മെസിയെക്കാളും പൂർണതയുള്ള കളിക്കാരനാണ് റൊണാൾഡോ: ലിവർപൂൾ ഇതിഹാസം
football news
മെസിയെക്കാളും പൂർണതയുള്ള കളിക്കാരനാണ് റൊണാൾഡോ: ലിവർപൂൾ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th January 2023, 3:08 pm

റൊണാൾഡോയാണോ മെസിയാണോ മികച്ചവൻ എന്ന തർക്കം ഒരു പതിറ്റാണ്ടും കടന്ന് മുന്നോട്ട് പോകുമ്പോഴും ആരാധകർ രണ്ട് ചേരിയിൽ തന്നെ നിൽക്കുകയാണിപ്പോഴും, ലോകകപ്പ് കിരീടം സ്വന്തമാക്കിയതോടെയും യൂറോപ്പിൽ ഇപ്പോഴും മികച്ച ഫോമിൽ കളിക്കാൻ കഴിയുന്ന താരമെന്ന നിലയിലും മെസി റൊണാൾഡോയെക്കാൾ മികച്ചവനാണെന്ന വാദം ആരാധകർ ഉയർത്തുന്നുണ്ട്.

ഇതിന് കണക്കുകളുടെയും ടൈറ്റിൽ നേട്ടങ്ങളുടെയും സ്ഥിതി വിവരക്കണക്ക് വെച്ച് മറുപടി പറഞ്ഞ് റൊണാൾഡോ ആരാധകരും രംഗത്തുണ്ട്.
എന്നാലിപ്പോൾ മെസിയെക്കാൾ എന്തുകൊണ്ടും റൊണാൾഡോ സമ്പൂർണനായ കളിക്കാരനാണ് എന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ലിവർപൂൾ ഇതിഹാസ താരമായ മൈക്കൽ ഓവൻ.

കൂടാതെ അതിനുള്ള കാരണങ്ങളും അദ്ദേഹം വിശദമാക്കുന്നുണ്ട്. ബി.ടി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഓവൻ തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്.

ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്‌ മുതലായ ലോകോത്തര ക്ലബ്ബുകളിൽ കളിച്ചിട്ടുള്ള താരമാണ് മൈക്കൽ ഓവൻ.
“ഗോൾ നേടുക എന്നതാണ് ഫുട്ബോളിലെ ഏറ്റവും കടുപ്പമുള്ള കാര്യം.

എന്നാൽ റൊണാൾഡോ ഈ കാര്യം വളരെ എളുപ്പത്തിൽ നിർവഹിക്കുന്നുണ്ട്. തല കൊണ്ടും, വലത്- ഇടത് കാൽ കൊണ്ടുമൊക്കെ ഗോൾ നേടുക എന്ന തന്റെ ജോലി ഭംഗിയായി നിർവഹിക്കാൻ റൊണാൾഡോക്ക് കഴിയുന്നുണ്ട്.

മെസി തീർച്ചയായും മികച്ച താരമാണ്. പക്ഷെ കളിയിലെ മൊത്തത്തിലുള്ള പ്രകടനവും, ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടുള്ള സാഹചര്യങ്ങളും പരിശോധിച്ചാൽ റൊണാൾഡോ മെസിയെക്കാൾ മുൻ‌തൂക്കം പുലർത്തുന്നുണ്ട്,’ മൈക്കൽ ഓവൻ പറഞ്ഞു.

“റൊണാൾഡോ വളരെ വേഗതയുള്ള താരമാണ്. തല കൊണ്ടും ഇരു കാലുകൾ കൊണ്ടും ഗോൾ നേടാനുള്ള മികവിൽ റൊണാൾഡോക്കൊപ്പം തന്നെയാണ് മെസിയുടെ സ്ഥാനം എന്നത് സത്യമാണ്. പക്ഷെ മൊത്തത്തിലുള്ള കളി മികവിലും, ശാരീരിക ക്ഷമതയിലും മെസിയെക്കാൾ മുമ്പൻ റൊണാൾഡോ തന്നെയാണ്. അയാളോരു ഓൾ റൗണ്ടറാണ്,’ മൈക്കൽ ഓവൻ പറഞ്ഞു.

റൊണാൾഡോയും മെസിയും ചേർന്ന് ഇതുവരെ 12 ബാലൻ ഡി ഓർ പുരസ്കാരങ്ങളും 1397 ക്ലബ്ബ് ഗോളുകളും 216 രാജ്യാന്തര ഗോളുകളുമാണ്  സ്വന്തമാക്കിയിട്ടുള്ളത്.

ജനുവരി 19ന് നടക്കുന്ന ഓൾ സൗദി സ്റ്റാർ-പി.എസ്.ജി സന്നാഹ മത്സരത്തിൽ ഇരു താരങ്ങളും ഒരു നീണ്ട ഇടവേളക്ക് ശേഷം ഏറ്റുമുട്ടാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

 

Content Highlights:Ronaldo ismore complete player than Messi; A Liverpool legend