Sports News
ഡിവില്ലിയേഴ്‌സിനെയും തൂക്കിയടിച്ച് വീണ്ടും ഇരട്ട റെക്കോഡ്; പ്രോട്ടിയാസിനെ തകര്‍ക്കാന്‍ അഫ്ഗാനിസ്ഥാനും!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 21, 01:15 pm
Friday, 21st February 2025, 6:45 pm

ചാമ്പ്യന്‍സ് ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ സൗത്ത് ആഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുകയാണ്. പാകിസ്ഥാനിലെ നാഷണല്‍ ബാങ്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ പ്രോട്ടിയാസിന്റെ ബാറ്റിങ് അവസാനിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് ആണ് നേടിയത്. ടീമിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണ്‍ റിയാന്‍ റിക്കില്‍ടണ്‍ ആണ്. 106 പന്തില്‍ നിന്ന് ഒരു സിക്‌സും 7 ഫോറും ഉള്‍പ്പെടെ 103 റണ്‍സാണ് താരം നേടിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പ്രോട്ടിയാസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്വന്തമാക്കിയത്. ആദ്യമായിട്ടാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ സൗത്ത് ആഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഒരു സെഞ്ച്വറി നേടുന്നത്. അതേസമയം ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആകാനും റയാന്‍ റിക്കില്‍ടണ്ണിന് സാധിച്ചു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍

റയാന്‍ റിക്കെല്‍ട്ടണ്‍ – 103

എ.ബി. ഡിവില്ലിയേഴ്സ് – 70

മാര്‍ക്ക് ബൗച്ചര്‍ – 69

മാത്രമല്ല ചാമ്പ്യന്‍സ് ട്രോഫിയില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ സൗത്ത് ഫ്രിക്കന്‍ താരമാണ് അദ്ദേഹം.

ചാമ്പ്യന്‍സ് ട്രോഫിയില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയതാരങ്ങള്‍

ജാക്‌സ് കാലിസ്

ഹെര്‍ഷല്‍ ഗിബ്‌സ് (3 തവണ)

ഗ്രെയിം സ്മിത്ത്

ഹാഷിം അംല

റയാന്‍ റിക്കല്‍ട്ടണ്‍

റാഷിദ് ഖാന്‍ ഒരു റണ്‍ ഔട്ടിലൂടെയാണ് റിയാനെ പുറത്താക്കിയത്. താരത്തിന് പുറമേ പ്രോട്ടിയാസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ തെംബ ബാവുമയാണ്. 76 പന്തില്‍ നിന്ന് 5 ഫോര്‍ ഉള്‍പ്പെടെ 58 റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്. മാത്രമല്ല ടീമിനുവേണ്ടി നാലാമനായി ഇറങ്ങിയ റാസി വാണ്ടര്‍ ഡസന്‍ 46 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 52 റണ്‍സും നേടി അര്‍ധ സെഞ്ച്വറി നേടിയാണ് പുറത്തായത്.

ടീമിനു വേണ്ടി 52 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രവും മികവ് പുലര്‍ത്തിയാണ് പുറത്താകാതെ നിന്നത്. ഡേവിഡ് മില്ലര്‍ 14 റണ്‍സും നേടി.

അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് നബിയാണ് വിക്കറ്റ് വീഴ്ത്തി തുടങ്ങിയത്. ടോണി ഡി സോസിയെ 11 റണ്‍സിനാണ് താരം പറഞ്ഞയച്ചത്. ശേഷം ക്യാപ്റ്റനെയും നബി പുറത്താക്കി. നൂര്‍ അഹമ്മദ് റാസിയെയും പുറത്താക്കി. ഫസല്‍ ഹഖ് ഫറൂഖി, അസ്മത്തുള്ള ഒമര്‍സായി എന്നിവര്‍ ഓരോ വിക്കറ്റുകളും നേടിയിരുന്നു.

 

Content Highlight: Ryan Rickelton In Record Achievement For South Africa In Champions Trophy