'കഴിവുകെട്ട മുഖ്യമന്ത്രി പോയി രാമക്ഷേത്രനിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കൂ'; യു.പി സര്‍ക്കാരിനെയും നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് മായാവതി
national news
'കഴിവുകെട്ട മുഖ്യമന്ത്രി പോയി രാമക്ഷേത്രനിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കൂ'; യു.പി സര്‍ക്കാരിനെയും നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് മായാവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st October 2020, 9:27 pm

ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി നേതാവ് മായാവതി. ഹാത്രാസ് കൂട്ടബലാത്സംഗ കേസില്‍ യു.പി സര്‍ക്കാരിനെതിരെ ജനരോഷം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ മായാവതി രംഗത്തെത്തിയത്.

ക്രമസമാധാനം പാലിക്കാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രിയെ ഗോരഖ്പൂരിലേക്ക് തന്നെ തിരികെ അയക്കണം. അവിടെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പോയി രാമക്ഷേത്ര നിര്‍മ്മാണത്തിന് മേല്‍നോട്ടം നടത്തിക്കോളൂ എന്നായിരുന്നു മായാവതി പറഞ്ഞത്.

ആര്‍.എസ്.എസില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ട് മാത്രം തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് ആദിത്യനാഥെന്നും മായാവതി അഭിപ്രായപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മായാവതി കടന്നാക്രമിച്ചു. വാരണാസിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി അവിടുത്തുകാരുടെ ക്ഷേമത്തെക്കുറിച്ച് ആലോചിക്കുകയെങ്കിലും ചെയ്യണമെന്ന് അവര്‍ ഓര്‍മിപ്പിച്ചു.

ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് ഭരിക്കുന്നതിലും ഭേദം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതാണെന്നും മായാവതി പരിഹസിച്ചു.
” ഇതിനോടകം തന്നെ ഉത്തര്‍പ്രദേശില്‍ നിരവധി വീടുകള്‍ തകര്‍ക്കപ്പെട്ടു. നിരവധി ഏറ്റുമുട്ടലുകള്‍ നടന്നു. ഇതിനെല്ലാം പിന്നിലുള്ള സത്യമെന്തെന്ന് കാലം പറയും. എല്ലാ അതിക്രമങ്ങള്‍ക്ക് പിന്നിലും രാഷ്ട്രീയ സ്വാര്‍ത്ഥതാത്പര്യങ്ങളാണെന്നാണ് ജനങ്ങള്‍ തന്നെ പറയുന്നത്”, മായാവതി പറഞ്ഞു.

നിങ്ങളും ഒരു സ്ത്രീയുടെ വയറ്റില്‍ പിറന്നവനാണ്. മറ്റുള്ളവരുടെ സഹോദരിമാരെയും, മക്കളെയും സ്വന്തം മക്കളെപ്പോലെ തന്നെ കരുതണം.

അതിന് പറ്റില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകണം മായാവതി കൂട്ടിച്ചേര്‍ത്തു. അതിക്രമത്തിനിരയായവരുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുത്തത് കൊണ്ടുമാത്രം കാര്യമില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ യു.പിയില്‍ സ്ത്രീകള്‍ക്കെതിര വര്‍ദ്ധിച്ചുവരുന്ന അതിക്രമത്തില്‍ വലിയ ജനരോഷമാണ് ഉണ്ടായിരിക്കുന്നത്.

വിഷയത്തില്‍ യു.പി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ രാഹുലിനെയും പ്രിയങ്കയേയും പൊലീസ് കസ്റ്റഡിയിലെടുത്തതും വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Replace UP CM, Send incapable Yogi Adhitynath back to Gorakhpur: Mayawati to BJP