മോസ്‌കോ: ടെലഗ്രാം മേധാവി പവേല്‍ ദുരോവിന്റെ അറസ്റ്റിന് പിന്നില്‍ പെന്റഗണ്‍(യു.എസ് പ്രതിരോധ മന്ത്രാലയം) ആണെന്ന ആരോപണവുമായി റഷ്യന്‍ പാര്‍ലമെന്റ് ചെയര്‍മാനും എം.പിയുമായ വ്യാചെസ്‌ലാവ് വൊളോഡിന്‍.
യു.എസ് എല്ലാ സാമൂഹ്യമാധ്യമങ്ങളുടേയും മേല്‍ സമ്പൂര്‍ണ നിയന്ത്രണം ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ടെലഗ്രാം അതിന് വിധേയമാകാതിരുന്നതിനാലാണ് പവേല്‍ ദുരോവിനെ അറസ്റ്റ് ചെയ്തതെന്നും റഷ്യന്‍ എം.പി ആരോപിച്ചു.
പവേല്‍ ദുരോവ്
‘നവംബറില്‍ നടക്കുന്ന യു.എസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ജോ ബൈഡന് ടെലഗ്രാമിന് മേല്‍ ആധിപത്യം സ്ഥാപിക്കണമായിരുന്നു. കാരണം അമേരിക്കയ്ക്ക് യാതൊരുവിധ നിയന്ത്രണവുമില്ലാത്ത ഏക ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമാണ് ടെലഗ്രാം.
അതേസമയം അമേരിക്കയ്ക്ക് താല്‍പര്യമുള്ള പലരാജ്യങ്ങളിലും ടെലഗ്രാം പ്രവര്‍ത്തിക്കുന്നുമുണ്ട് എന്നതും അവരുടെ അനിഷ്ടത്തിന് കാരണമാണ്. എന്നാല്‍ ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടെലഗ്രാമില്‍ നിന്ന് ഡാറ്റകള്‍ കൈപ്പറ്റാന്‍ ഇതുവരെ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിനോ സി.ഐ.എക്കോ സാധിച്ചിട്ടില്ല,’ വ്യചെസ്‌ലാവ് വൊളേഡിന്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ടെലഗ്രാം സഹസ്ഥാപകനും സി.ഇ.ഒയുമായ പവേല്‍ ദുരോവ് പാരിസിലെ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റിലാവുന്നത്. അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് സ്വകാര്യവിമാനത്തില്‍ പാരിസില്‍ എത്തിയതായുരുന്നു ദുരോവ്. ടെലഗ്രാം വഴി നടക്കുന്ന ക്രിമിനല്‍ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ആപ്പിന്റെ നിര്‍മാതാക്കള്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
മയക്കുമരുന്ന് കടത്ത്, തട്ടിപ്പ്, സൈബര്‍ ബുള്ളിയിങ്, സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഫ്രാന്‍സിലെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന ഏജന്‍സിയായ ഒ.എഫ്.എം.ഐ.എന്‍ ആണ് ദുരോവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
അതേസമയം പവേലിന്റെ അറസ്റ്റിന് പിന്നില്‍ യു.എസ് ആണെന്ന് അദ്ദേഹത്തിന്റെ മുന്‍ പ്രസ് സെക്രട്ടറി ജോര്‍ജി ലബോഷ്‌കിനും ആരോപിച്ചിരുന്നു. ദീര്‍ഘകാലമായി യു.എസ് പവേലിനെ നോട്ടമിട്ടിരുന്നതായും അതിനാല്‍ അറസ്റ്റിന് പിന്നില്‍ അവര്‍ തന്നെയാണെന്നുമായിരുന്നു ലോബോഷ്‌കിന്‍ പ്രതികരിച്ചത്.
എന്നാല്‍ ദുരോവിന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അറസ്റ്റ് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ടെലഗ്രാം മേധാവിയുടെ അറസ്റ്റിന് പിന്നാലെ ടെലിഗ്രാമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇന്ത്യന്‍ സൈബര്‍ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം എന്നീ വകുപ്പുകള്‍ക്ക് കീഴിലാവും അന്വേഷണം.