Sports News
പരിശീലക സ്ഥാനത്ത് നിന്നും ഗംഭീറിനെ പുറത്താക്കാന്‍ ബി.സി.സി.ഐ! പകരക്കാരനെയും കണ്ടെത്തി; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 08, 03:19 am
Friday, 8th November 2024, 8:49 am

ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റാന്‍ ബി.സി.സി.ഐ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. റെഡ് ബോള്‍ ഫോര്‍മാറ്റിന്റെ ചുമതലയൊഴിഞ്ഞ് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ (ഏകദിനം, ടി-20) ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അപെക്‌സ് ബോര്‍ഡ് ഗംഭീറിനോട് നിര്‍ദേശിക്കാന്‍ സാധ്യതകളേറെയാണെന്ന് മൈ ഖേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെയാണ് ഗംഭീറിന്റെ സ്ഥാനത്തിന് ഇളക്കം തട്ടുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒന്ന് പോലും ജയിക്കാന്‍ സാധിക്കാതെ 3-0നാണ് ആതിഥേയര്‍ പരമ്പര അടിയറവ് വെച്ചത്. 12 വര്‍ഷത്തില്‍ ആദ്യമായാണ് ഇന്ത്യ സ്വന്തം തട്ടകത്തില്‍ ടെസ്റ്റ് പരമ്പര അടിയറവ് വെച്ചത്.

ഇതിന് പുറമെ പല മോശം റെക്കോഡുകളും ഈ കുറഞ്ഞ കാലയളവിനുള്ളില്‍ ഗംഭീറിന്റെ ഇന്ത്യയെ തേടിയെത്തി. ഇതെല്ലാം അദ്ദേഹത്തെ പ്രതിസന്ധിയിലുമാക്കി.

എന്നാല്‍ ഗംഭീറിന് മുമ്പില്‍ വാതിലുകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ല. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചാല്‍ ഗംഭീര്‍ തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ തിളങ്ങാന്‍ സാധിക്കാതെ വന്നാല്‍ ഗംഭീര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പേര് വെളിപ്പെടുത്താത്ത ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് മൈ ഖേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഇത് ഉദ്ധേശിച്ച പോലെ വന്നില്ലെങ്കില്‍, രാജ്യത്തിന് വേണ്ടി അദ്ദേഹത്തെ ടെസ്റ്റ് ടീമിന്റെ ചുമതലകളില്‍ നിന്നും മാറ്റിയേക്കും. ഇതെല്ലാം അനുമാനങ്ങളാണ്. ശരിയായ സമയം വരുമ്പോള്‍ ഞങ്ങള്‍ വ്യക്തമാക്കാം,’ അദ്ദേഹം പറഞ്ഞു.

ഒരുപക്ഷേ ഗംഭീറിന് ടെസ്റ്റ് ടീം പരിശീലക സ്ഥാനം നഷ്ടപ്പെട്ടാല്‍ പകരം ആര് എന്നതിനെ കുറിച്ചുള്ള സൂചനകളും അദ്ദേഹം നല്‍കി. ഇതിഹാസ താരം വി.വി.എസ് ലക്ഷ്മണിനെ ആ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

‘അദ്ദേഹം (ഗംഭീര്‍) വൈറ്റ് ബോള്‍ ടീമിന്റെ പരിശീലകനായി തുടരട്ടെ. ടെസ്റ്റ് ടീമിനെ വി.വി.എസ് ലക്ഷ്മണിനെ പോലെയുള്ള ശക്തന്‍മാര്‍ക്ക് പരിശീലിപ്പിക്കാന്‍ സാധിക്കും,’ അദ്ദേഹം പറഞ്ഞു.

എന്‍.സി.എയുടെ തലവനായ ലക്ഷ്മണ്‍ പ്രധാന പരിശീലകര്‍ക്ക് വിശ്രമം അനുവദിക്കുമ്പോഴെല്ലാം ഇന്ത്യയുടെ പരിശീലകനായിട്ടുണ്ട്. നവംബര്‍ എട്ടിന് ആരംഭിക്കുന്ന ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലും ലക്ഷ്മണ്‍ തന്നെയാണ് ഇന്ത്യയുടെ പരിശീലകന്‍.

ഈ മാസം 22 മുതലാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്. എതിരാളികളുടെ തട്ടകത്തില്‍ നടക്കുന്ന പരമ്പര ഗംഭീറിനെ സംബന്ധിച്ചും ഇപ്പോള്‍ ഏറെ നിര്‍ണായകമാണ്.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.

ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.

 

Content highlight: Reports says Gautam Gambhir to be sacked as red-ball head coach