മോഹന്‍ലാലിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് നേര്. ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ അഞ്ചാമത്തെ ചിത്രമാണ് ഇത്. നേരില്‍ ഹാസ്യപരിപാടികളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയ രശ്മി അനില്‍ സീമയെന്ന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ജീത്തു ജോസഫിനൊപ്പം മുമ്പ് ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന സിനിമയിലും രശ്മി അഭിനയിച്ചിരുന്നു. ഇപ്പോള്‍ കെലൈവ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് രശ്മി.
‘സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഒരുപാട് സമയം ലാലേട്ടനെ കാണാന്‍ സാധിച്ചു. അദ്ദേഹത്തെ കാണാന്‍ പറ്റുന്നത് തന്നെ വലിയ സന്തോഷമല്ലേ. ലാലേട്ടന്‍ എപ്പോഴും ക്യാരവാനില്‍ പോയി ഇരിക്കുന്ന ഒരാളല്ല. അദ്ദേഹം ആ സമയങ്ങളിലൊക്കെ ലൊക്കേഷനില്‍ തന്നെയായിരുന്നു.
ഭക്ഷണം കഴിക്കാന്‍ മാത്രമാണ് ക്യാരവാനില്‍ പോയിരുന്നത്. അത് കഴിഞ്ഞ് വീണ്ടും തിരിച്ച് വരും. അത്രയും സമയം ലാലേട്ടനെ കണ്ട് നില്‍ക്കാന്‍ നമുക്ക് സാധിച്ചു. എന്റെ ഫോണ്‍ എടുത്ത് നോക്കിയാല്‍ മനസിലാകും, നേരിന്റെ ഷൂട്ടിന് ശേഷം ഞാന്‍ ജീത്തു സാറിന് ഒരു ആയിരം വട്ടം നന്ദി പറഞ്ഞ് മെസേജ് ഇട്ടിട്ടുണ്ട്. ജീത്തു സാര്‍ എന്നെ കൊണ്ട് മടുത്തിട്ടുണ്ടാകും, എന്റെ നന്ദി കേട്ടിട്ട്,’ രശ്മി അനില്‍ പറഞ്ഞു.
മോഹന്‍ലാല്‍ എങ്ങനെയാകും തന്നോട് പെരുമാറുകയെന്ന് ഓര്‍ത്തിരുന്നെന്നും എന്നാല്‍ അദ്ദേഹം തന്നെ കൂളാക്കുകയാണ് ചെയ്തതെന്നും താരം പറയുന്നു.
‘ആദ്യമൊക്കെ ഞാനോര്‍ത്തത് ലാലേട്ടന്‍ എങ്ങനെയാവും നമ്മളോട് പെരുമാറുക എന്നാണ്. നമ്മളെ കൂളാക്കുകയാണ് അദ്ദേഹം ചെയ്തത്. ഇപ്പോള്‍ നമ്മള്‍ വലിയ നടന്മാരുടെ കൂടെ അഭിനയിക്കുമ്പോളൊക്കെ അങ്ങനെയാണ്. അവര്‍ നമ്മളെ കൂളാക്കും. അതോടെ നമുക്ക് പിന്നെ ഒന്നും പേടിക്കണ്ട ആവശ്യം വരുന്നില്ല.
പിന്നെ ലാലേട്ടനോട് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണം എന്നുള്ളതെന്ന് പറഞ്ഞു. അപ്പോള്‍ ലാലേട്ടന്‍ തിരിച്ച് പറഞ്ഞത്, ‘എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു രശ്മിയുടെ കൂടെ അഭിനയിക്കുക എന്നുള്ളത്’ എന്നാണ്,’ രശ്മി അനില്‍ പറഞ്ഞു.
Content Highlight: Reshmi Anil Talks About Jeethu Joseph