ജീന്‍സിട്ടതിന്റെ പേരില്‍ എന്നെ സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്, അന്ന് "അച്ഛനും അമ്മയും ഹൃദയം കയ്യില്‍ പിടിച്ചാണ്" പി.ടി.എ മീറ്റിങ്ങിന് വന്നത്: റിമ കല്ലിങ്കല്‍
2021ല്‍ കൊച്ചിയില്‍ നടന്ന റീജിയണല്‍ ഫിലിം ഫെസ്റ്റിവെലില്‍ പങ്കെടുക്കാനെത്തിയ റിമ കല്ലിങ്കലിന്റെ വസ്ത്രധാരണത്തെ ചൊല്ലി ചില കോണുകളില്‍ നിന്നും അനാവശ്യ വിവാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ റിമ അന്ന് തന്റെ അഭിപ്രായം പറഞ്ഞിരുന്നില്ല. ആ സംഭവത്തെ കുറിച്ചും സ്‌കൂള്‍ കാലഘട്ടത്തില്‍ സംഭവിച്ച ഇത്തരമൊരു കാര്യത്തെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് റിമ.
വളരെ ചുരുങ്ങിയ കാലം മാത്രമാണ് ഈ ലോകത്തുള്ളതെന്നും അതുകൊണ്ട് തന്നെ തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുമെന്നും താരം പറഞ്ഞു. തനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുന്നതിന് വേണ്ടി ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുമെന്നും ഐ ആം വിത്ത് ധന്യ വര്‍മയില്‍ സംസാരിക്കവെ റിമ പറഞ്ഞു.
‘അതിന് മുമ്പും പിമ്പും ഒരു ചിന്തയും ഉണ്ടായിരുന്നില്ല. ഇന്നും പ്രത്യേകിച്ച് ഒരു ചിന്തയുമില്ല. ഒരു മാറ്റവും വരുത്തണമെന്ന് ഞാന്‍ കരുതുന്നില്ല. ഞാനല്ല മാറേണ്ടതെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. കുറച്ച് കാലമാണ് എനിക്ക് ഈ ലോകത്ത് ജീവിക്കാനുള്ളത്. അത് എനിക്ക് ഇഷ്ടമുള്ളത് പോലെ എന്റെ കംഫേര്‍ട്ടില്‍ നിന്ന് ജീവിക്കും. അതിനുവേണ്ടി ഞാന്‍ ഫൈറ്റ് ചെയ്ത് കൊണ്ടേയിരിക്കും.
ചിലപ്പോള്‍ ഞാന്‍ തളര്‍ന്നുപോകുമായിരിക്കും, നിരശയാകുമായിരിക്കും, എനിക്ക് ദേഷ്യം വരുമായിരിക്കും. പക്ഷെ ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ലോകത്തെ ഒരു ശക്തിക്കും എന്നെ തടയാനാവില്ല. ഒരുപാട് പോരാട്ടങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. സ്‌കിന്‍ ടൈപ്പ് ജീന്‍സിട്ടതിന് എന്നെ സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
ആ ടീച്ചറിന്റെ പേര് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ചിന്മയയില്‍ പഠിച്ച എല്ലാവര്‍ക്കും അറിയാമത്. ആനുവല്‍ ഡേയ്ക്ക് എന്റെ അച്ഛനും അമ്മയും മേടിച്ച് തന്ന സ്‌കിന്‍ ടൈപ്പ് ജീന്‍സ് ഇട്ടുകൊണ്ട് ഞാന്‍ പോയി. ഇത് ഇട്ടുകൊണ്ട് വന്നതിന് സസ്‌പെന്റ് ചെയ്യുമെന്നൊക്കെ പറഞ്ഞ് ഭയങ്കര ബഹളമുണ്ടാക്കി. പാവം എന്റെ അച്ഛനും അമ്മയും ഹൃദയം കയ്യില്‍ പിടിച്ചാണ് പി.ടി.എ മീറ്റിങ്ങിന് വന്നത്. ദൈവമേ എന്നൊക്കെ പറഞ്ഞാണ് അവര്‍ വന്നത്.
ഞാന്‍ ക്രൈസ്റ്റില്‍ പഠിക്കുമ്പോള്‍ പോലും ഇതുപോലെ പേരന്റ്‌സിനെ വിളിപ്പിച്ചിട്ടുണ്ട്. സ്‌കൂളിലൊക്കെ ഓക്കെ കോളേജിലും അങ്ങനെയാണോ എന്നാണ് അച്ഛന്‍ അന്ന് ചോദിച്ചത്. ബോയ്‌സിനോട് സംസാരിച്ചു എന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. ഇങ്ങനെ പലകാര്യങ്ങളിലാണ് പ്രശ്‌നം. എന്നിട്ടും ഞാന്‍ മാറാന്‍ തയ്യാറായിട്ടില്ല. ഞാന്‍ പറയുന്ന കാര്യങ്ങളൊക്കെ ശരിയാണെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്,’ റിമ കല്ലിങ്കല്‍ പറഞ്ഞു.
content highlight: rima kallinkal share experience in her school life