നെറ്റ്ഫ്‌ലിക്‌സിലും ആമസോണിലും 'ദേശ വിരുദ്ധ', 'ഹിന്ദു വിരുദ്ധ' ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആര്‍.എസ്.എസ്; 'യഥാര്‍ത്ഥ ഇന്ത്യന്‍ സംസ്‌ക്കാരത്തെ കാണിക്കണം'
national news
നെറ്റ്ഫ്‌ലിക്‌സിലും ആമസോണിലും 'ദേശ വിരുദ്ധ', 'ഹിന്ദു വിരുദ്ധ' ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആര്‍.എസ്.എസ്; 'യഥാര്‍ത്ഥ ഇന്ത്യന്‍ സംസ്‌ക്കാരത്തെ കാണിക്കണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th October 2019, 2:23 pm

ന്യൂദല്‍ഹി: രാജ്യത്തെ പ്രധാന ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളായ നെറ്റഫ്‌ലിക്‌സിലെയും ആമസോണിലെയും ഉദ്യോഗസ്ഥരുമായി കൂടികാഴ്ച്ച നടത്തി ആര്‍.എസ്.എസ് പ്രതിനിധികള്‍. മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കം ‘യഥാര്‍ത്ഥ ഇന്ത്യന്‍ സംസ്‌ക്കാരത്തെയും ധാര്‍മ്മികത’യെയും കാണിക്കുന്നതായിരിക്കണമെന്നും ദേശ വിരുദ്ധ, ഹിന്ദു വിരുദ്ധ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഉള്ളടക്കം നിരോധിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ നാല് മാസങ്ങളിലായി ന്യൂദല്‍ഹിയിലും മുംബൈയിലും ഇത് സംബന്ധിച്ച് ആര്‍.എസ്.എസ് പ്രതിനിധികള്‍ ആറോളം ചര്‍ച്ചകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും എക്‌ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് തല്‍പ്പരകക്ഷികളോട് അന്വേഷിക്കുകയും ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഇത് സംബന്ധിച്ച് ചര്‍ച്ചയും നടത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീര്‍ വിഷയത്തിലെ ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിക്കുന്നതോ അല്ലെങ്കില്‍ ഇന്ത്യന്‍ സൈന്യത്തെയോ ഹൈന്ദവ ചിഹ്നങ്ങളെയോ അപകീര്‍ത്തിപ്പെടുത്തുന്നതുമായ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലൈല എന്ന സീരീസ് സംപ്രേഷണം ചെയ്തതുമായുണ്ടായ വിവാദത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് പ്രതിനിധികള്‍ നെറ്റ്ഫ്‌ലിക്‌സുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ദേശ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കമ്പനി അധികൃതരെ അറിയിച്ചതായും എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആള്‍കൂട്ട ആക്രമണങ്ങള്‍ ഹിന്ദു ദേശീയവാദികളുമായി ബന്ധിപ്പിച്ച് ചിത്രീകരിക്കുന്ന രീതിയെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് വിമര്‍ശിച്ചിരുന്നു. ന്യൂനപക്ഷ വികാരം മുതലെടുക്കാന്‍ ഇത് സഹായിക്കുമെന്നാണ് ആര്‍.എസ്.എസ് നിലപാട്.

സീ 5, ഉല്ലു ടി.വി തുടങ്ങിയ മാധ്യമങ്ങളുമായും ആര്‍.എസ്.എസ് കൂടികാഴ്ച്ച നടത്തിയെന്നും ഇന്ത്യന്‍ കാഴ്ച്ചക്ക് അനുയോച്യമല്ലാത്ത ഉള്ളടങ്ങള്‍ ഉള്‍പ്പെടുത്തിയവ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായും ആര്‍.എസ്.എസ് പ്രതിനിധി അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ