ദളിത് പീഡനം പുതുമയല്ലാത്തതിനാലാണോ ഫെമിനിസ്റ്റുകള്‍ മിണ്ടാതിരിക്കുന്നതെന്ന് രേഖ രാജ്
Kerala
ദളിത് പീഡനം പുതുമയല്ലാത്തതിനാലാണോ ഫെമിനിസ്റ്റുകള്‍ മിണ്ടാതിരിക്കുന്നതെന്ന് രേഖ രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th August 2017, 8:20 pm

കോഴിക്കോട്: ന്യൂസ് 18 ചാനലില്‍ ദളിത് മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഫെമിനിസ്റ്റുകളും ആദര്‍ശവാദികളും പ്രതികരിക്കാത്തതെന്തെന്ന് എഴുത്തുകാരി രേഖ രാജ്. പെര്‍ഫോമന്‍സ് മോശമാണെന്ന് പറഞ്ഞ് ന്യൂസ് 18 ചാനലില്‍ മാധ്യമപ്രവര്‍ത്തകയെ പിരിച്ചുവിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമപ്രവര്‍ത്തക ഇപ്പോഴും ആശുപത്രിയിലാണ്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സഹപ്രവര്‍ത്തകന്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതികൊടുത്ത മാധ്യമപ്രവര്‍ത്തകയ്ക്ക പിന്തുണയുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ പരാതി നല്‍കിയ ആ മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി വന്ന ആവേശപത്രക്കാരെയൊന്നും ദളിത് മാധ്യമപ്രവര്‍ത്തകയുടെ വിഷയത്തില്‍ കണ്ടില്ലല്ലോയെന്നാണ് രേഖ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

“കീഴാള സ്ത്രീകള്‍ നടത്തുന്ന “സഹോദരീ പിന്തുണ” തിരികെ കിട്ടുമെന്ന് അവര്‍ പ്രതീക്ഷിക്കേണ്ട. അതായത് പ്രബലസമുദായത്തിലെ പെണ്ണുങ്ങള്‍ക്ക് നീതി നിഷേധിച്ചാല്‍ മാത്രമേ പ്രതിഷേധത്തിന് ആവശ്യമൊള്ളൂ.”


Also Read: ‘യോഗിയെ വെള്ളപൂശാന്‍ ബി.ജെ.പി ഐ.ടി സെല്‍ കിണഞ്ഞ് ശ്രമിക്കുന്നു’; യോഗി പാവാടാ ക്യാംപെയ്‌നെ പൊളിച്ച് സഞ്ജിവ് ഭട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്


ദളിത് പീഡനമെന്നതില്‍ പുതുമയില്ലെന്നതിനാല്‍ ഫെമിനിസ്റ്റുകളും ആശയവാദികളും ആ വിഷയം വിട്ടുകളഞ്ഞെന്നും രേഖ പറയുന്നു. നീതിയ്ക്കും ന്യായത്തിനുംവേണ്ടി ഉറഞ്ഞുതുള്ളുന്ന ഇടത്-മതേതര ലിബറലുകളെയൊന്നും സംഭവത്തില്‍ പ്രതികരണവുമായി കണ്ടില്ലല്ലോയെന്നും രേഖ ചോദിക്കുന്നു.

മാധ്യമപ്രവര്‍ത്തകയെ മോശം പെര്‍ഫോമന്‍സിന്റെ പേരില്‍ പിരിച്ചുവിട്ടതാണെന്നുള്ള വാദത്തേയും രേഖ വിമര്‍ശിക്കുന്നു. “തങ്ങളുടെ കീഴില്‍ പണിയെടുക്കുന്ന കറുത്ത തൊലി ഉള്ള പെണ്ണുങ്ങളെ പ്രൊഡക്ഷന്‍ പണിയ്ക്ക് മാത്രം ഇടുന്ന ഇവരില്‍ നിന്ന് എന്താ അധികമായി പ്രതീക്ഷിക്കേണ്ടത്?”

കേരളത്തിലെ മാധ്യമസ്ഥാപനങ്ങളില്‍ എത്രത്തോളം ദളിത് പ്രാതിനിധ്യമുണ്ടെന്നടക്കമുള്ള ചോദ്യത്തോടെ അടിയന്തിരമായി ഈ സംഭവവുമായി ബന്ധപ്പെചട്ട് ചെയ്യേണ്ട നാലുകാര്യങ്ങളെന്തൊക്കെയാണെന്ന നിര്‍ദ്ദേശിച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
1. ദളിത് മാധ്യമ പ്രാര്‍ത്തകയുടെ കേസില്‍ പട്ടിക ജാതി വര്‍ഗ്ഗ പീഡന നിരോധന അമ്മെന്‍മെന്റ് ആക്റ്റ് പ്രകാരവും( PoA
) തൊഴിലിടത്തെ പീഡന പ്രകാരവും ( 357 ? ) കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയും അവരുടെ കേസിനെ സഹായിക്കാന്‍ പ്രഗല്‍ഭരായ അഭിഭാഷകരുടെ സേവനം ഉറപ്പു വരുത്തുകയും വേണം. എഫ് ഐ ആര്‍ ഇതുവരെ അവള്‍ക്കു ലഭിച്ചിട്ടില്ല. ഇക്കാര്യം അതിനു ശേഷം പ്ലാന്‍ ചെയ്യണം. കിട്ടിയാലുടനെ കോപ്പി തരാമെന്നു പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്.
2. ഭരണ ഘടനാപരമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യയിലെ എതോരുസ്ഥാപനത്തിനും ബാധ്യത ഉണ്ട്. സമൂഹത്തിലേയ്ക് വെച്ചിരിക്കുന്ന കണ്ണാടി സ്വയം നോക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ തയ്യാറാകണം. കേരളത്തിലെ മാധ്യമങ്ങളിലെ ദളിത് -ആദിവാസി പ്രതിനിത്യത്തെക്കുറിച്ചുള്ള ഒരു അടിയന്തിര സര്‍വ്വേ പ്ലാനിംഗ് ബോര്‍ഡോ ,സി ഡി എസ്സോ നടത്താന്‍ ആവശ്യപ്പെടണം. അതിന്റെ അടിസ്ഥാനത്തില്‍ അഫ്ര്‌മേട്ടിവ് പ്രോഗ്രാമുകള്‍ നടപ്പില്‍ വരുത്തി പ്രാധിനിത്യം ഉറപ്പു വരുത്തണം.
3. കേരളത്തില്‍ മാധ്യമ പഠനം കഴിഞ്ഞു വരുന്ന ദളിത് -ആദിവാസികള്‍ക്ക് അന്താ രാഷ്ട്ര നിലവാരം ഉള്ള പരിശീലനം നല്‍കാനും തൊഴില്‍ ഉറപ്പുവരുത്താനും സാമുഹ്യ ക്ഷേമ വകുപ്പും ദളിത് വകുപ്പും തയ്യാറാകണം.അതിനു സമ്മര്‍ദ്ദം ചെലുത്തണം .
4. കേരളത്തിലെ ചാനലുകളിലും പത്ര മാധ്യമങ്ങളിലും ദളിത് -ദളിത് സ്ത്രീ പ്രാതിനിധ്യം എത്രയുണ്ട് ? കൊഴിഞ്ഞു പോകലിന്റെ നിരക്ക് എന്ത്രയാണ് ? സൂക്ഷമവും പരോക്ഷവുമായുള്ള ജാതി പീഡനങ്ങളും സുവ്യക്തമായ സവര്‍ണ പ്രബല പ്രദേശങ്ങളുമായി കേരളത്തിലെ മാധ്യമങ്ങള്‍ വിളയാടുന്നത് അടിയന്തിരമായി അവസാനിപ്പിക്കണം.സാമുഹ്യ നീതി ഇവിടങ്ങളില്‍ ഉറപ്പു വരുത്താന്‍ മാധ്യമ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്താന്‍ ഒരു സംഘം രൂപികരിക്കുകയും അതിനു വേണ്ടി തന്ത്ര പരിപാടികള്‍ ആവിഷ്‌കരികുകയും വേണം.