ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടീം തെരഞ്ഞെടുപ്പില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഓപ്പണറായി കെ.എല്. രാഹുലിനെയും വിക്കറ്റ് കീപ്പറായി റിഷബ് പന്തിനെയും എടുത്തതിനെതിരെ ആരാധകര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ മത്സരിച്ച അതേ ടീമില്‍ നിന്നും കുറച്ചുമാറ്റങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ ടീമിലുള്ളത്.
ലോകകപ്പിന് മുന്നോടിയായി ഓസീസിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും ഇന്ത്യന്‍ ടീം പരമ്പര കളിക്കുന്നുണ്ട്. ലോകകപ്പിന് മുന്നോടിയായി മികച്ച തയ്യാറെടുപ്പിനായാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്.
ചൊവ്വാഴ്ച മൊഹാലിയിലാണ് മത്സരം ആരംഭിക്കുന്നത്. ഏഷ്യാ കപ്പിലെ പോലെതന്നെ ഇന്ത്യന്‍ ടീം വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഏഷ്യാ കപ്പിലെ അവസാന മത്സരത്തില്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ഓപ്പണിങ്ങില്‍ കളിപ്പിച്ചിരുന്നു. അഫ്ഗാനെതിരെയുള്ള മത്സരത്തില്‍ താന്‍ മൂന്ന് വര്‍ഷമായി കാത്തിരുന്ന 71ാം സെഞ്ച്വറി വിരാട് സ്വന്തമാക്കുകയായിരുന്നു.
വിരാടിനെ ഓപ്പണറായി തന്നെ ഇന്ത്യ കളിപ്പിക്കണമെന്ന് ഒരുപാട് ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും നടക്കുന്നുണ്ട്. ഇതിനെ കുറിച്ച് പരിഗണനയിലുണ്ടെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറയുന്നത്.
ലോകകപ്പിന് ഓപ്ഷനുകള്‍ ഉണ്ടാകുന്നത് ടീമിന് ഗുണമുള്ള കാര്യമാണെന്നും എല്ലാ പൊസിഷനില്‍ മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങള്‍ക്കായി ഓപ്ഷനുകള്‍ ലഭ്യമാകുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണ്. ഒരു ലോകകപ്പിലേക്ക് പോകുമ്പോള്‍ ഫ്‌ളെക്‌സിബിളിറ്റിയുള്ളത് ടീമിന് ഗുണമുള്ള കാര്യമാണ്. എല്ലാപൊസിഷനിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ പുതിയ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, അതൊരു പ്രശ്‌നമാണെന്നല്ല അര്‍ത്ഥം,’ ഒരു പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കവേ രോഹിത് പറഞ്ഞു.
വിരാട് കോഹ്‌ലിയെ ഓപ്പണിങ്ങില്‍ ഇന്ത്യ പരിഗണിക്കുന്നുണ്ടെന്നും ടീമില്‍ മൂന്നാം ഓപ്പണറുടെ ഓപ്ഷന്‍ അദ്ദേഹമാണെന്നും രോഹിത് പറഞ്ഞു.
‘ഞങ്ങളെ സംബന്ധിച്ചിടത്തോളം, എല്ലാ കളിക്കാരുടെയും നിലവാരവും അവര്‍ ഞങ്ങള്‍ക്കായി എന്താണ് കൊണ്ടുവരുന്നതെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. വിരാടിനെ ഓപ്പണിങ് കളിപ്പിക്കുന്നത് ഞങ്ങള്‍ക്ക് ഒരു ഓപ്ഷനാണ്. ഞങ്ങള്‍ അത് എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. ഞങ്ങള്‍ ഒരു മൂന്നാം ഓപ്പണറെ എടുത്തിട്ടില്ല , അദ്ദേഹം ഐ.പി.എല്ലില്‍ തന്റെ ഫ്രാഞ്ചൈസിക്കായി ഓപ്പണിങ്ങില്‍ ഇറങ്ങാറുണ്ട്, അവന്‍ നന്നായി തന്നെ ബാറ്റ് ചെയ്യാറുമുണ്ട്. അതിനാല്‍ ഇത് ഞങ്ങള്‍ക്ക് ഒരു മികച്ച ഓപ്ഷനാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.പി.എല്ലിലും ഇന്ത്യന്‍ ടീമിലും വിരാട് ഓപ്പണിങ്ങില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. രോഹിത്തോ രാഹുലോ ഓപ്പണിങ്ങില്‍ പരാജയപ്പെട്ടാല്‍ വിരാടിന് ആ പൊസിഷനില്‍ ഇന്ത്യ പരീക്ഷിക്കുമെന്നുറപ്പാണ്.