Film News
സയന്‍സ് ഫിക്ഷനും ആറ്റം ബോംബുമൊക്കെ വിട്ടു, ഇനി നോളന്റെ ലക്ഷ്യം വാമ്പയര്‍മാര്‍?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 27, 04:59 pm
Sunday, 27th October 2024, 10:29 pm

ലോകസിനിമയിലെ ഏറ്റവും മികച്ച ഫിലിംമേക്കര്‍മാരില്‍ ഒരാളാണ് ക്രിസ്റ്റഫര്‍ നോളന്‍. ആദ്യ ചിത്രമായ ഫോളോയിങ് മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഓപ്പന്‍ഹൈമറില്‍ വരെ വ്യത്യസ്തമായ പലതും പരീക്ഷിക്കുന്നയാളാണ് ക്രിസ്റ്റഫര്‍ നോളന്‍. റിവേഴ്‌സ് സ്‌റ്റോറിടെല്ലിങ്ങില്‍ ഇന്നും പലരെയും അമ്പരപ്പിക്കുന്ന മെമന്റോ,സ്വപ്‌നസഞ്ചാരത്തിന്റെ പുതിയ തലങ്ങള്‍ കാട്ടിത്തന്ന ഇന്‍സെപ്ഷന്‍, സ്‌പേസ് സിനിമകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്റര്‍സ്റ്റെല്ലാര്‍, ബാറ്റ്മാനെ പുതിയ രീതിയില്‍ അവതരിപ്പിച്ച ഡാര്‍ക്ക് നൈറ്റ് ട്രിലോജി എന്നിവ നോളന്റെ മികച്ച വര്‍ക്കുകളാണ്.

ഐമാക്‌സ് ഫിലിം ക്യമാറയില്‍ ഷൂട്ട് ചെയ്ത ഓപ്പന്‍ഹൈമര്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമാനുഭവങ്ങളിലൊന്നായി മാറുകയും അക്കാദമി അവാര്‍ഡില്‍ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തിരുന്നു. ഓപ്പന്‍ഹൈമറിന് ശേഷം നോളന്റെ അടുത്ത ചിത്രം ഏതാകുമെന്ന ചര്‍ച്ച സിനിമാലോകത്തെ ചൂടുപിടിപ്പിച്ചിരുന്നു. ഇപ്പോഴിതാ നോളന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

ഹൊറര്‍ ഡ്രാമാ ഴോണറില്‍ വാമ്പയര്‍ ചിത്രമാണ് നോളന്‍ ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 1920കളില്‍ നടക്കുന്ന പീരിയഡ് ഡ്രാമാ ചിത്രമായിട്ടാകും ഇത് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള എന്ന നോവലിനെ ആസ്പദമാക്കിയാകും ചിത്രം ഒരുങ്ങുന്നതെന്നുള്ള റൂമറുകളും പുറത്തുവരുന്നുണ്ട്. അടുത്ത വര്‍ഷം തുടക്കത്തില്‍ മാത്രമേ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുള്ളൂ.

മാര്‍വലിന്റെ പുതിയ സ്‌പൈഡര്‍മാനായി പലരുടെയും മനം കവര്‍ന്ന ടോം ഹോളണ്ടാകും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. നോളന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ മാറ്റ് ഡാമനും ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓരോ സിനിമയും പ്രേക്ഷകര്‍ക്ക് നൂതനമായ അനുഭവം സമ്മാനിക്കുന്ന നോളന്‍ ആദ്യമായി ഹൊറര്‍ ഴോണര്‍ പരീക്ഷിക്കുന്നതിന്റെ ത്രില്ലില്ലാണ് സിനിമാപ്രേമികള്‍.

ചിത്രത്തിന്റെ സംഗീതം ആരാകുമെന്ന് അറിയാനും പലരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡന്‍കിര്‍ക്കിന് ശേഷം ഹാന്‍സ് സിമ്മര്‍ നോളനൊപ്പം ഒന്നിക്കുമോ അതോ ലുഡ്‌വിഗ് ഗൊരാന്‍സനൊപ്പം ഹാട്രിക് കോമ്പോയാകുമോ എന്നുള്ളതാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. സംഗീതപ്രേമികളെ രോമാഞ്ചം കൊള്ളിച്ച കോമ്പോയാണ് രണ്ടും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content  Highlight: Rumors that Christopher Nolan’s next film will be a period Vampire drama