ന്യൂദല്‍ഹി: പട്ടിക ജാതി, പട്ടിക വര്‍ഗ, മറ്റു പിന്നാക്ക വിഭാഗത്തില്‍ പെടുന്ന ജാതി സംവരണത്തിന് അര്‍ഹരായവരുടെ പ്രാതിനിധ്യം സര്‍ക്കാരിന്റെ ഉന്നത ശ്രേണികളിലെ ജോലികളില്‍ അപകടകരമാം വിധം കുറവെന്ന് വിവരാവകാശ രേഖകള്‍. കേന്ദ്ര സര്‍ക്കാരിനു കീഴിലെ ഒട്ടു മിക്ക സ്ഥാപനങ്ങളിലെയും ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി വിഭാഗം ജോലികളില്‍, പ്രത്യേകിച്ച് കേന്ദ്ര സര്‍വകലാശാലകളിലും, ഇന്ത്യന്‍ റെയില്‍വേയിലും ജാതി സംവരണത്തിന് അര്‍ഹരായവരുടെ പ്രാതിനിധ്യം കുറവാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു.
മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 10 ശതമാനം സംവരണം നല്‍കാന്‍ തീരുമാനം എടുത്തിരുന്നു.
സംവരണം അധികാര പ്രാതിനിധ്യത്തിനുള്ള ഉപാധിയാണെന്നും തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യം വച്ചു കൊണ്ടാണ് കേന്ദ്ര് സര്‍ക്കാര്‍ മുന്നാക്ക വിഭാഗത്തില്‍ പെട്ടവര്‍ക്ക് സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ സംവരണം നല്‍കിയതെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്.
ആര്‍.ടി.ഐ നിയമപ്രകാരം ഡിപ്പാര്‍ട്‌മെന്റ് ഓഫ് പേര്‍സണല്‍ ആന്റ് ട്രെയ്‌നിങ്ങ്, യു.ജി.സി, മാനവവിഭവ മന്ത്രാലയം, ഇന്ത്യന് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന് ലഭിച്ച രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
കേന്ദ്ര സര്‍വകലാശാലകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക വരെ മാത്രമേ പിന്നാക്ക വിഭാഗത്തിന് സംവരണം ലഭിക്കുകയുള്ളൂ. എന്നാല്‍ 27 ശതമാനം സംവരണം ഉണ്ടായിട്ടും 14.38 ശതമാനം പിന്നാക്ക വിഭാഗക്കാര്‍ മാത്രമാണ് 40 കേന്ദ്ര സര്‍വകലാശാലകളിലായി അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്യുന്നത്.
അതേസമയം, കേന്ദ്ര സര്‍വകലാശാലകളിലെ 95.2 ശതമാനം പ്രൊഫസര്‍മാരും ജനറല്‍ വിഭാഗത്തില്‍ പെട്ടവരാണ്. 92.9 അസ്സോസിയേറ്റ് പ്രൊഫസര്‍മാരും, 66.27 ശതമാനം അസിസ്റ്റന്റ് പ്രൊഫസര്‍മാരും ജനറല്‍ കാറ്റഗറിയില്‍ പെട്ടവരാണ്.
1,1125 പ്രൊഫസര്‍മാരില്‍ പട്ടിക ജാതിയില്‍ പെട്ട വെറും 39 (3.47 ശതമാനം) പേരും പട്ടിക വിഭാഗത്തില്‍ പെട്ട 0.7 ശതമാനം പേരും മാത്രമാണ് കേന്ദ്ര സര്‍വകലാശാലകളില്‍ ജോലി ചെയ്യുന്നത്.
ആകെയുള്ള 2620 അസോസിയേറ്റ് പ്രൊഫസര്‍മാരില്‍ 4.96 ശതമാനം പട്ടിക ജാതിയില്‍ പെട്ടവരും 1.3 ശതമാനം പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവരും മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയു്ന്നു.
7,741 അസിസ്റ്റന്റ് പ്രൊഫസര്‍മാരില്‍ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട 12.02 ശതമാനം ആളുകളും പട്ടിക വര്‍ഗത്തില്‍ പെട്ട 5.46 ശതമാനം ആളുകളും മാത്രമേ ഉള്ളൂ.
കേന്ദ്ര മാനവവിഭവ വകുപ്പിന്റെ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി വിഭാഗത്തില്‍ വെറും 8.42 ശതമാനം മാത്രമാണ് ഒ.ബി.സി വിഭാഗക്കാര്‍ക്ക് പ്രാതിനിധ്യം ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ജനവിഭാഗമാണ് ഒ.ബി.സി. അതേസമയം, ജനറല്‍ വിഭാഗത്തില്‍ പെട്ട 66.17 ശതമാനം പേരാണ് ഇതേ വകുപ്പില്‍ ജോലി ചെയ്യുന്നത്.
എന്നാല്‍ മറ്റ് വകുപ്പുകളെ അപേക്ഷിച്ച് റെയില്‍വേ വകുപ്പിലാണ് ഒ.ബി.സി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏറ്റവും കുറവ് പ്രാതിനിധ്യം ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വേയിലെ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി വിഭാഗത്തിലെ 16,381 ജോലിക്കാരില്‍ വെറും 8.05 ശതമാനം മാത്രം ഒ.ബി.സി വിഭാഗത്തിന് നിലവില്‍ ലഭിക്കുന്ന പ്രാധിനിധ്യം. ഒ.ബി.സി വിഭാഗത്തില്‍ പെട്ട 1,319 പേര്‍ മാത്രമാണ് ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഗ്രൂപ്പ് എയില്‍ പെടുന്ന ജോലിയിലേക്ക് യു.പി.എസ്.സി വഴിയാണ് നിയമനം ലഭിക്കുക. ഗ്രൂപ്പ് ബിയിലേക്കുള്ള നിയമനം സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വഴിയും.
Data and graphics: Indian Express