അതൊരു കഥാപാത്രമായത് കൊണ്ടാണ് മമ്മൂട്ടിയെ ആരും കുറ്റപ്പെടുത്താത്തത്: എസ്.എൻ.സ്വാമി
Entertainment
അതൊരു കഥാപാത്രമായത് കൊണ്ടാണ് മമ്മൂട്ടിയെ ആരും കുറ്റപ്പെടുത്താത്തത്: എസ്.എൻ.സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th August 2024, 8:55 pm

മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്താണ് എസ്. എൻ.സ്വാമി. മമ്മൂട്ടിക്ക് സേതുരാമയ്യർ സി.ബി.ഐ മോഹൻലാലിന് സാഗർ ഏലിയാസ് ജാക്കി തുടങ്ങി എന്നും ആരാധകർ ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ സമ്മാനിച്ചത് അദ്ദേഹമാണ്.

സേതുരാമയ്യറിന് പുറമെ ദി ട്രൂത്ത്, ഓഗസ്റ്റ് 1 തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളെല്ലാം എസ്.എൻ സ്വാമി മമ്മൂട്ടിക്ക് നൽകിയിട്ടുണ്ട്. ഈയിടെ ഇറങ്ങി വലിയ വിജയമായ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തെ കുറിച്ച് പറയുകയാണ് എസ്.എൻ. സ്വാമി.

നായക സങ്കല്പങ്ങൾ തകർക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് മമ്മൂട്ടിയെന്നും നാച്ചുറൽ വേഷങ്ങൾ ചെയ്യാനാണ് മമ്മൂട്ടി ആഗ്രഹിക്കുന്നതെന്നും എസ്.എൻ. സ്വാമി പറഞ്ഞു. ഭ്രമയുഗം പ്രേക്ഷകർ സ്വീകരിച്ചതിനെ കുറിച്ചും ദി ഫോർത്ത് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ഭ്രമയുഗം എന്ന പടം. അതിൽ മമ്മൂട്ടി ഭൂലോക വില്ലനാണ്. ആ പടം നല്ല വിജയവും നേടി. ഇഷ്ടംപോലെ ആളുകൾ നല്ല അഭിപ്രായം പറഞ്ഞു. പക്ഷെ മമ്മൂട്ടിയെ ആരും കുറ്റപ്പെടുത്തിയില്ല. കാരണം. അതൊരു കഥാപാത്രം മാത്രമാണ്.

വെറുക്കാനുള്ള കഥാപാത്രമല്ല അത്. മമ്മൂട്ടി നായക സങ്കല്പങ്ങൾ തകർക്കണമെന്ന് കരുതുന്ന ഒരാളാണ്. ഹീറോയിസം എന്ന് പറയുന്ന കാര്യത്തിന് പുള്ളി അങ്ങനെ വലിയ വില കല്പിക്കുന്നില്ല. പുള്ളിക്കിഷ്ടം നാച്ചുറലായിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ്.

ജനങ്ങൾക്ക് മനസിലാവുന്ന ആളുകൾക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമകളാവണം എന്നാണ് പുള്ളിയുടെ ആഗ്രഹം. അമാനുഷികത്വം ഒന്നും പാടില്ല എന്നൊക്കെ ഉണ്ടായിരുന്നു. എന്നാലും ഇടയ്ക്കൊക്കെ ചില ഗുസ്തി പടങ്ങളും പുള്ളി ചെയ്യാറുണ്ട്,’എസ്.എൻ. സ്വാമി പറയുന്നു.

അതേസമയം എസ്.എൻ.സ്വാമി ആദ്യമായി സംവിധാനം ചെയ്ത സീക്രെട്ട് എന്ന ചിത്രം ഈയിടെ തിയേറ്ററുകളിൽ എത്തിയിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൻ അപർണ ദാസ്, ഗ്രിഗറി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Content Highlight: S.n.swami Talk about Performance Of  Mammootty In Bramayugam