ന്യൂദല്‍ഹി: യു.എ.പി.എ നിയമത്തിന് കീഴിലെ രാജ്യദ്രോഹമടക്കമുള്ള 124 എ. വകുപ്പ് റദ്ദാക്കണമെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് റോഹിങ്ടണ്‍ ഫാലി നരിമാന്‍. ഇക്കാര്യത്തില്‍ സുപ്രീംകോടതി ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യദ്രോഹ നിയമ കേസുകള്‍ കേന്ദ്രസര്‍ക്കാരിന് തിരികെ അയക്കരുതെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടും. സര്‍ക്കാരുകള്‍ വരും പോകും. പക്ഷേ കോടതി അതിന്റെ അധികാരം ഉപയോഗിക്കുകയും സെക്ഷന്‍ 124 എയും യു എ പി എ യുടെ ആക്രമണാത്മക ഭാഗങ്ങളും റദ്ദാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അങ്ങനൊണെങ്കില്‍ ഇവിടെ പൗരന്മാര്‍ കൂടുതല്‍ സ്വതന്ത്രമായി ശ്വസിക്കും,’ നരിമാന്‍ പറഞ്ഞു.
ഇന്ത്യയില്‍ ഇപ്പോളും കൊളോണിയന്‍ കാലത്തിലെ നിയമങ്ങളും വ്യവഹാരങ്ങളുമാണ് നിലനില്‍ക്കുന്നതെന്നും അതുകൊണ്ടാണ് ആഗോള നിയമസൂചികയില്‍ 142-ാം റാങ്കില്‍ നമ്മള്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘നമുക്ക് ചൈനയും പാകിസ്ഥാനുമായും യുദ്ധം ചെയ്യേണ്ടിവന്നു. അതിന് ശേഷമാണ് യു.എ.പി.എ പോലൊരു കടുത്ത നിയമനിര്‍മാണം നമ്മള്‍ കൊണ്ടുവന്നത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കുറഞ്ഞത് 5 വര്‍ഷത്തെ തടവാണ് യു.എ.പി.എ മുന്നോട്ടുവെക്കുന്നത്,’ അദ്ദേഹം പറഞ്ഞു.