ബുക്ക് ചെയ്ത റൂമുകൾ നൽകിയില്ല; ഓയോക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി
Kerala News
ബുക്ക് ചെയ്ത റൂമുകൾ നൽകിയില്ല; ഓയോക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2024, 8:39 am

കൊച്ചി: ഓൺലൈൻ ബുക്കിങ് അപ്ലിക്കേഷൻ മുഖേനെ മുൻകൂറായി മുറികൾ ബുക്ക് ചെയ്തിട്ടും റൂം നൽകാത്തതിനെ തുടർന്ന് ഓയോക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് പിഴയിട്ടത്. മുൻകൂറായി പണം വാങ്ങിയിട്ടും സേവനം നൽകാത്തത് അധാർമികമായ വ്യാപാര രീതിയാണെന്നും ഉപഭോക്താവിനെ കബളിപ്പിക്കുകയാണെന്നും കോടതി വിലയിരുത്തി.

ഒരു ലക്ഷം രൂപ നഷ്ട പരിഹാരവും പതിനായിരം രൂപ കോടതി ചെലവും ഈ മാസം മുപ്പതിനുള്ളിൽ നൽകണമെന്ന് എതിർ കക്ഷിയോട് കോടതി ഉത്തരവിട്ടു. ഒയോ റൂം, കൊല്ലം മംഗലത്ത് ഹോട്ടൽ എന്നീ സ്ഥാപനങ്ങൾക്കെതിരെ കൊച്ചിയിലെ അഭിഭാഷകനായ കെ.എസ് അരുൺ ദാസ് നൽകിയ പരാതിയിന്മേലാണ് നടപടി ഉണ്ടായിരിക്കുന്നത്. ഡി.ബി.ബിനു , വി.എൻ ശ്രീവിദ്യ , വി.രാമാചാന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.

കുട്ടികളും മാതാപിതാക്കളുമായി രാത്രിയിൽ ഹോട്ടലിൽ എത്തിയ തനിക്ക് റൂം നിഷേധിച്ചതോടെ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നെന്ന് പാരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചു.

ഭാര്യയും കുട്ടികളും മാതാപിതാക്കളും ഉൾക്കൊള്ളുന്ന പത്ത് അംഗ സംഘത്തിന് താമസിക്കാൻ  2933 രൂപ നൽകിയാണ് പരാതിക്കാരൻ കൊല്ലത്തെ മംഗലത്ത് ഹോട്ടലിൽ മുറികൾ ബുക്ക് ചെയ്തത്. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയപ്പോൾ മുറികൾ നൽകാൻ ഹോട്ടൽ ഉടമ തയ്യാറായില്ല.

ഒരു റൂമിന് 2,500 രൂപ വീതം അധികനിരക്ക് നൽകണമെന്നും അവർ ആവശ്യപ്പെട്ടെന്നും പരാതിക്കാരന് പറഞ്ഞു. ഇതോടെ കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമായി രാത്രി യാത്ര ചെയ്‌ത് മറ്റൊരു ഹോട്ടൽ കണ്ടുപിടിക്കേണ്ടി വരികയായിരുന്നു.

ഓയോ റൂം എന്ന സ്ഥാപനവുമായി നിലവിൽ ധാരണ ഇല്ലെന്ന് മംഗലത്ത് ഹോട്ടൽ ഉടമ കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദം തെളിയിക്കാൻ സാധിച്ചില്ല. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് അഭിഷേക് കുര്യൻ ഹാജരായി.

 

 

Content Highlight: Rooms booked were not provided; Oyo fined by consumer court