ന്യൂദല്‍ഹി: കര്‍ഷക സമരത്തെ അനുകൂലിച്ച് സ്വീഡിഷ് കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് വിഷയത്തില്‍ പ്രതികരിച്ച് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ‘ടൂള്‍കിറ്റ്’ ഒരുപാട് കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ടൂള്‍കിറ്റ് ഒരുപാട് കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. ഇനിയും പലതും പുറത്തുവരാനുണ്ട്. തങ്ങള്‍ക്ക് കൂടുതല്‍ അറിയാത്ത കാര്യങ്ങളെക്കുറിച്ചുള്ള ചില സെലിബ്രിറ്റികളുടെ പരാമര്‍ശങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചതിന് വ്യക്തമായ കാരണമുണ്ട്’, ജയശങ്കര്‍ പറഞ്ഞു.
നേരത്തെ കര്‍ഷക സമരത്തെ അനുകൂലിച്ചു കൊണ്ടുള്ള ഗ്രെറ്റ തന്‍ബര്‍ഗിന്റെ ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നില്‍ ഖലിസ്താന്‍ അനുകൂല സംഘടനയെന്ന ആരോപണവുമായി ദല്‍ഹി പൊലീസ് രംഗത്തെത്തിയിരുന്നു.
ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നില്‍ കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന സംഘടനയുടെ ഇടപെടലുണ്ട് എന്നാണ് ദല്‍ഹി പൊലീസ് ആരോപിക്കുന്നത്.
രാജ്യത്ത് സാമൂഹിക അസ്വാസ്ഥ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ആണ് ടൂള്‍കിറ്റ് തയ്യാറാക്കിയതെന്നാണ് പൊലീസിന്റെ വാദം.
കര്‍ഷക പ്രതിഷേധത്തിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഗ്രെറ്റ തന്‍ബര്‍ഗനെതിരെ ദല്‍ഹി പൊലീസ് കേസെടുത്തത്.
ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 120 ബി, 153-എ എന്നിവ പ്രകാരമാണ് ദല്‍ഹി പൊലീസ് ഗ്രെറ്റയ്ക്കെതിരെ കേസെടുത്തത്. ഗ്രെറ്റ വിദ്വേഷ പ്രചാരണവും ഗൂഢാലോചനയും നടത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.
കേസെടുത്താലും താന്‍ എപ്പോഴും കര്‍ഷകര്‍ക്കൊപ്പം തന്നെ എന്നായിരുന്നു ഗ്രെറ്റ പ്രതികരിച്ചത്.
‘ഞാന്‍ കര്‍ഷകരോടൊപ്പം നില്‍ക്കുന്നു. അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. വിദ്വേഷമോ, ഭീഷണികളോ, മനുഷ്യാവകാശ ലംഘനങ്ങളോ ഈ തീരുമാനത്തില്‍ മാറ്റം വരുത്തില്ല. #farmersprotest’, അവര്‍ വ്യക്തമാക്കി.
അതേസമയം കര്‍ഷക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.ഖാസിപ്പൂരില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഒക്ടോബര്‍ രണ്ട് വരെ തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു. സമരം അക്രമാസക്തമാകില്ലെന്നും സമാധാനപരമായി തന്നെ മുന്നോട്ടുപോകുമെന്നും ടികായത് പറഞ്ഞു.
‘ഖാസിപ്പൂരിലെ പാടങ്ങള്‍ ഞങ്ങള്‍ ഉഴുതുമറിച്ച് കൃഷി ആരംഭിക്കും. പ്രദേശത്തെ കര്‍ഷകരെയും ഒപ്പം കൂട്ടും’, ടികായത് പറഞ്ഞു.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിച്ചിരുന്നു. മൂന്നു മണിക്കൂര്‍ നേരത്തേക്കായിരുന്നു ഉപരോധം.
ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്ന് മണിവരെയാണ് വാഹനങ്ങള്‍ ഉപരോധിച്ചത്. സമാധാനപരമായിരിക്കണം ഉപരോധമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു.
വഴിതടയല്‍ സമരത്തിനിടെ സംഘര്‍ഷമുണ്ടായത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സി.പി.ഐ നേതാവ് ആനി രാജയടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ കരുതല്‍ തടങ്കലിലാണെന്നാണ് പുറത്തുവരുന്ന വിവരം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക