ഊബറിന്റെയും ഒലയുടെയും നിരക്ക് വര്‍ധന അവസാനിപ്പിക്കണം; ഗഡ്കരിക്ക് കത്തുമായി ആര്‍.എസ്.എസിന്റെ സാമ്പത്തിക സംഘടന
national news
ഊബറിന്റെയും ഒലയുടെയും നിരക്ക് വര്‍ധന അവസാനിപ്പിക്കണം; ഗഡ്കരിക്ക് കത്തുമായി ആര്‍.എസ്.എസിന്റെ സാമ്പത്തിക സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th September 2019, 9:28 pm

ന്യൂദല്‍ഹി: ഊബറിന്റെയും ഒലയുടെയും നിരക്കുവര്‍ധനയ്‌ക്കെതിരെ ആര്‍.എസ്.എസിന്റെ സാമ്പത്തിക സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് (എസ്.ജെ.എം). തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാരില്‍ നിന്ന് ഊബറും ഒലയും മൂന്നിരട്ടി നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും എസ്.ജെ.എം ആവശ്യപ്പെട്ടു.

മോട്ടോര്‍ വാഹന ഭേദഗതി നിയമപ്രകാരം നിരക്ക് സംബന്ധിച്ച് പുതിയ ചട്ടമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് എസ്.ജെ.എം കത്തയച്ചുകഴിഞ്ഞു.

ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കാനാണ് ഇതെന്ന് എസ്.ജെ.എം അഖിലേന്ത്യാ കോ-കണ്‍വീനര്‍ അശ്വനി മഹാജന്‍ പറഞ്ഞു.

‘2014-15 കാലഘട്ടത്തിലാണ് ഊബറും ഒലയും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആറുമിനിറ്റ് ദൈര്‍ഘ്യമുള്ള മുംബൈയിലെ ഒരു യാത്രയ്ക്ക് രണ്ടായിരം രൂപയുടെ നിരക്ക് ഈടാക്കിയതായുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് അന്യായമാണ്.’- കത്തില്‍ പറയുന്നു.

ആപ്പുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്ന ടാക്‌സി സേവനങ്ങളില്‍ യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടത്തിയ പബ്ലിക് സര്‍വേയും മഹാജന്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

തിരക്കുള്ള സമയങ്ങളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ നിരക്കുവര്‍ധന പാടില്ലെന്നാണു ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് സര്‍വേയില്‍ കണ്ടെത്തിയതായി കത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യാത്രക്കാരന്‍ യാത്ര റദ്ദാക്കിയാല്‍ നിരക്കിന്റെ 20 ശതമാനം പിഴയായി ഈടാക്കുന്നതിനു മാത്രമേ അനുവദിക്കാവൂ എന്നും ആവശ്യമുണ്ട്.

ഇന്ത്യയിലെ വാഹന വിപണി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം ഇന്ത്യയിലെ പുതുതലമുറയിലുള്ളവര്‍ യാത്ര ഊബര്‍, ഒല ടാക്സികളിലേക്ക് മാറ്റിയതുകൊണ്ടാണെന്ന കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞത് അടുത്തിടെ വിവാദമായിരുന്നു.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ, വാഹന വിപണിയുടെ മാന്ദ്യത്തിന്റെ കാരണം 1980-കളുടെ അവസാനത്തിലും 90-കളുടെ ആദ്യത്തിലും ജനിച്ച തലമുറ (മില്ലേനിയല്‍സ്) ആണെന്നായിരുന്നു നിര്‍മല പറഞ്ഞത്.

ഇതിന് പിന്നാലെ ‘മില്ലേനിയല്‍സിനെ ബഹിഷ്‌കരിക്കുക’ #BoycottMillenials ‘നിര്‍മലാമ്മയുടേതു പോലെ പറയുക’ #SayItLikeNirmalaTai എന്നീ ഹാഷ് ടാഗുകളില്‍ രൂക്ഷമായ പരിഹാസമാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിരവധി കാരണങ്ങള്‍ വാഹന വ്യവസായരംഗത്തെ ബാധിക്കുന്നുണ്ടെന്നും അവ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നുമായിരുന്നു നിര്‍മലാ സീതാരാമന്‍ പറഞ്ഞത്.

കുറ്റം മില്ലേനിയല്‍സിനെങ്കില്‍ അവരെ ബഹിഷ്‌കരിക്കണമെന്ന പ്രതികരണവുമായാണ് നിര്‍മലയുടെ വാദത്തെ സോഷ്യല്‍ മീഡിയ നേരിട്ടത്. മില്ലേനിയന്‍സ് ശ്വസിക്കുന്നതു കൊണ്ട് രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമമുണ്ടാകുന്നുവെന്നും അതിനാല്‍ അവരെ ബഹിഷ്‌കരിക്കണമെന്നും എന്നുമാണ് ഉയര്‍ന്ന പരിഹാസങ്ങളിലൊന്ന്.

ഇവര്‍ അടിവസ്ത്രം ധരിക്കാത്തതു കൊണ്ടാണോ വസ്ത്രനിര്‍മാണ രംഗത്ത് തകര്‍ച്ചയുണ്ടായത് എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തിയിരുന്നു.

മില്ലേനിയല്‍സ് രാവിലെ കൂടുതല്‍ ഓക്‌സിജന്‍ ശ്വസിക്കുന്നതിനാല്‍ ഓക്‌സിജന്‍ പ്രതിസന്ധി ഉണ്ടാകാന്‍ ഇടയുണ്ട്, മില്ലേനിയല്‍സ് ബുള്ളറ്റ് ട്രെയിന്‍ കാത്തിരിക്കുന്നതു കൊണ്ടാണ് വിമാന വ്യവസായം തകരുന്നത് , മില്ലേനിയല്‍സ് ഓയോ ഉപയോഗിക്കുന്നതു കൊണ്ടാണ് റിയല്‍ എസ്റ്റേറ്റ് രംഗം തകര്‍ച്ച നേരിടുന്നത്, മില്ലേനിയല്‍സ് ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നതിനാലാണ് ഭക്ഷണവിപണി ഗതിപിടിക്കാത്തത്… എന്നിങ്ങനെയായിരുന്നു പരിഹാസങ്ങള്‍.