Entertainment
ഒരുപാട് ലജന്റുകള്‍ ഉണ്ടായിട്ടും ആ സംവിധായകന്റെ പേരുനോക്കിയാണ് ആളുകള്‍ സിനിമക്ക് കയറിയിരുന്നത്: എസ്. എന്‍. സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 07, 11:26 am
Thursday, 7th November 2024, 4:56 pm

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. 1984ല്‍ സിനിമാമേഖലയിലേക്കെത്തിയ എസ്.എന്‍.സ്വാമി 40 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ചു. മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായ സേതുരാമയ്യര്‍ എന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ സൃഷ്ടാവും സ്വാമി തന്നെയാണ്.

മലയാള സിനിമയിലെ മികച്ച സംവിധായകരോടൊപ്പമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ.വി. ശശിയെക്കുറിച്ച് സംസാരിക്കുകയാണ് എസ്.എന്‍. സ്വാമി. മലയാള സിനിമയില്‍ സംവിധായകരുടെ പേര് കണ്ട് ആളുകള്‍ സിനിമക്ക് കയറാന്‍ തുടങ്ങുന്നത് ഐ.വി. ശശിയുടെ പേരുകണ്ടാണെന്ന് എസ്.എന്‍. സ്വാമി പറയുന്നു. അതിന് മുമ്പ് ഒരുപാട് ലജന്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഐ.വി. ശശിയാണ് അങ്ങനെ ഒരു മാറ്റം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.എന്‍. മേനോന്‍, ഐ.വി. ശശി എന്നിവരാണ് മലയാള സിനിമക്ക് വ്യത്യസ്തമായ അപ്രോച്ച് ഉണ്ടാക്കിയതെന്നും സ്വാമി പറഞ്ഞു. വലിയ സ്റ്റാറുകള്‍ ഇല്ലാതെതന്നെ അന്നത്തെ കാലത്ത് ഐ.വി ശശിയുടെ സിനിമകളെല്ലാം ഹിറ്റായിരുന്നെന്നും ഷെരിഫിന്റെ സ്‌ക്രിപ്റ്റും ഐ.വി. ശശിയുടെ സംവിധാനവുമാണെന്നറിഞ്ഞാല്‍ ആളുകള്‍ സിനിമക്ക് കേറുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ ലൂക്കേര്‍സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എസ്.എന്‍ സ്വാമി.

‘മലയാള സിനിമയില്‍ ഡയറക്ടറുടെ പേര് കണ്ട് ആളുകള്‍ സിനിമക്ക് കയറാന്‍ തുടങ്ങുന്നത് ഐ.വി. ശശിയുടെ സിനിമക്കാണ്. ഐ.വി. ശശിയുടെ സിനിമ എന്ന് ആളുകള്‍ പറയുമായിരുന്നു. അതിന് മുമ്പ് ഒരുപാട് ലജന്റ്‌സ് ഉണ്ടായിട്ടുപോലും ഐ.വി. ശശിയുടെ പേര് എടുത്ത് പറഞ്ഞതാണ് മലയാള സിനിമയിലെ വ്യത്യാസം. അതുപോലതന്നെ പി.എന്‍. മേനോന്‍. ഈ രണ്ടുപേരുമാണ് മലയാള സിനിമക്ക് വ്യത്യസ്തമായ അപ്രോച്ച് ഉണ്ടാക്കുന്നത്.

ശശിയുടെ പടത്തില്‍ വലിയ മള്‍ട്ടി സ്റ്റാര്‍ ഒന്നും ഇല്ല. അന്നത്തെ കാലത്തെ രാഘവന്‍, വിന്‍സെന്റ് തുടങ്ങിയ ചെറിയ ആര്‍ട്ടിസ്റ്റിനെ വെച്ച് പടമെടുത്ത ആളാണ് അയാള്‍. ആ പടങ്ങള്‍ എല്ലാം തന്നെ വലിയ ഹിറ്റുകളും ആയിരുന്നു. ഷെരിഫ് സാറിന്റെ സ്‌ക്രിപ്റ്റ്, ഐ.വി ശശിയുടെ ഡയറക്ഷന്‍ എന്ന് പറഞ്ഞാല്‍ തന്നെ ആളുകള്‍ സിനിമ കാണാന്‍ കേറുമായിരുന്നു. വേറെ ഒന്നും ചിന്തിക്കാതെ ആളുകള്‍ സിനിമ കാണാന്‍ ഇടിച്ച് കേറുമായിരുന്നു. എത്രയോ സിനിമകള്‍ അവരുടെ പേരുകള്‍ മാത്രം ഉള്ളതുകൊണ്ട് ആളുകള്‍ കാണാന്‍ കയറിയിട്ടുണ്ട്,’ എസ്.എന്‍. സ്വാമി പറയുന്നു.

Content Highlight: S.N Swamy Talks About I.V Sasi