അന്ന് എസ് ശിവരാമന്‍ അത്ഭുതക്കുട്ടിയായി; ഇന്ന് രമ്യ ഹരിദാസും
D' Election 2019
അന്ന് എസ് ശിവരാമന്‍ അത്ഭുതക്കുട്ടിയായി; ഇന്ന് രമ്യ ഹരിദാസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 4:20 pm

ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വമ്പന്‍ വിജയത്തിലേക്ക് അടുക്കുകയാണ്. 1,58637വോട്ടിന്റെ ഭൂരിപക്ഷമാണ് നിലവില്‍ രമ്യ ഹരിദാസ് നേടിയത്. ഒരിക്കലും എല്‍ഡിഎഫ് പ്രതീക്ഷിക്കാത്ത വിജയമാണ് രമ്യ നേടിയത്. അട്ടിമറി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്ര വലിയ ഭൂരിപക്ഷം ഒരിക്കലും ഒരു എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ പ്രതീക്ഷിച്ചു കാണില്ല.

ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്ള പല മണ്ഡലങ്ങളും ഉണ്ടായിരുന്ന പഴയ ഒറ്റപ്പാലം മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ് ശിവരാമന്‍ നേടിയ വിജയത്തെയാണ് രമ്യയുടെ വിജയം ഓര്‍മ്മിപ്പിക്കുന്നത്. സാക്ഷാല്‍ കെആര്‍ നാരായണന്‍ എംപി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ശിവരാമന്‍ മിന്നുന്ന വിജയം നേടിയത്.

1.32ലക്ഷം വോട്ടിനാണ് അന്ന് എസ് ശിവരാമന്‍ ജയിച്ചു കയറിയത്. 26 വയസ്സില്‍ എസ്എഫ്‌ഐ നേതാവായിരുന്ന എസ് ശിവരാമനെ മണ്ഡലം സ്വീകരിച്ചത് പോലെയാണ് ഇപ്പോള്‍ രമ്യ ഹരിദാസിനെ സ്വീകരിച്ചിരിക്കുന്നത്. ഇടയ്ക്ക് കോണ്‍ഗ്രസില്‍ ചേരുകയും പിന്നീട് സിപിഐഎമ്മിലേക്ക് തിരികെ വരികയും ചെയ്തു ശിവരാമന്‍.

മറ്റൊരു സമാനത കൂടി ഇരുവരുടെയും കാര്യത്തിലുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്നാണ് രമ്യ ഹരിദാസ് എംപി സ്ഥാനത്തേക്ക് എത്തിയതെങ്കില്‍ എസ് ശിവരാമന്‍ എംപി സ്ഥാനത്ത് നിന്ന് ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനത്തേക്കാണ് എത്തിയത്. ഇപ്പോള്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടാണ് എസ് ശിവരാമന്‍.