വീണ്ടും റെക്കോർഡ് ഫുട്ബോളിലെ റെക്കോർഡ് പുസ്തകത്തിൽ തന്റെ പേര് സ്വർണ ലിപികളിൽ എഴുതിച്ചേർത്തിരിക്കുകയാണ് സാക്ഷാൽ റൊണാൾഡൊ.
അൽ നസറിനായി അൽ വെഹ്ദക്കെതിരെ നടന്ന സൗദി പ്രൊ ലീഗ് മത്സരത്തിൽ നാല് ഗോളുകൾ നേടിയതോടെ ലീഗ് ടൂർണമെന്റുകളിൽ 500 ഗോൾ നേടിയ താരങ്ങളുടെ പട്ടികയിലേക്കാണ് റൊണാൾഡോ ഇടം പിടിച്ചിട്ടുള്ളത്.
പോർച്ചുഗീസ് ഇതിഹാസ താരം റൊണാൾഡോയായിരുന്നു മത്സരത്തിൽ നാല് ഗോളുകളും സ്വന്തമാക്കിയത്. മത്സരത്തിന്റെ 21,40,53 മിനിട്ടുകളിൽ പെനാൽട്ടിയിലൂടെ ഗോൾ നേടിയ റോണോ മത്സരം 61 മിനിട്ട് പിന്നിട്ടപ്പോൾ സെറ്റ് പീസിൽ നിന്നല്ലാതെയും അൽ വെഹ്ദയുടെ വല കുലുക്കി.
ഇതോടെയാണ് ലീഗ് മത്സരങ്ങളിൽ തന്റെ ഗോൾ നേട്ടം 500 എന്ന മാന്ത്രിക സംഖ്യയിലേക്കെത്തിക്കാൻ റൊണാൾഡോക്കായത്.
പെലെ, പുസ്കസ്, ജോസഫ് ബിക്കൻ, റൊമാറിയോ മുതലായ ഇതിഹാസ താരങ്ങളുടെ റെക്കോർഡിനൊപ്പമാണ് നിലവിൽ റൊണാൾഡോ ഇടം പിടിച്ചിട്ടുള്ളത്. നിലവിൽ ലീഗ് ഫുട്ബോളിൽ 500 ഗോളുകൾ നേടുന്ന അഞ്ചാമത്തെ മാത്രം താരമാണ് റോണോ.
604 ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസം പെലെയാണ് ഏറ്റവും കൂടുതൽ ലീഗ് ഗോളുകൾ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുള്ളത്.പെലെ 604 ഗോളുകളുമായി ഒന്നാം സ്ഥാനത്തുള്ളപ്പോൾ 544 ഗോളുകളുമായി റോമാരിയോ രണ്ടാം സ്ഥാനത്തും ഉള്ളപ്പോൾ ബീക്കൻ മൂന്നാം സ്ഥാനവും പുസ്കസ് നാലാം സ്ഥാനത്തുമാണുള്ളത്. പുസ്കസിന്റെ റെക്കോർഡിനൊപ്പമെത്താൻ റൊണാൾഡോക്ക് ഇനി 14 ഗോളുകൾ കൂടി സ്വന്തമാക്കിയാൽ മതി.
എന്നാൽ റൊണാൾഡോയുടെ സമകാലികനും റോണോയുടെ എതിരാളി എന്ന് ഫുട്ബോൾ ലോകം വിലയിരുത്തുന്ന താരവുമായ മെസിക്ക് ലീഗ് ഫുട്ബോളിൽ നിന്നും ഇതുവരെ 490 ഗോളുകൾ മാത്രമേ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളു.
അൽ വെഹ്ദക്കെതിരെ നാല് ഗോൾ നേടിയതോടെ പ്രൊ ലീഗിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകൾ സ്വന്തമാക്കാൻ റൊണോക്കായി. കൂടാതെ 2023ൽ ഇതുവരെ മൊത്തം നേടിയ ഗോൾ എണ്ണത്തിൽ മെസിയെ മറികടക്കാനും റൊണാൾഡോക്ക് സാധിച്ചു.
ആറ് മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകൾ ഈ വർഷം ഇതുവരെ മെസി സ്വന്തമാക്കിയപ്പോൾ നാല് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകളാണ് റൊണാൾഡോയുടെ സമ്പാദ്യം. കൂടാതെ അൽ വെഹ്ദക്കെതിരെ നേടിയ ഗോളിലൂടെ തന്റെ വീക്ക് ലെഗ്ഗിൽ നിന്നും മാത്രം ഇതുവരെ 152 ഗോളുകൾ നേടി. ഇപ്പോൾ കരിയറിൽ 61 ഹാട്രിക്കാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. മുപ്പത് വയസ്സിന് മുമ്പും ശേഷവുമായാണ് അദ്ദേഹം മുപ്പത് ഹാട്രിക്കുകൾ വീതം സ്വന്തമാക്കിയത്.
നിലവിൽ 503 ലീഗ് ഗോളുകളാണ് റൊണാൾഡോയുടെ പേരിലുള്ളത്. അതിൽ 311 ഗോളുകൾ ലാ ലിഗയിൽ നിന്നും 103 ഗോളുകൾ സീരി.എയിൽ നിന്നും 81 ഗോളുകൾ പ്രീമിയർ ലീഗിൽ നിന്നും അഞ്ച് ഗോളുകൾ സൗദി പ്രൊ ലീഗിൽ നിന്നുമാണ് റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്.
പ്രൊ ലീഗിലേ ആദ്യ രണ്ട് മത്സരങ്ങളിൽ ഗോളുകൾ നേടാൻ സാധിക്കാത്തിരുന്നതോടെ റൊണാൾഡോക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്ന് വന്നത്. പി.എസ്. ജിക്കെതിരെ റിയാദ് ഇലവനെതിരെ ഗംഭീര പ്രകടനം നടത്തിയ താരത്തിൽ നിന്നും പിന്നീട് ആ രീതിയിലുള്ള പ്രകടനം കാണാൻ സാധിക്കാത്തിരുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.
എന്നാലിപ്പോൾ വിമർശകർക്ക് ആകമാനം മറുപടി നൽകികൊണ്ട് തന്റെ മികവും പ്രതിഭയും നഷ്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുകയാണ് റൊണാൾഡോ. ഇതോടെ താരത്തിൽ നിന്നും ഇനിയും മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കാം എന്ന വിശ്വാസത്തിലാണ് ആരാധകർ.
Content Highlights: Ronaldo again performed well and achieved a new record