിജയിക്കാന്‍ സാധിച്ചത്. ഏഴിലും തോറ്റു. 13 പോയിന്റ് തന്നെയായിരുന്നു ആദ്യ സീസണിലും ടീമിന് നേടാന്‍ സാധിച്ചത്.

ബോള്‍ട്ടിന്റെ വരവോടെ ആഫ്രിക്കന്‍ മണ്ണിലും വിജയക്കൊടി നാട്ടാന്‍ സാധിക്കുമെന്നാണ് എം.ഐ ഉറച്ചുവിശ്വസിക്കുന്നത്.

അടുത്ത വര്‍ഷം ജനുവരി ഒമ്പത് മുതല്‍ ഫെബ്രുവരി എട്ട് വരെയാണ് ടൂര്‍ണമെന്റിന്റെ മൂന്നാം സീസണ്‍. ഫൈനലടക്കം 34 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടാവുക.

അതേസമയം, അടുത്ത സീസണിനുള്ള ടീം ഒരുക്കുന്ന തിരക്കിലാണ് എം.ഐ. ഇതിനോടകം തന്നെ 14 താരങ്ങളെ ടീം പാളയത്തിലെത്തിച്ചിട്ടുണ്ട്. അഞ്ച് താരങ്ങളെ കൂടിയാണ് ടീം സ്വന്തമാക്കേണ്ടത്.

എം.ഐ കേപ് ടൗണ്‍ സ്‌ക്വാഡ് 2025

ഓവര്‍സീസ് താരങ്ങള്‍

റാഷിദ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്, ബെന്‍ സ്‌റ്റോക്‌സ്, അസ്മത്തുള്ള ഒമര്‍സായ്, നുവാന്‍ തുഷാര, ക്രിസ് ബെഞ്ചമിന്‍.

മറ്റ് താരങ്ങള്‍

കഗീസോ റബാദ, റാസി വാന്‍ ഡെര്‍ ഡസന്‍, റയാന്‍ റിക്കല്‍ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ജോര്‍ജ് ലിന്‍ഡെ, തോമസ് കബേര്‍, കോനര്‍ എസ്റ്റര്‍ഹൂയ്‌സണ്‍, ഡെലാനോ പോട്‌ഗെയ്റ്റര്‍.

 

Content Highlight: SA20 2025: Trent Boult Joins MI Cape Town