രോഹിത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് ഡേവിഡ് വാര്‍ണര്‍; അഫ്രിദിക്ക് പിന്നാലെ വാര്‍ണറിനും നിരാശയുടെ നാള്‍
Sports News
രോഹിത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ് ഡേവിഡ് വാര്‍ണര്‍; അഫ്രിദിക്ക് പിന്നാലെ വാര്‍ണറിനും നിരാശയുടെ നാള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th August 2022, 7:24 pm

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ഫ്‌ളോറിഡ ടി-20യില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയിരുന്നു. ഈ ജയത്തോടെ പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മികച്ച ആദ്യവിക്കറ്റ് കൂട്ടുകെട്ട് സമ്മാനിച്ചിരുന്നു. 53 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സ്വന്തമാക്കിയത്.

16 പന്തില്‍ നിന്നും മൂന്ന് സിക്‌സറിന്റെയും രണ്ട് ബൗണ്ടറിയുടെയും അകമ്പടിയോടെ 33 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്. ഇതോടെ പല റെക്കോഡുകളും രോഹിത് തന്റെ പേരിലാക്കിയിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ രണ്ടാമത്തെ താരം എന്ന ഷാഹിദ് അഫ്രിദിയുടെ റെക്കോഡാണ് രോഹിത് തകര്‍ത്തത്. 477 സിക്‌സറടിച്ചാണ് രോഹിത് ശര്‍മ ഷാഹിദ് അഫ്രിദിയെ മറികടന്ന് രണ്ടാമതെത്തിയത്. ക്രിസ് ഗെയ്‌ലാണ് പട്ടികയിലെ ഒന്നാമന്‍.

ഇതിനൊപ്പം മറ്റൊരു റെക്കോഡും രോഹിത് ശര്‍മ സ്വന്തമാക്കിരുന്നു. ഓപ്പണറായി ഇറങ്ങി ടി-20യില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്.

ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിന്റെ റെക്കോഡ് മറികടന്നാണ് താരം ഒന്നാമതെത്തിയിരിക്കുന്നത്.

ടി-20യില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം, ടീം, റണ്‍സ്, എതിരാളികള്‍ എന്ന ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 655- വെസ്റ്റ് ഇന്‍ഡീസ്

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 642- ശ്രീലങ്ക

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 506 – ഇംഗ്ലണ്ട്

പോള്‍ സ്റ്റിര്‍ലിങ് – അയര്‍ലന്‍ഡ് – 505 – അഫ്ഗാനിസ്ഥാന്‍

അതേസമയം, വിന്‍ഡീസ് പര്യടനത്തില്‍ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി-20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നാല് മത്സരം കഴിയവെ 3-1ന് ആണ് ഇന്ത്യ മുന്നിട്ട് നില്‍ക്കുന്നത്.

ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ പരാജയപ്പെട്ടാലും പരമ്പര നേടാമെന്നിരിക്കെ സമ്മര്‍ദ്ദമേതുമില്ലാതെ ഫ്രീയായി തന്നെയാവും ഇന്ത്യ കളത്തിലിറങ്ങുക.

 

 

Content Highlight: Rohit Sharma brakes David Warner’s world record