Entertainment news
പുരുഷ താരങ്ങളെ ആശ്രയിച്ച് നിലനിന്നു പോരുന്ന ഇന്‍ഡസ്ട്രിയാണ് സിനിമ, തുല്യപദവി സ്ത്രീതാരങ്ങള്‍ക്കുണ്ടോ എന്നത് ചോദ്യമാണ്; രണ്‍ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 19, 09:51 am
Thursday, 19th August 2021, 3:21 pm

മലയാളത്തില്‍ നായികാപ്രാധാന്യമുള്ള സിനിമകള്‍ അധികം ഉണ്ടാകാത്തതിന്റെ കാരണം പറഞ്ഞ് തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍.
പുരുഷതാരങ്ങളെ ആശ്രയിച്ച് നിലനിന്നുപോരുന്ന ഒരു വലിയ ഇന്‍ഡസ്ട്രിയാണ് സിനിമയെന്നും നായകന്‍മാര്‍ക്ക് തുല്യമായ താരപദവി സ്ത്രീകള്‍ക്കുണ്ടോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.

‘ബോക്‌സോഫീസിനെ മുന്നില്‍ കണ്ടുണ്ടാക്കുന്ന സിനിമകളില്‍ താരപദവി ഒരു വലിയ മാര്‍ക്കറ്റിംഗ് ഘടകമാണ്. നായകന്‍മാരുടെ താരപദവിയും കച്ചവടസാധ്യതകളുമാണ് ഒരു വലിയ പരിധിവരെ സിനിമയുടെ തിയേറ്റര്‍ വിജയത്തെയും മറ്റു മേഖലകളിലുള്ള വില്‍പ്പനയേയും സഹായിക്കുന്നത്.

നായകനന്മാര്‍ക്ക് തുല്യമായ താരപദവി സ്ത്രീതാരങ്ങള്‍ക്ക് ഉണ്ടോ എന്നത് ഇക്കാര്യത്തില്‍ പ്രധാനപ്പെട്ട ചോദ്യമാണ്. പുരുഷതാരങ്ങളെ ആശ്രയിച്ച് നിലനിന്നുപോരുന്ന ഒരു വലിയ ഇന്‍ഡസ്ട്രിയാണ് സിനിമ. അങ്ങനെയൊരു ട്രാക്കിലാണ് സിനിമ പൊതുവെ സഞ്ചരിച്ച് പോരുന്നത്. അതുകൊണ്ടാവാം നായകപ്രാധാന്യമുള്ള സിനിമകള്‍ എണ്ണത്തില്‍ കൂടുതല്‍ ആവുന്നത്,’ മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.

തന്റെ സിനിമകള്‍ വിമര്‍ശിക്കപ്പെടുന്നതിനെക്കുറിച്ചും രണ്‍ജി പണിക്കര്‍ പറയുന്നുണ്ട്.

വിമര്‍ശിക്കപ്പെടുന്നു എന്നതിനര്‍ത്ഥം ആ സിനിമ ശ്രദ്ധിക്കപ്പെട്ടു എന്നുകൂടിയാണ്. വിമര്‍ശനങ്ങളെ അഭിമുഖീകരിക്കാനുള്ള ധൈര്യം നമ്മള്‍ കണ്ടെത്തും എന്നതാണ് അതിന്റെ ഏറ്റവും നല്ല ഗുണമെന്നും സ്വയം വിലയിരുത്താനും അഴിച്ചു പണിയാനും പുതുക്കാനുമൊക്കെ വിമര്‍ശനങ്ങള്‍ സഹായിക്കുമെന്നും രഞ്ജി പണിക്കര്‍ പറയുന്നു.

ഏത് ഭാഷയിലായാലും എല്ലാ വര്‍ഷവും ക്ലാസിക് സിനിമകള്‍ ഉണ്ടാവണമെന്ന് പറഞ്ഞ് വാശി പിടിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും നൂറ്റാണ്ടില്‍ തന്നെ വിരലിലെണ്ണാവുന്ന ക്ലാസിക് സിനിമകളേ സംഭവിക്കൂവെന്നും രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Renji Panicker says about Womancentric films