Entertainment
ആ മെസേജിന് ദൈവമേയെന്ന് മമ്മൂക്ക മറുപടി തന്നു; ലിസ്റ്റില്‍ ഒരാള് കൂടെ ആയല്ലോയെന്നും പറഞ്ഞു: രശ്മി അനില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 01, 08:21 am
Monday, 1st April 2024, 1:51 pm

ടെലിവിഷന്‍ കാണികള്‍ക്ക് ഏറെ പരിചിതമായ ഒരു മുഖമാണ് രശ്മി അനിലിന്റേത്. നിരവധി ടെലിവിഷന്‍ പരമ്പരകളിലും വിവിധ ഹാസ്യപരിപാടികളിലും താരം ഒരു നിറസാന്നിധ്യമാണ്. ഇതിന് പുറമെ സിനിമകളിലും താരം ഭാഗമായിട്ടുണ്ട്.

ബ്രദേര്‍സ് ഡേ, ഒരു യമണ്ടന്‍ പ്രേമകഥ, നേര്, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകള്‍ക്ക് പുറമെ മമ്മൂട്ടിയോടൊപ്പം ‘തോപ്പില്‍ ജോപ്പന്‍’ എന്ന സിനിമയിലും രശ്മി അഭിനയിച്ചിരുന്നു.

മമ്മൂട്ടിക്ക് മെസേജ് അയച്ചതിനെ കുറിച്ച് പറയുകയാണ് താരം. കെലൈവ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രശ്മി അനില്‍.

‘ഞാന്‍ മമ്മൂക്കക്ക് ഇടക്ക് മെസേജ് അയക്കാറുണ്ട്. പക്ഷെ മെസേജ് അയച്ച് ഞാന്‍ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാറില്ല. എന്തെങ്കിലും വിശേഷ ദിവസങ്ങളില്‍ മാത്രം മെസേജ് അയക്കും.

ഇക്കയുടെ പിറന്നാള്‍ വരുമ്പോള്‍ ഞാന്‍ വീഡിയോ എടുത്ത് അയച്ചു കൊടുക്കാറുണ്ട്. അപ്പോള്‍ മമ്മൂക്ക മറുപടിയായി നന്ദി പറയും. ഇടക്ക് ഒരു തവണ എന്നെക്കൂടെ ഒന്ന് രക്ഷപെടുത്തുമോ എന്ന് ചോദിച്ചു കൊണ്ട് ഞാന്‍ ഇക്കക്ക് മെസേജ് അയച്ചിരുന്നു.

ദൈവമേ എന്നായിരുന്നു അതിനുള്ള മറുപടി. അതെന്താണ് മമ്മൂക്ക ദൈവമേ എന്ന് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ‘അല്ല, രക്ഷപ്പെടുത്താനുള്ള ലിസ്റ്റില്‍ ഒരാള് കൂടെ ആയല്ലോ’യെന്നാണ് പറഞ്ഞത്.

പക്ഷെ അദ്ദേഹം നോക്കുമ്പോള്‍ ഞാന്‍ ഇപ്പോള്‍ എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നുണ്ട്. സിനിമയിലും സീരിയലിലും ഷോയിലും ഒക്കെയുണ്ട്. ഇനിയിപ്പോള്‍ ഒന്നും ഇല്ലാതെ വീട്ടില്‍ ഇരുന്നാല്‍ മാത്രമേ അദ്ദേഹം വന്ന് രക്ഷപെടുത്തുള്ളൂ,’ രശ്മി അനില്‍ പറഞ്ഞു.


Content Highlight: Reshmi Anil Talks About Mammootty’s Reply