Daily News
മതിവരുവോളം പാടി, ഇനി വിശ്രമിക്കാം; സംഗീതജീവിതം അവസാനിപ്പിക്കുന്നതായി എസ്. ജാനകി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Sep 22, 06:52 am
Thursday, 22nd September 2016, 12:22 pm

ഇത് തന്റെ അവസാനത്തെ ഗാനമാണ്. ഇനി ഒരു റെക്കോഡിങ്ങും ഉണ്ടാകില്ല. സ്‌റ്റേജ് ഷോകളിലും ഇനി പാടില്ല. എനിക്ക് പ്രായമായി


മതിയാവോളം പാടിയെന്നും ഇനി വേണ്ടത് വിശ്രമമാണെന്നും തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി. 60 വര്‍ഷം നീണ്ടുനിന്ന സംഗീത ജീവിതത്തിന് അവസാനം കുറിക്കാന്‍ സമയമായെന്നാണ് എസ്. ജാനകി പറയുന്നത്.

അനൂപ് മേനോനും മീര ജാസ്മിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “10 കല്‍പനകള്‍” എന്ന ചിത്രത്തിനുവേണ്ടി ഒരു താരാട്ടുപാട്ടു പാടിയാണ് എസ്.ജാനകി കരിയര്‍ അവസാനിപ്പിക്കുന്നത്.

ഇത് തന്റെ അവസാനത്തെ ഗാനമാണ്. ഇനി ഒരു റെക്കോഡിങ്ങും ഉണ്ടാകില്ല. സ്‌റ്റേജ് ഷോകളിലും ഇനി പാടില്ല. എനിക്ക് പ്രായമായി. നിരവധി ഭാഷകളില്‍ പാടാനുള്ള ഭാഗ്യമുണ്ടായി. മതിവരുവോളം പാടി. ഇനി വിശ്രമമാണ് ആവശ്യം. അതിനായി കരിയര്‍ വിടുകയാണ്. -ജാനകിയമ്മ പറയുന്നു.

1957 ലാണ് എസ്. ജാനകി സിനിമാസംഗീതലോകത്തേക്ക് കടക്കുന്നത്. മലയാളം തെലുങ്ക് തമിഴ് ഭാഷകളിലായി 48000 ത്തോളം ഗാനങ്ങള്‍ അവര്‍ പാടി. 32 സ്റ്റേറ്റ് അവാര്‍ഡുകളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

അവസാന ഗാനമായി എന്തുകൊണ്ടാണ് ഒരു മലയാളഗാനം തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് ഇതൊരു മുന്‍കൂട്ടിയുള്ള തീരുമാനമായിരുന്നില്ലെന്ന് അവര്‍ പറഞ്ഞു.

“സംഗീതജീവിതം ഒരുദിവസം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരിക്കുമ്പോഴാണ് ഈ ഗാനം എന്നെതേടിയെത്തിയത്. അതൊരു താരാട്ടായിരുന്നു. എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്ന്. അത് പാടി റെക്കോര്‍ഡ് ചെയ്തതിന് ശേഷം മറ്റ് ഓഫറുകളൊന്നും ഞാന്‍ സ്വീകരിച്ചില്ല.-ജാനകിയമ്മ പറയുന്നു. -മിഥുന്‍ ഈശ്വറാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.