Kerala News
പട്ടാമ്പിയില്‍ കുളിമുറിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Monday, 24th March 2025, 8:27 am

പട്ടാമ്പി: വീട്ടിലെ ശുചിമുറിയില്‍ നിന്നും കുളിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. പതിനഞ്ച് വയസുകാരന്‍ ജാസിം റിയാസാണ് മരിച്ചത്.

വീട്ടിലെ ശുചിമുറിയിലെ സ്വിച്ചില്‍ നിന്നാണ് ജാസിമിന് ഷോക്കേറ്റതെന്നാണ് വിവരം. മാതാവിനൊപ്പം പട്ടാമ്പി കോളേജ് സമീപത്തായിരുന്നു ജാസിം താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെ ശുചിമുറിയില്‍ കുളിക്കുന്നതിനിടെയാണ് അപകടം.

ഷോക്കേറ്റതിന് പിന്നാലെ ആദ്യം പട്ടാമ്പി സ്വകാര്യ ഹോസ്പിറ്റലിലും തുടര്‍ന്ന് വാണിയംകുളം പി.കെ ദാസ് ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഞാങ്ങാട്ടിരി വി.ഐ.പി സ്ട്രീറ്റില്‍ താമസിക്കുന്ന പിണ്ണാക്കും പറമ്പില്‍ റിയാസിന്റെയും ഷാഹിദയുടെയും ഏക മകനാണ് ജാസിം. കൊണ്ടൂര്‍ക്കര ഓങ്ങല്ലൂര്‍ മൗണ്ട് ഹിറ ഇംഗ്ലീഷ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നാണ് ഖബറടക്കം.

Content Highlight:  Student dies after being shocked from bathroom in Pattambi