കഴിഞ്ഞ ദിവസം ഹരാരെയില്‍ നടന്ന ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ നല്‍കിയ അഭിമുഖത്തിലാണ് ഉത്തപ്പ മലയാളത്തില്‍ സംസാരിച്ചത്. കേപ് ടൗണ്‍ സാംപ് ആര്‍മിയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഉത്തപ്പയും സംഘവും രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്.
‘ഒരുപാട് സന്തോഷമുണ്ട്. ഇന്നലെ ശ്രീ ജയിപ്പിച്ചു, ഇന്ന് ഞാന്‍ ജയിപ്പിച്ചു. ഞമ്മള് മലയാളി പുലിയല്ലേ. നല്ലതുപോലെ പോകുന്നുണ്ട് ഇപ്പോള്‍. പക്ഷേ മത്സരം തീര്‍ന്നിട്ടില്ല. നിങ്ങള്‍ എല്ലാവരുടെയും സപ്പോര്‍ട്ട് ഉണ്ടാകണം. നമ്മള്‍ ഉറപ്പായും ജയിക്കും,’ ഉത്തപ്പ പറഞ്ഞു.
മത്സരത്തില്‍ ഉത്തപ്പയുടെ വെടിക്കെട്ടിലാണ് സാംപ് ആര്‍മിയെ പരാജയപ്പെടുത്തി ഹറികെയ്ന്‍സ് മുമ്പോട്ട് കുതിച്ചത്.
Malayali Puli alle! Of course, we are!
For all the Malayalees in the house, here is a sweet message from the legend – @robbieuthappa , all set for the big win!
Go, Harare Hurricanes! pic.twitter.com/KQ73EPcZWo
— Harare Hurricanes (@HarareHurricane) July 27, 2023
മത്സരത്തില്‍ ടോസ് നേടിയ ഹരാരെ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേപ് ടൗണ്‍ അഫ്ഗാന്‍ സൂപ്പര്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസിന്റെ കരുത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഗുര്‍ബാസ് അര്‍ധ സെഞ്ച്വറി തികച്ചാണ് സാംപ് ആര്‍മി നിരയില്‍ നിര്‍മായകമായത്.
26 പന്തില്‍ നിന്നും പുറത്താകാതെ 62 റണ്‍സാണ് താരം നേടിയത്. നാല് ബൗണ്ടറിയും ആറ് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു ഗുര്‍ബാസിന്റെ ഇന്നിങ്സ്. 238.46 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.
പിന്നാലെയെത്തിയ ഭാനുക രാജപക്സെയും കരീം ജനത്തും സീന്‍ വില്യംസും സ്‌കോറിലേക്ക് സംഭാവന ചെയ്തതോടെ സ്‌കോര്‍ ഉയര്‍ന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 145 റണ്‍സാണ് സാംപ് ആര്‍മി നേടിയത്.
50 മിനിട്ട് ക്രീസില്‍ ചെലവഴിച്ച് 36 പന്തില്‍ എട്ട് ബൗണ്ടറിയുടെയും ആറ് സിക്സറിന്റെയും അകമ്പടിയോടെ പുറത്താകാതെ 88 റണ്‍സാണ് ഉത്തപ്പ നേടിയത്. കയ്യില്‍ കിട്ടിയ ബൗളര്‍മാരെയെല്ലാം തച്ചുതകര്‍ത്താണ് താരം മുന്നേറിയത്. 244.44 എന്ന തകര്‍പ്പന്‍ പ്രഹരശേഷിയിലായിരുന്നു ഉത്തപ്പയുടെ വെടിക്കെട്ട്.