കോഴിക്കോട്: വിലങ്ങാട് ഉരുള്‍പൊട്ടലിന് നൂറിലധികം പ്രഭവ കേന്ദ്രങ്ങളെന്ന് റിപ്പോര്‍ട്ട്. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പ്രഭവ കേന്ദ്രങ്ങള്‍ കണ്ടെത്തിയത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗത്തിലാണ് ഉരുള്‍പൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി വിദഗ്ധ സംഘം നാളെ (തിങ്കളാഴ്ച) സ്ഥലത്തെത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷനിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് ദുരന്തമുഖത്ത് എത്തുക. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തുന്നതിനായിരിക്കും സംഘം മുന്‍ഗണന നല്‍കുക.
നിലവില്‍ അടിച്ചിപ്പാറ, മഞ്ഞച്ചീളി, മഞ്ഞക്കുന്ന്, പാനോം ഭാഗങ്ങളില്‍ നടത്തിയ സര്‍വേയുടെ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബാക്കി സ്ഥലങ്ങളില്‍ നാളെ പരിശോധന തുടരും. വിദഗ്ധ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ തുടര്‍ താമസം സാധ്യമാവുമോയെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തുക.
തുടര്‍ന്ന് പുനരധിവാസവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീടുകളുടെ കണക്ക് ഈ മാസം പതിനേഴിനകം സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനം എടുക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ വ്യക്തമാക്കി.
പ്രാഥമിക കണക്കനുസരിച്ച് പൂര്‍ണമായി തകര്‍ന്ന 15 വീടുകള്‍ ഉള്‍പ്പെടെ 112 വീടുകള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. 162 ഹെക്ടറില്‍ കൃഷി നാശമുണ്ടായെന്നും 225 കര്‍ഷകരെ ഉരുള്‍പൊട്ടല്‍ സാരമായി ബാധിച്ചതായും പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് വടകര എം.പി ഷാഫി പറമ്പില്‍ അറിയിച്ചിരുന്നു. മനുഷ്യായുസുകൊണ്ട് നേടിയതെല്ലാം നഷ്ടപ്പെട്ടവരാണ് വിലങ്ങാടുള്ളത്. പൂര്‍ണമായും വാസയോഗ്യമല്ലാത്ത വീടും പുരയിടവും അടക്കം നഷ്ടപ്പെട്ട 20 പേര്‍ക്കാണ് വടകര എം.പി വീടുവെച്ച് നല്‍കുക.
Content Highlight: Reportedly, there are more than 100 epicenters for the Vilangad landslide