national news
'മോദിക്കൊപ്പമുള്ള മധുര നിമിഷങ്ങള്‍' പങ്കുവെച്ച സുക്കര്‍ബെര്‍ഗിന്റെ ചിത്രത്തിന് താഴെ മലയാളികളുടെ #resignmodi പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 30, 06:34 am
Friday, 30th April 2021, 12:04 pm

ന്യൂദല്‍ഹി: #resignmodi ഹാഷ്ടാഗുകള്‍ താത്കാലികമായി നീക്കം ചെയ്ത ഫേസ്ബുക്ക് നടപടിക്ക് പിന്നാലെ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ പോസ്റ്റുകളില്‍ മലയാളികളുടെ പ്രതിഷേധം. 2015ല്‍ മോദിക്കൊപ്പമുള്ള സുക്കര്‍ബര്‍ഗിന്റെ ചിത്രത്തിന് കീഴിലാണ് പ്രതിഷേധം.

#resignmodi എന്ന ഹാഷ്ടാഗുകള്‍ പങ്കുവെച്ചുകൊണ്ടും, ഹാഷ്ടാഗ് നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ടുമാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകളിലധികവും.

കേന്ദ്ര സര്‍ക്കാരിനെതിരെയും കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തിന് വന്ന വീഴ്ചകളെയും കമന്റില്‍ പരാമര്‍ശിക്കുന്നു. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും കൊവിഡ് വൈറസായും, പുതിയ സ്‌ട്രെയ്‌നായും ട്രോളുന്നവരുമുണ്ട്.

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കില്‍ ആരംഭിച്ച #resignmodi ഹാഷ്ടാഗ് ഫേസ്ബുക്ക് നീക്കം ചെയ്തത്. മണിക്കൂറുകള്‍ക്ക് ശേഷം ഹാഷ്ടാഗ് പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നത്.

ഹാഷ്ടാഗ് നീക്കം ചെയ്തത് അബദ്ധവശാല്‍ ആണെന്നും കേന്ദ്രസര്‍ക്കാര്‍ അത്തരത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്നുമായിരുന്നു ഫേസ്ബുക്ക് ഇതിന് നല്‍കിയ വിശദീകരണം. ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

എന്നാല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അന്താരാഷ്ട്ര മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. ടാഗ് നീക്കം ചെയ്തതിനെ സംബന്ധിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ നല്‍കിയ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രം ഉള്ളതാണെന്നാണ് കേന്ദ്രത്തിന്റെ വാദം. വാള്‍സ്ട്രീറ്റ് ജേണല്‍ തങ്ങള്‍ക്കെതിരെ നിരന്തരം ‘വ്യാജ വാര്‍ത്ത’ നല്‍കുന്നുവെന്നാണ് ഒരു തെളിവുമില്ലാതെ കേന്ദ്രം വാദിക്കുന്നത്.

‘ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ ജീവനക്കാരെ ജയിലില്‍ ഇടുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തുന്നു’ എന്ന തലക്കെട്ടോടെ ഒരു ‘വ്യാജ വാര്‍ത്ത ‘ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്നും ഇത് വ്യാജവും കെട്ടിച്ചമച്ചതുമായ വാര്‍ത്തയാണെന്നുമാണ് കേന്ദ്രം അവകാശപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ട്രെന്റിംഗ് ആയ #resignmodi ഹാഷ്ടാഗ് നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ ഫേസ്ബുക്കിന്റെ പ്രതികരണം വന്നതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

കേന്ദ്ര സര്‍ക്കാര്‍ കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഫേസ്ബുക്കില്‍ ‘റിസൈന്‍ മോദി’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: #Resignmodi hashtag campaign on Zucker berg’s image post with Modi