ഇന്ത്യ- ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 47.5 ഓവറില്‍ 230 റണ്‍സ് നേടി പുറത്താവുകയായിരുന്നു.
14 പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് മാത്രമുള്ള സമയത്ത് അര്‍ഷ്ദീപ് സിങ് പുറത്താവുകയായിരുന്നു. ഇതോടെ വിജയം ഉറപ്പിച്ച ഇന്ത്യയുടെ കയ്യില്‍ നിന്നും വിജയം തട്ടിയെടുക്കുകയായിരുന്നു ശ്രീലങ്ക.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ 47 പന്തില്‍ 58 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്.
ഏകദിനത്തില്‍ 1000 ഫോറുകള്‍ എന്ന നേട്ടമാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. ഏകദിനത്തില്‍ 263 മത്സരങ്ങളില്‍ 255 ഇന്നിങ്‌സില്‍ നിന്നുമാണ് രോഹിത് 1000 ഫോറുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറിയത്. 1001 ഫോറുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.
31 സെഞ്ച്വറികളും 56 അര്‍ധസെഞ്ച്വറികളുമാണ് താരം അടിച്ചെടുത്തത്. ഇതിനോടകം നിന്നെ 10767 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതില്‍ ഓപ്പണർ എന്ന നിലയില്‍ 15,000 റണ്‍സും താരം സ്വന്തമാക്കിയിരുന്നു.
അതേസമയം ശുഭ്മന്‍ ഗില്‍ 35 പന്തില്‍ 16 റണ്‍സും വാഷിങ്ടണ്‍ സുന്ദര്‍ അഞ്ച് റണ്‍സും നേടിയാണ് പുറത്തായത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിരാട് കോഹ്‌ലിക്ക് 24 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. കാലങ്ങള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ 23 റണ്‍സും നേടി കളം വിട്ടു. കെ.എല്‍. രാഹുല്‍ 31 റണ്‍സും അക്സര്‍ പട്ടേല്‍ 33 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്തി മടങ്ങിയപ്പോള്‍ ശിവം ദുബെ 25 റണ്‍സും നേടി.
ലങ്കയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് സ്പിന്നര്‍ വാനിന്ദു ഹസരങ്കയും ക്യാപ്റ്റന്‍ ചരിത് അസലങ്കയുമാണ്. ഇരുവരും മൂന്ന് വിക്കറ്റുകളാണ് നേടിയത്. ദുനിത് വെല്ലാലഗെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അസിത ഫെര്‍ണാണ്ടോ, അഖില ധനഞ്ജയ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.