എന്നാല്‍ ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചാണ് ധ്രുവ് ജുറെലിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ഏറെ സസ്‌പെന്‍സിന് ശേഷം അവസാന നിമിഷമാണ് ജുറെലിന്റെ കാര്യത്തില്‍ തീരുമാനമായത്. ജോസ് ബട്‌ലറിനും ആര്‍. അശ്വിനും യൂസി ചഹലിനും മുകളിലായി ജുറെല്‍ റിറ്റെന്‍ഷന്‍ ലിസ്റ്റില്‍ ഇടം നേടിയത് ആരാധകരെ സംബന്ധിച്ചും സര്‍പ്രൈസായി.
എന്നാല്‍ യൂസ്വേന്ദ്ര ചഹലിനെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സിന് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ ആ ഡീലില്‍ സൂപ്പര്‍ സ്പിന്നര്‍ താത്പര്യം കാണിച്ചില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. പ്രമുഖ കായികമാധ്യമമായ മൈഖേലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യക്തിപരമായ കാരണങ്ങളാലാണ് ചഹല്‍ ടീം വിട്ടതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പ്രധാനമായും ഇതിന് രണ്ട് കാരണങ്ങളാണ് മൈഖേല്‍ ചൂണ്ടിക്കാട്ടുന്നത്.
ഒന്ന്, താരലേലത്തില്‍ പങ്കെടുത്താല്‍ തനിക്ക് ഉയര്‍ന്ന തുക ലഭിച്ചേക്കുമെന്ന് ചഹല്‍ കണക്കുകൂട്ടിയിരുന്നു. ചഹലിന്റെ പ്രതീക്ഷ തെറ്റിക്കാത്ത വന്‍ തുക നല്‍കി പഞ്ചാബ് കിങ്‌സ് താരത്തെ സ്വന്തമാക്കി.
18 കോടിയാണ് പഞ്ചാബ് ചഹലിനായി ചെലവഴിച്ചത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു സ്പിന്നര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഒരു ഇന്ത്യന്‍ ബൗളര്‍ സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയെന്ന റെക്കോഡും ഇതോടെ ചഹല്‍ സ്വന്തമാക്കി.
രണ്ടാമത് കാരണം രാജസ്ഥാന്റെ പരിശീലകനായുള്ള രാഹുല്‍ ദ്രാവിഡിന്റെ വരവാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു. ചഹലും ദ്രാവിഡും തമ്മില്‍ പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങളൊന്നും തന്നെയില്ലെങ്കിലും ദ്രാവിഡിന് കീഴില്‍ തനിക്ക് അവസരം കുറയുമോ എന്ന പേടി താരത്തിനുണ്ടായിരുന്നു.
ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനായിരുന്നപ്പോള്‍ ചഹലിന് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇത് രാജസ്ഥാനിലും ആവര്‍ത്തിക്കുമോ എന്ന ഭയം താരത്തിനുണ്ടായിരുന്നതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
ചഹലിനൊപ്പം അശ്വിനെയും രാജസ്ഥാന് നഷ്ടമായിരുന്നു. അശ്വിനെ തിരികെ കൊണ്ടുവരാന്‍ രാജസ്ഥാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി വാശിയേറിയ ബിഡ്ഡിങ് നടത്തിയെങ്കിലും 9.75 കോടിക്ക് ചെന്നൈ സൂപ്പര്‍ താരത്തെ സ്വന്തമാക്കുകയായിരുന്നു.