ഫൈനല്‍ കളിക്കാന്‍ ധോണിയുണ്ടാകില്ലേ? വിലക്ക് ലഭിച്ചേക്കാം, കാരണമിത്
IPL
ഫൈനല്‍ കളിക്കാന്‍ ധോണിയുണ്ടാകില്ലേ? വിലക്ക് ലഭിച്ചേക്കാം, കാരണമിത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th May 2023, 11:11 pm

ഐ.പി.എല്‍ 2023ന്റെ ഫൈനലില്‍ നിന്നും ധോണിയെ വിലക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ക്വാളിഫയര്‍ വണ്ണില്‍ അനാവശ്യമായി സമയം കളഞ്ഞത് ധോണിക്ക് തിരിച്ചടിയായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് വണ്‍ ക്രിക്കറ്റ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സീസണില്‍ ഇതിനോടകം തന്നെ പിഴയൊടുക്കേണ്ടി വന്ന ധോണിക്ക് ഒരു മത്സരത്തില്‍ നിന്നും വിലക്ക് ലഭിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ ക്യാപ്റ്റന്‍ കൂളിന് നഷ്ടമായേക്കും.

കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിങ്‌സിനിടെ ധോണി അമ്പയര്‍മാരുമായി തര്‍ക്കിച്ചിരുന്നു, ഫീല്‍ഡിലില്ലാതിരുന്ന മതീശ പതിരാനക്ക് വേണ്ടിയായിരുന്നു ധോണി അമ്പയര്‍മാരുമായി തര്‍ക്കിച്ചത്. ഏകദേശം നാല് മിനിട്ടോളം ഇത് നീണ്ടിരുന്നു.

മത്സരത്തിന്റെ 16ാം ഓവറിനിടെയായിരുന്നു സംഭവം. തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ മതീശ പതിരാനയെ അമ്പയര്‍മാര്‍ തടഞ്ഞതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്.

ഇതിന് തൊട്ടുമുമ്പ് താരം ഒമ്പത് മിനിട്ടിന്റെ ഇടവേളയെടുത്തിരുന്നു. ഇത് കഴിഞ്ഞ് നേരിട്ട് ഓവര്‍ ചെയ്യാനെത്തിയതോടെയാണ് അമ്പയര്‍മാര്‍ പതിരാനയെ തടഞ്ഞത്. ഇടവേളക്ക് ശേഷം ഫീല്‍ഡില്‍ നിശ്ചിത സമയം തുടരാതെ പന്തെറിയാനെത്തിയതാണ് അമ്പയര്‍മാര്‍ ചൂണ്ടിക്കാണിച്ചത്.

ഐ.പി.എല്‍ നിയമമനുസരിച്ച് എട്ട് മിനിട്ടിലധികം ഫീല്‍ഡ് വിട്ടുപോകുന്ന താരത്തിന് ഓവര്‍ തുടരണമെങ്കില്‍ നിശ്ചിത സമയം ഫീല്‍ഡിലുണ്ടായിരിക്കണം. ഈ സമയം മുതലാക്കാന്‍ വേണ്ടിയാണ് ധോണി അമ്പയര്‍മാരുമായി നാല് മിനിട്ടോളം തര്‍ക്കിച്ചത്.

ഈ സംഭവങ്ങളാണ് താരത്തിന്റെ വിലക്ക് ലഭിക്കുന്നതിന് കാരണമായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, ടൈറ്റന്‍സിനെതിരായ മത്സരം വിജയിച്ച് ഫൈനലില്‍ പ്രവേശിച്ചതിന്റെ ആവേശത്തിലാണ് സൂപ്പര്‍ കിങ്‌സ് ആരാധകര്‍. രണ്ടാം ക്വാളിഫയറിലെ വിജയികളെയാണ് ചെന്നൈക്ക് ഫൈനലില്‍ നേരിടാനുള്ളത്.

 

ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ട ഗുജറാത്ത് ടൈറ്റന്‍സും എലിമിനേറ്ററില്‍ വിജയം കൊയ്ത മുംബൈ ഇന്ത്യന്‍സുമാണ് രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടുക. മെയ് 26ന് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടാണ് രണ്ടാം ക്വാളിഫയറിന് വേദിയാവുക.

 

Content Highlight: Reports says Dhoni may banned from final