Pravasi
റിയാദ് മെട്രോ പവലിയനില്‍ വന്‍ തിരക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jan 08, 12:13 am
Monday, 8th January 2018, 5:43 am

റിയാദ്: മെട്രോ സര്‍വീസുകളെയും അനുബന്ധ വിശേഷങ്ങളും അറിയാന്‍ റിയാദിലെ മെട്രോ പവലിയനിലേക്ക് വന്‍ തിരക്ക്. സന്ദര്‍ശകര്‍ക്ക് മെട്രോയില്‍ യാത്ര ചെയ്ത പ്രതീതിയുളവാക്കുന്ന തരത്തില്‍ റിയാദ് ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ മെട്രോ ബോഗികളുടെ പ്രദര്‍ശനം പൊതു ജനങ്ങള്‍ക്കായി അവസരമൊരുക്കിയിരിക്കുന്നു.

ഓറഞ്ച്, പച്ച, ചുവപ്പ് നിറങ്ങളിലുള്ള ബോഗികളാണ് ഉറൂബ സ്ട്രീറ്റില്‍ കിങ് അബ്ദുല്‍ അസീസ് റോഡ്, അബൂബക്കര്‍ സിദ്ദിക്ക് റോഡ് എന്നിവടങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കിയത്. കിങ് അബ്ദുല്‍ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായുള്ള റിയാദ് മെട്രോയുടെ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ നഗരത്തിലെ യാത്ര സംവിധാനങ്ങളില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെയും മെട്രോ സംവിധാനത്തെയും പൊതുജനങ്ങള്‍ക്ക് പരിചയപെടുത്തുകയാണ് പ്രദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത്.

വൈകിട്ട് നാലുമുതല്‍ രാത്രി 10 വരെയാണ് പവലിയന്‍ പ്രവര്‍ത്തിക്കുക. വിവിധ റൂട്ടുകളില്‍ യാത്രക്കാര്‍ക്ക് ലഭിക്കാവുന്ന സാമ്പത്തിക ലാഭവും സമയ ലാഭവവും വിവരിക്കുന്നതും മെട്രോ സ്റ്റേഷന്‍ വിശേഷങ്ങളുമാണ് സന്ദര്‍ശകര്‍ക്ക് ആദ്യം സ്‌ക്രീനിലൂടെ കാണാന്‍ കഴിയുന്നത്. മെട്രോ സ്റ്റേഷനുകള്‍ , ബസ്സ്റ്റേഷനുകള്‍, ടിക്കറ്റ് ബുക്കിങ്, മെട്രോ സംവിധാനങ്ങള്‍ എല്ലാം പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സ്വദേശികളും വിദേശികളും കുടുംബ സമേതം പവലിയനില്‍ എത്തുന്നുന്നുണ്ട്. മെട്രോയെ കുറിച്ചുള്ള സംശങ്ങള്‍ക്ക് മറുപടി നല്കാന്‍ വോളന്റിയറന്മാര്‍ രംഗത്തുണ്ട്. നേരിട്ടും ഓണ്‍ലൈനിലൂടെയും പ്രവേശന പാസ് ലഭ്യമാണ് www.riyadhmetro.sa എന്ന വെണ്‍സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം

റിപ്പോര്‍ട്ട്: ഷിബു ഉസ്മാന്‍, റിയാദ് ബ്യുറോ