Kerala News
'സഞ്ജയ് ഗാന്ധി എന്ന നിഷ്ഠൂരനായ അസംബന്ധ നായകന്റെ പ്രേതമാണ് ഇന്നും കോണ്‍ഗ്രസുകാരെ ഭരിക്കുന്നത്, സതീശന് മൂക്കാതെ പഴുത്തതിന്റെ ദോഷം': എസ്. സുദീപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 25, 05:22 pm
Saturday, 25th June 2022, 10:52 pm

തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനെതിരെ ആക്രോശിച്ച വി.ഡി. സതീശനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ജഡ്ജ് എസ്. സുദീപ്.

മാധ്യമങ്ങളെ ഒന്നടങ്കം സെന്‍സര്‍ഷിപ്പിനു വിധേയമാക്കി വായടിപ്പിച്ച സഞ്ജയ് ഗാന്ധി എന്ന നിഷ്ഠൂരനായ അംസബന്ധ നായകന്റെ പ്രേതം തന്നെയാണ് ഇന്നും കോണ്‍ഗ്രസുകാരെ ഭരിക്കുന്നത് എന്നതിന്റെ ഉത്തമോദാഹരണമാണ് സതീശനെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തിരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ വി.ഡി. സതീശന്‍ പത്രപ്രവര്‍ത്തകനോട് ആക്രോശിച്ചത് യാദൃച്ഛികമൊന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സഞ്ജയ് ഗാന്ധിക്കു മരണമില്ല.

അടിയന്തിരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ വി.ഡി. സതീശന്‍ പത്രപ്രവര്‍ത്തകനോട് ആക്രോശിച്ചത് യാദൃച്ഛികമൊന്നുമല്ല.

മാധ്യമങ്ങളെ ഒന്നടങ്കം സെന്‍സര്‍ഷിപ്പിനു വിധേയമാക്കി വായടിപ്പിച്ച സഞ്ജയ് ഗാന്ധി എന്ന നിഷ്ഠൂരനായ അസംബന്ധ നായകന്റെ പ്രേതം തന്നെയാണ് ഇന്നും കോണ്‍ഗ്രസുകാരെ ഭരിക്കുന്നത് എന്നതിന്റെ ഉത്തമോദാഹരണമാണ് സതീശന്‍.

പ്രതിഷേധം കഴിഞ്ഞ് എസ്.എഫ്.ഐക്കാരെ പുറത്താക്കി ഷട്ടറിട്ട ഉടനെ ചാനലുകളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഗാന്ധിജിയുടെ ഫോട്ടോ ചുമരിലുണ്ടായിരുന്നതടക്കമുളള കാര്യം ചൂണ്ടിക്കാട്ടിയ പത്രപ്രവര്‍ത്തകനോടാണ് അയാള്‍ പൊട്ടിത്തെറിച്ചത്.

അസംബന്ധം ഇവിടെ വേണ്ട എന്നയാള്‍ ആവര്‍ത്തിച്ച് അട്ടഹസിക്കുകയാണ്! അതൊക്കെ പിണറായിയോടു മതി എന്നു കൂടി അയാള്‍ ആക്രോശിക്കുന്നുണ്ട്. സതീശന്‍ മര്യാദക്കാരനാണെന്നും അല്ലെങ്കില്‍ പിടിച്ചു പുറത്താക്കിയേനെ എന്നും കൂടി അയാള്‍ അട്ടഹസിക്കുന്നു. ഇതാണോ മര്യാദ?

സതീശന്റെ മര്യാദയൊക്കെ നാട്ടുകാര്‍ക്കറിയാം. മൂക്കാതെ പഴുത്തതിന്റെ ദോഷമാണ്. മാധ്യമങ്ങളുടെ ലാളന മാത്രം അനുഭവിച്ചു വളര്‍ന്നതിന്റെ കുഴപ്പമാണ്. ആരോ എഴുതി നല്‍കുന്ന അച്ചടിച്ച പ്രസംഗം മാത്രം എഴുതി വായിച്ച് വലുതായതിന്റെ പ്രശ്‌നമാണ്. ഒരു ന്യായമായ ചോദ്യം പോലും സഹിക്കാന്‍ കഴിയാത്ത ഇയാളാണോ പ്രതിപക്ഷ നേതാവ്? ഒരു ചോദ്യത്തിനുത്തരം പറയാന്‍ കഴിയാത്ത ഇയാളാണോ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചു കാത്തിരിക്കുന്നത്?

ഇയാളാണോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവ്? ഇയാളാണോ ജനാധിപത്യത്തിന്റെ കാവല്‍ ഭടന്‍?
ഇയാള്‍ സഞ്ജയ് ഗാന്ധിയുടെ പ്രേതമാണ്. അസംബന്ധങ്ങളൊക്കെ പിണറായിയോടു പോയി ചോദിക്കാനാണ് അയാള്‍ പറഞ്ഞത്. ശരിയാണ്. ഇടതു നേതാക്കളോട് നിങ്ങള്‍ക്ക് എന്ത് അസംബന്ധവും ചോദിക്കാം.
അവരെക്കുറിച്ച് എന്ത് അസംബന്ധവും നിങ്ങള്‍ക്ക് എഴുതാം.

കാരണം അവരൊന്നും മാധ്യമങ്ങളുടെ ലാളന ഏറ്റുവാങ്ങി വളര്‍ന്നവരല്ല. മാധ്യമ മുതലാളിമാരുടെ കാലു തടവി വളര്‍ന്നവരുമല്ല. സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി വളര്‍ന്നവരുമല്ല.

സഞ്ജയ് ഗാന്ധിക്കു മരണമില്ല.
അയാള്‍ സതീശനെപ്പോലുള്ള കോണ്‍ഗ്രസുകാരിലൂടെ ഇന്നും ജീവിക്കുന്നു,’ എസ്. സുദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlight: S. sudeep against VD satheeshan on satheeshan’s statement towards journalist during press meet