'അടുത്ത ഘട്ടത്തില്‍ പോയിന്റ് ടേബിളില്‍ മാറ്റം വരുത്തും': റോബ് വാള്‍ട്ടര്‍
2023 ICC WORLD CUP
'അടുത്ത ഘട്ടത്തില്‍ പോയിന്റ് ടേബിളില്‍ മാറ്റം വരുത്തും': റോബ് വാള്‍ട്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th November 2023, 9:39 am

ലോകകപ്പില്‍ നവംബര്‍ അഞ്ചിന് ഈഡന്‍ ഗാര്‍ഡന്‍സില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഇന്ത്യ 243 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ തുടര്‍ച്ചയായ എട്ടാം വിജയവുമായി ജൈത്രയാത്ര തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍ പടുത്തുയര്‍ത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി.

വമ്പന്‍ പോരാട്ടത്തിനൊടുവില്‍ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് കോച്ച് റോബ് വാള്‍ട്ടര്‍ മാധ്യമങ്ങളോട് സംസാരിച്ചു. ഇന്ത്യന്‍ ടീമിനെകുറിച്ചും സൗത്ത് ആഫ്രിക്കയെകുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി.

‘അവര്‍ ഒരു ഉഗ്രന്‍ സംഘമാണ്. മികച്ച രീതിയിലാണ് ടീം മുന്നോട്ട് പോകുന്നത്. നിങ്ങള്‍ക്ക് കഴിവുകള്‍ പുറത്തെടുക്കാന്‍ ഇനിയും അവസരമുണ്ട്,’ വാള്‍ട്ടര്‍ മാധ്യമങ്ങളോട് സംസാരിച്ചു.

ഇന്ത്യയും സൗത്ത് ആഫ്രിക്കയുമാണ് നിലവില്‍ സെമി ഫൈനല്‍ ഉറപ്പിച്ച ടീമുകള്‍. നോക്ക് ഔട്ട് മത്സരങ്ങളില്‍ ഒരു തവണ കൂടി ഇരുവരും ഏറ്റുമുട്ടിയാല്‍ പോയിന്റ് ടേബിളില്‍ ഇന്ത്യക്കെതിരെ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് വാള്‍ട്ടര്‍ വിശ്വസിക്കുന്നു.

‘ഓരോ ദിവസവും പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്ന ഒരു രസകരമായ കളിയാണിത്. അടുത്ത ഘട്ടത്തില്‍ പോയിന്റ് ടേബിളില്‍ മാറ്റം വന്നാല്‍ ഞാന്‍ ഒട്ടും അതിശയപ്പെടില്ല. ഞങ്ങള്‍ ഇതില്‍ നിന്നും പഠിച്ചു,’

ഇതിനോടകം സൗത്ത് ആഫ്രിക്കന്‍ ടീമിലെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമായി പേസര്‍ മാര്‍ക്കോ യാന്‍സന്‍ മാറുകയുണ്ടായി. 94 റണ്‍സാണ് താരം വഴങ്ങിയത്. എന്നാലും ഇപ്പോഴുള്ള അവസ്ഥക്ക് മെച്ചപ്പെട്ട ഒരു അന്ത്യം ഉണ്ടാകുമെന്ന് വാള്‍ട്ടര്‍ വിശ്വസിക്കുന്നു.

‘ഇന്നത്തെപ്പോലെയുള്ള മത്സരം കളിക്കുന്നത് നല്ലതാണ്. തോല്‍വിയില്‍ ധാരാളം പഠിക്കാനുണ്ട്, കൂടാതെ ഒരു മികച്ച ടീമിനെതിരെ കളിക്കാനുള്ള അവസരമായും കാണുന്നു. അവന്‍ ഇന്ന് കൂടുതല്‍ കഷ്ടപ്പെട്ടു. പക്ഷെ തിരിച്ചുവരാനുള്ള കഴിവ് അവനുണ്ട്, അവന്‍ തിരിച്ചുവരുകതന്നെചെയ്യും,’ യാന്‍സനേയും അഭിസംബോധനചെയ്ത് വാള്‍ട്ടര്‍ പറഞ്ഞു.

മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ച്വറിയുമാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 121 പന്തില്‍ 101 റണ്‍സിന് പുറത്താകാതെയാണ് കോഹ്‌ലി തന്റെ കരിയറിലെ 49ാം ഏകദിന സെഞ്ച്വറി നേടിയത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറുടെ ലോകറെക്കോഡിനൊപ്പമാണ് വിരാട്. ശ്രേയസ് 77 (87) റണ്‍സും രോഹിത് ശര്‍മ 40 (24) റണ്‍സുമെടുത്ത് മികച്ച പ്രകടനമാണ് നടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് ഒന്നിന് പിറകെ ഒന്നായി തകര്‍ന്ന് വീഴുന്നതാണ് കാണാന്‍ സാധിച്ചത്. യാന്‍സന്‍ 14 (30) റണ്‍സും റസീ വാന്‍ ഡേര്‍ ഡസണ്‍ 13 (32) റണ്‍സും ഡേവിഡ് മില്ലര്‍ 11 (11) റണ്‍സുമാണ് നേടിയത്.


ഇന്ത്യന്‍ ബൗളിങ് നിരയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് പ്രോട്ടീസ് തകര്‍ന്നടിഞ്ഞത്. രവീന്ദ്ര ജഡേജ ഒമ്പത് ഓവറില്‍ 33 റണ്‍സ് വിട്ട് കൊടുത്ത് അഞ്ച് വിക്കറ്റുകള്‍ നേടിയപ്പോള്‍ കുല്‍ദീപ് യാദവ് 5.1 ഓവറില്‍ 7 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. മുഹമ്മദ് ഷമി നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

തുടര്‍ച്ചയായ എട്ട് മത്സരത്തില്‍ വിജയിച്ചതോടെ ഇന്ത്യ 2023 ലോകകപ്പില്‍ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ അടുത്ത മത്സരം നവംബര്‍ 12ന് നെതര്‍ലന്‍ഡസിനോടാണ്. സൗത്ത് ആഫ്രിക്ക നവംബര്‍ 10ന് അഫ്ഗാനിസ്ഥാനെയും നേരിടും.

 

Content Highlight: Rob Walter Says The Next Step Will Be To Modify The Point Table