മുഹമ്മദ് ഷമിയുടെ മാസ്മരിക പ്രകടനത്തില്‍ മതിമറന്നിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. ഒറ്റ ഓവറില്‍ കളി തിരിച്ച ഷമിയായിരുന്നു ടി-20 ലോകകപ്പിലെ സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ ഹീറോ.
തോല്‍വിയുടെ വക്കില്‍ നിന്ന ടീമിനെ അവസാന ഓവറിലെ ബൗളിങ് വിസ്മയം കൊണ്ട് രക്ഷിച്ചെടുക്കുകയായിരുന്നു ഷമി. ഒറ്റ ഓവറില്‍ നാല് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ആ അവസാന ഓവര്‍ മാത്രമാണ് ഷമി ഇന്നിങ്‌സില്‍ എറിഞ്ഞത്.
ഇത്രയും മികച്ച പ്രകടനം നടത്തിയ ഷമിക്ക് എന്തുകൊണ്ടാണ് നേരത്തെ അവസരം നല്‍കാതിരുന്നതെന്ന് ചോദ്യമാണ് മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് നേരിടേണ്ടി വന്നത്. അദ്ദേഹത്തെ ഒരേ ഒരു ഓവറിലേക്ക് ഒതുക്കിയെന്നത് എന്തിനാണെന്നും മാധ്യമങ്ങള്‍ രോഹിത്തിനോട് ചോദിച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലും ഇതേ ചോദ്യമുയര്‍ന്നിരുന്നു. നേരത്തെ ഇറക്കി വിക്കറ്റ് വീഴdത്തിയിരുന്നെങ്കില്‍ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ലായിരുന്നല്ലോ എന്നായിരുന്നു പലരും ചോദിച്ചത്.
‘ഏറെ നാളുകള്‍ക്ക് ശേഷമാണ് ഷമി ടീമിലേക്ക് മടങ്ങിയെത്തുന്നത്. അതുകൊണ്ട് തന്നെ ഒരു ഓവര്‍ കൊടുക്കാമെന്നായിരുന്നു തീരുമാനിച്ചത്. പിന്നെ അവസാന ഓവര്‍ ആകുമ്പോള്‍ ഒരു വെല്ലുവിളി കൂടിയാകുമല്ലോ. ഷമി ചെയ്‌തെന്ന് നിങ്ങള്‍ കണ്ടല്ലോ,’ രോഹിത് ശര്‍മ പറഞ്ഞു.
187 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് ഒരുവേള 171ന് അഞ്ച് എന്ന നിലയിലായിരുന്നു. എന്നാല്‍ ഒമ്പത് റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ശേഷിക്കുന്ന അഞ്ച് വിക്കറ്റും ഓസീസിന് നഷ്ടമായി.
അവസാന ഓവറില്‍ 11 റണ്‍സായിരുന്നു ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ഷമിയിലായിരുന്നു അവസാന പ്രതീക്ഷ.
അവസാന ഓവറിലെ ആദ്യ പന്തില്‍ പാറ്റ് കമ്മിന്‍സ് ഡബിള്‍ നേടി. രണ്ടാം പന്തിലും കമ്മിന്‍സ് ഡബിളോടി നാല് പന്തില്‍ ഏഴ് റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ഓസീസിനെ എത്തിച്ചു.
എന്നാല്‍ തുടര്‍ന്നുള്ള നാല് പന്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയാണ് ഷമി കങ്കാരുക്കളെ ഞെട്ടിച്ചത്. ഇരുപതാം ഓവറിലെ മൂന്നാം പന്തില്‍ കമ്മിന്‍സിനെ വിരാടിന്റെ കൈകളിലെത്തിച്ച് ഷമി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു.
തൊട്ടടുത്ത പന്തില്‍ ആഷ്ടണ്‍ അഗറിനെ റണ്‍ ഔട്ടാക്കി ദിനേഷ് കാര്‍ത്തിക് പ്രതീക്ഷ നിലനിര്‍ത്തി. അഞ്ചാം പന്തില്‍ ജോഷ് ഇംഗ്ലിസിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ഷമി അവസാന പന്തില്‍ കെയ്ന്‍ റിച്ചാര്‍ഡ്സണിന്റെ കുറ്റിയും തെറിപ്പിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ബുധനാഴ്ചയാണ് ഇന്ത്യയുടെ അടുത്ത സന്നാഹ മത്സരം. ന്യൂസിലാന്‍ഡാണ് എതിരാളികള്‍.
Content Highlight: Rohit Sharma about Mohammed Shami’s last over