വയനാട് തിരുനെല്ലിക്കടുത്ത് ബേഗൂരില്‍ പ്രാക്തന ഗോത്രവിഭാഗമായ കട്ടുനായ്ക്കരുടെ ഒരു കലാസംഘമുണ്ട്- സുധോധിമി. തങ്ങളുടെ സംസ്‌ക്കാരത്തെയും വാമൊഴി ചരിത്രത്തെയും നിലനിര്‍ത്താനും തിരിച്ചുപിടിക്കാനുമാണ് ഇവര്‍ സുധോധി കലാസംഘം ആരംഭിച്ചത്.
സുധോധിമി കാട്ടുനായ്ക്കര്‍ കലാസഘം രൂപീകരിച്ചത് 2013ലാണ്. 12 വയസ്സുമുതല്‍ 45 വയസ്സുവരെയുള്ള 25 അംഗ കലാകാരന്മാര്‍ അടങ്ങിയ കലാസംഘമാണിത്.
‘കട്ടുനായ്ക്കരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും ഉള്‍പ്പെടുത്തിയുള്ള പരിപാടികളാണ് കലാസംഘം അവതരിപ്പിക്കുന്നത്. ഓരോ പാട്ടുകളും താളങ്ങളും പൂര്‍വികരെയും കാടിനെയും കാട്ടിലെ പക്ഷി മൃഗാദികളെയും വര്‍ണിച്ചു കൊണ്ടുള്ളതാണ്’- സുധോധിമിയുടെ സ്ഥാപകന്‍ രഘു പറയുന്നു.
കലാസംഘത്തിലുള്ള വിദ്യാര്‍ഥികളുടെ പഠനവും അവരുടെ ഉന്നമനവും ലക്ഷ്യമിട്ടാണ് കലാസംഘം ആരംഭിച്ചതെന്ന് രഘു പറയുന്നു. ഊരിനകത്ത് പിരിവെടുത്താണ് പരിപാടികള്‍ക്ക് പോകാറുള്ളതെന്നും രഘു പറഞ്ഞു.
‘സമ്പത്തികമായി ഒന്നും ഇല്ല. പണിയുണ്ടെങ്കില്‍ ആഴ്ചയിലോ മാസത്തിലോ പത്തോ ഇരുപതോ രൂപവെച്ച് പിരിച്ച് പരിപാടി നടത്തും. അഞ്ചു വര്‍ഷത്തോളമായി വദ്യേപകരണങ്ങള്‍ വാടകക്കെടുത്താണ് പരിപാടികള്‍ക്ക് പോകുന്നത്’- രഘു പറയുന്നു.