2024ല്‍ രാജ്യസഭാ സീറ്റ് നല്‍കുമെന്ന വാഗ്ദാനം മുന്നണി പാലിച്ചില്ലെന്ന് ആര്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. കേന്ദ്രത്തില്‍ എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.എസിന് കിട്ടുന്ന പരിഗണന പോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് നേതൃത്വത്തെ ചൊടിപ്പിക്കുന്നത്.
‘ഞങ്ങള്‍ വലിഞ്ഞുകേറി വന്നവരൊന്നുമല്ല. മുന്നണിയിലേക്ക് ഞങ്ങളെ എല്‍.ഡി.എഫ് ക്ഷണിച്ച് വരുത്തിയാണ്. ഒരേസമയം ലോക്‌സഭാ സീറ്റിലും രാജ്യസഭാ സീറ്റിലും മന്ത്രിസഭയിലും മുന്നണിയില്‍ ആര്‍.ജെ.ഡി തഴയപ്പെടുകയാണ്,’ എന്നാണ് എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞത്.
ബാക്കിയുള്ളവരും മുന്നണിയുടെ ഭാഗമല്ലേ? ചിലര്‍ക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും പ്രശ്‌നങ്ങള്‍ മുന്നണിയെ അറിച്ചിയിച്ചിരുന്നെങ്കിലും പരിഹാരം കാണുന്നതില്‍ എല്‍.ഡി.എഫ് നേതൃത്വം പരാജയപ്പെട്ടുവെന്നും ആര്‍.ജെ.ഡി ചൂണ്ടിക്കാട്ടി.
കേന്ദ്രത്തില്‍ ബി.ജെ.പിയെ പിന്തുണക്കുന്ന അതേ പാര്‍ട്ടിക്കാണ് സംസ്ഥാനത്ത് എല്‍.ഡി.എഫ് മന്ത്രി പദവി നല്‍കിയത്. അതില്‍ മുന്നണി നേതൃത്വത്തിന് യാതൊരു പ്രശ്നമില്ലെന്നും ശ്രേയാംസ് കുമാര്‍ വിമര്‍ശിച്ചു.
മന്ത്രിസ്ഥാനം തുടക്കം മുതല്‍ ആവശ്യപ്പെടുന്നതാണ്. മുന്നണിയിലെ എല്ലാവര്‍ക്കും പദവികള്‍ കിട്ടുകയും ചെയ്തു, അര്‍ഹതപ്പെട്ട തങ്ങള്‍ക്ക് ഒഴികെയെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ എന്തുകൊണ്ടാണ് പരിഗണിക്കാത്തതെന്നും മറ്റുള്ളവരെയെല്ലാം നേതൃത്വം കൃത്യമായി ക്ഷണിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചേലക്കര നിയോജക മണ്ഡലത്തില്‍ നിന്ന് മന്ത്രിസഭയിലെത്തിയ കെ. രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പെട്ടതിന് പിന്നാലെയുണ്ടായ ഒഴിവ് ചൂണ്ടിക്കാട്ടിയും ആര്‍.ജെ.ഡി തങ്ങളുടെ ആവശ്യം ഉന്നയിച്ചു. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ മുന്നണി മാറുന്ന കാര്യം അപ്പോള്‍ നോക്കാമെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി.