മൂലമ്പിള്ളി പാക്കേജ്: ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുമായി റവന്യു വകുപ്പ്
Kerala News
മൂലമ്പിള്ളി പാക്കേജ്: ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുമായി റവന്യു വകുപ്പ്
ഹരികൃഷ്ണ ബി
Tuesday, 5th February 2019, 10:40 am

കൊച്ചി: പത്ത് വർഷങ്ങൾക്ക് മുൻപ് 2009ലാണ് വല്ലാർപ്പാടം ഇന്റർനാഷണൽ ട്രാൻഷിപ്‌മെന്റ് ടെർമിനലിന്റെ (ഐ.സി.ടി.ടി.) റോഡിനു വേണ്ടി എറണാകുളത്തെ ഏഴു വില്ലേജുകളിൽ നിന്നും ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് മൂലമ്പിള്ളി പുനരധിവാസ പാക്കേജ് അനുസരിച്ച് സർക്കാർ പട്ടയം നൽകുന്നത്. ഇടപ്പള്ളി നോർത്ത്, പോണേക്കര, കടുങ്ങല്ലൂർ ഈസ്റ്റ്, ഏലൂർ, മഞ്ഞുമ്മൽ, ചേരാനെല്ലൂർ, കോതാട്, മൂലമ്പള്ളി എന്നീ വില്ലേജുകളിൽ നിന്നുമാണ് 2005ൽ 316ഓളം കുടുംബങ്ങൾ കുടിയൊഴിക്കപ്പെടുന്നത്.

എന്നാൽ പട്ടയം ലഭിച്ച് പത്ത് വർഷത്തോളം കഴിഞ്ഞിട്ടും ഈ കുടുംബങ്ങളെ പൂർണ്ണമായും സർക്കാർ പുനരധിവസിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല, ഹൈക്കോടതിയുടെ നിർദേശപ്രകാരം ഇവർക്ക് ലഭിക്കേണ്ടിയിരുന്ന വാടക കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുമില്ല. മാസം തോറും 5000 രൂപ വീതം ഇവർക്ക് വാടക കുടിശ്ശികയായി നൽകണമെന്നാണ് ഹൈകോടതിയുടെ നിർദ്ദേശം.

“എനിക്ക് കോതാട് എന്ന് പറയുന്ന പ്രദേശത്താണ് പട്ടയം ലഭിച്ചത്. പട്ടയമായി ലഭിച്ച സ്ഥലങ്ങളെല്ലാം തീരദേശ നിയമത്തിൽ പെട്ടതാണ്. ഇവിടെ വീട് വെക്കുന്നതിനും താമസിക്കുന്നതിനും 2013 വരെ ഇളവ് ലഭിച്ചിരുന്നു. എന്നാൽ 2013നു ശേഷം നമ്മൾക്ക് ഇവിടെ കെട്ടിടം നിർമ്മിക്കാനുള്ള അനുമതി ഇല്ല. ഇങ്ങനെയുള്ള നമ്മുടെ പ്രശ്നങ്ങൾ അധികാരികളോട് ഉന്നയിച്ചിട്ടും അതിൽ ഇപ്പോഴുമൊരു നടപടിയുമില്ല” മൂലമ്പിള്ളി സമരസമിതി പ്രവർത്തകൻ ഡൂൾന്യൂസിനോട് പി. വിൽ‌സൺ പറഞ്ഞു.

Also Read ആണവപരീക്ഷണം ഉത്തരകൊറിയ തുടരുന്നു; കരുത്ത് വര്‍ധിപ്പിക്കുന്നതായും യു.എന്‍ റിപ്പോര്‍ട്ട്

മൂലമ്പിള്ളി പാക്കേജ് അനുസരിച്ച് ആദ്യഘട്ടത്തിൽ 80ഓളം കുടുംബങ്ങൾക്ക് കിട്ടിയ ഭൂമിയിൽ വീട് വെക്കാനായി. എന്നാൽ അധികം താമസിയാതെ തന്നെ വീടുകളിൽ വിള്ളൽ വീഴുവാനും, തറ ഇടിഞ്ഞു താഴുവാനും തുടങ്ങി. അതിനാൽ ഉറപ്പുള്ള ഭൂമി ഇവരുടെ ആവശ്യമാണ്. ഉറപ്പില്ലാത്ത, താമസയോഗ്യമല്ലാത്ത, ചതുപ്പുനിലവും,കായൽ കൈയേറിയ സ്ഥലവുമാണ് ഇവർക്ക് പട്ടയഭൂമി എന്ന പേരിൽ ലഭിച്ചിരിക്കുന്നത്.

പട്ടയഭൂമി നൽകുക എന്നത് മാത്രമല്ല, അത് താമസത്തിനു യോഗ്യമായ “എ” ക്ലാസ് ഭൂമിയായി മാറ്റിയെടുത്ത് അവിടെ രണ്ടുനില കെട്ടിടം വരെ പണികഴിപ്പിക്കാനുള്ള രീതിയിൽ നികത്തേണ്ടതിന്റെ ഉത്തരവാദിത്വവും സർക്കാരിനാണ്. എന്നാൽ ഇപ്പോൾ ഹൈക്കോടതിയുടെ വിധിയെത്തുടർന്ന് കുടിയിറക്കപെട്ടവരുടെ പ്രതീക്ഷകളെ അട്ടിമറിക്കുന്ന രീതിയിൽ പുതിയ അന്വേഷണ റിപ്പോർട്ടുമായി രംഗത്ത് വന്നിരിക്കുകയാണ് റവന്യു വകുപ്പ്.

“2009ൽ ഈ ഭൂമി പട്ടയമായി കൊടുത്തപ്പോൾ ഇത് നല്ല ഭൂമിയായിരുന്നുവെന്നും കരഭൂമി ആയിരുന്നെന്നുമാണ് റവന്യു വകുപ്പ് ഹൈകോടതിക്ക് വേണ്ടി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. പട്ടയം കൈപ്പറ്റിയ ആളുടെ കെടുകാര്യസ്ഥത കൊണ്ടാണ് ആ ഭൂമി വെള്ളത്തിനടിയിൽ പോയതെന്നുമാണ്. ഈ കഴിഞ്ഞ ഓഗസ്റ്റിൽ വന്ന പ്രളയത്തിൽ ഭൂമി വെള്ളത്തിനടിയിൽ പോയെന്നാണ്‌ വർ പറയുന്നത്. ഇത് തികച്ചും യുക്തി രഹിതമായ റിപ്പോർട്ടാണ്. അവർ പറഞ്ഞതിൽ തന്നെ പൊരുത്തക്കേടുകൾ ഉണ്ട്. ഓഗസ്റ്റിന് മുൻപാണ് അപേക്ഷകളെല്ലാം ഫയൽ ചെയ്യുന്നത്. ഇത് കോടതിക്ക് നമ്മൾ കൊടുത്ത പെറ്റീഷനും അതിനു മുൻപ് നമ്മൾ ഫയൽ ചെയ്തതാണ്. അപ്പോൾ ഓഗസ്റ്റിൽ വന്ന പ്രളയത്തിൽ ഭൂമി വെള്ളത്തിനടിയിലായി എന്ന് പറയുന്നതിൽ എന്തർഥമാണുള്ളത്?” മൂലമ്പള്ളി കോർഡിനേഷൻ കമ്മിറ്റി(സമരസമിതി) അധ്യക്ഷൻ ഫ്രാൻസിസ് ഡൂൾന്യൂസിനോട് പറഞ്ഞു.

റവന്യു വകുപ്പിന്റെ റിപ്പോർട്ടിൽ കായലിൽ ആണ്ടുകിടക്കുന്ന ഈ ഭൂമി നികത്തപ്പെട്ട, താമസയോഗ്യമായ രീതിയിലാണ് മൂലമ്പിള്ളി പാക്കേജിലെ പട്ടയക്കാർക്ക് അനുവദിച്ച് നൽകിയിട്ടുള്ളത് എന്നാണു സമരക്കാർ പറയുന്നത്. 2018 ഓഗസ്റ്റ് 8ന് ഉണ്ടായ പ്രളയത്തിലാണ് ഈ ഭൂമി കായലിനടിയിലായതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. തികച്ചും സത്യവിരുദ്ധമായാണ് ഈ റിപ്പോർട്ട് തയാറാക്കപ്പെട്ടതെന്നു പരക്കെ ആക്ഷേപം ഉയരുകയാണ്. അതിനാൽ തന്നെ പട്ടയക്കാരന് 2012 മുതലുള്ള വാടക കുടിശികയ്ക്ക് അർഹതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചേരാനെല്ലൂർ വില്ലേജ് ഓഫീസറും, എൽ.എ.ഡെപ്യൂട്ടി കലക്ടറും, എറണാകുളത്തെ ജില്ലാ ഭരണകൂടവും ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.

Also Read യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാടിനെതിരെ നിക്കളസ് മദൂരോ; അമേരിക്കയുടെ സഹായം വേണ്ടെന്നും മദൂരോ

തിങ്കളാഴ്ച സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് മുൻ റവന്യു മന്ത്രി കെ.പി. രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂലമ്പിള്ളിയിൽ പ്രതീകാത്മക തറക്കളിടൽ ചടങ്ങും നടന്നു. ചടങ്ങിൽ സ്ഥലം എം.എൽ.എ. ഹൈബി ഈഡൻ, ജസ്റ്റിസ് കെ.സുകുമാരൻ, പ്രൊഫസ്സർ കെ.അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു.



ഹരികൃഷ്ണ ബി
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ, വീഡിയോഗ്രാഫിയില്‍ പരിശീലനം നേടി, ഏഷ്യാനെറ്റ് ന്യൂസില്‍ രണ്ടുവര്‍ഷം ക്യാമറാമാനായി പ്രവര്‍ത്തിച്ചു, നിലവില്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍