ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിൽ രോഹിത്തുമില്ല കോഹ്‌ലിയുമില്ല, ഇന്ത്യയെ നയിക്കുക അവരിലൊരാൾ; റിപ്പോർട്ട്
Cricket
ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിൽ രോഹിത്തുമില്ല കോഹ്‌ലിയുമില്ല, ഇന്ത്യയെ നയിക്കുക അവരിലൊരാൾ; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th July 2024, 10:48 am

ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ശ്രീലങ്കക്കെതിരെയുള്ള ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ നിന്നും ഇന്ത്യന്‍ നായകന്‍ ലോകത്ത് ശര്‍മ സൂപ്പര്‍ താരം വിരാട് കോഹ്‌ലി പേസര്‍ ജസ്പ്രീത് ബുംറ എന്നീ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.

ഡിസംബര്‍ മാസം മുതല്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ വിശ്രമമില്ലാതെയാണ് രോഹിത്തും കോഹ്ലിയും കളിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ടി-20 ലോകകപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി കളിച്ചതിനാല്‍ രോഹിത്തും കോഹ്‌ലിയും ബി.സി.സി.ഐയോട് വിശ്രമം ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

രോഹിത്തിന് പകരമായി ഇന്ത്യന്‍ ടീമിനെ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയോ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.ഏല്‍ രാഹുലോ ആയിരിക്കും ഇന്ത്യയെ നയിക്കുക എന്നുമാണ് പി.ടി.ഐയില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

‘ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പുള്ള ഇംഗ്ലണ്ടിനെതിരായും മൂന്ന് ഏകദിന മത്സരങ്ങള്‍ കളിക്കുന്നതിനായി രോഹിത്തിനും കോഹ്‌ലിക്കും ബൂറയ്ക്കും മതിയായ പരിശീലനം ആവശ്യമാണ്. അതുകൊണ്ടുതന്നെ അടുത്ത കുറച്ചു മാസങ്ങളിലായി ഇവര്‍ക്ക് ടെസ്റ്റ് മത്സരങ്ങള്‍ കാണു നല്‍കുക. സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെ ഇന്ത്യ 10 ടെസ്റ്റ് മത്സരങ്ങളിലാണ് കളിക്കുക.

ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി പകുതിയോടെയാണ് നടക്കുന്നത്. അതിനാല്‍ ശ്രീലങ്കയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മൂന്ന് ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ അവര്‍ പോകേണ്ടതില്ല. അവര്‍ക്ക് വിശ്രമം ആവശ്യമാണെങ്കില്‍ അത് അവര്‍ എടുക്കണം,’ ബി.സി.സി.ഐയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

2023 ഐ.സി.സി ഏകദിന ലോകകപ്പിനു മുന്നോടിയായി നടന്ന ടി-20 മത്സരങ്ങളില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ കെ.ഏല്‍ രാഹുലും ഇന്ത്യയെ നയിച്ചിരുന്നു.

അതേസമയം സിംബാബ്വെക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍ ഉള്ളത്. ടി-20 ലോകകപ്പ് വിജയിച്ച ടീമിലെ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചു കൊണ്ട് ഒരുപിടി യുവനിരയുമായാണ് ഇന്ത്യന്‍ ടീം സിംബാബ്വെക്കെതിരെ അണിനിരന്നത്.

പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം വിജയിച്ചുകൊണ്ട് ഒപ്പത്തിനൊപ്പമാണ്. ആദ്യ മത്സരത്തില്‍ സിംബാബ്വെ 13 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 100 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായി ഇന്ത്യ തിരിച്ചുവരികയായിരുന്നു. ജൂണ്‍ 10നാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്. ഹരാരെയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.

 

Content Highlight: Report says Rohit Sharma And Virat Kohli Will Rest Against SriLanka Series