ലോകകപ്പില്‍ വാംഖഡെയില്‍ നടന്ന സൗത്ത് ആഫ്രിക്ക – ഇംഗ്ലണ്ട് പോരാട്ടത്തില്‍ ഇംഗ്ലണ്ട് ദയനീയമായാണ് പരാജയപ്പെട്ടത്. ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം ഇംഗ്ലണ്ടിന് വീണ്ടുമൊരു തിരിച്ചടിയേറ്റിരിക്കുകയാണ്.
മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ മികച്ച ബൗളറായ റീസ് ടോപ്‌ലി പരിക്കിനെ തുടര്‍ന്ന് ഇനിയുള്ള കളികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.
സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ പന്തെറിയവെ ബാറ്ററുടെ ഷോട്ട് തടയാന്‍ ശ്രമിക്കുമ്പോളായിരുന്നു ടോപ്‌ലിയുടെ ഇടത് കയ്യിലെ ചൂണ്ടുവിരലില്‍ പരിക്ക് പറ്റിയത്.
ഇംഗ്ലണ്ടിന്റെ ലെഫ്റ്റ് ആം ഫാസ്റ്റ് ബൗളറായ ടോപ്‌ലി പ്രോട്ടീസിനെതിരായ മത്സരത്തില്‍ 8.5 ഓവറില്‍ 88 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് നേടിയിരുന്നത്.
മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 399 എന്ന പടുകൂറ്റന്‍ സ്‌കോറാണ് അടിച്ചുകൂട്ടിയത്. ഹെന്റിച്ച് ക്ലാസന്‍ 109 (67), റീസ ഹെന്‍ഡ്രിക്സ് 85 (75) മാര്‍കോ യാന്‍സന്‍ 75 (42) എന്നിവരാണ് കിവീസിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വെറും 22 ഓവറില്‍ 170 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മാര്‍ക്ക് വുഡ് 43 (17) ഗസ് ആറ്റ്കിന്‍സണ്‍ 35 (21) ഹാരി ബ്രൂക്ക് 17 (25) എന്നിവര്‍ ഇംഗ്ലണ്ടിനുവേണ്ടി പൊരുതിയെങ്കിലും 229 റണ്‍സിന്റെ നാണംകെട്ട തോല്‍വിയായിരുന്നു ഫലം.
ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് തോല്‍വിയുമായി ഒമ്പതാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്‍മാര്‍.
ഏകദിന ലോകകപ്പ് മത്സരത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തോല്‍വിയുടെ പട്ടികയില്‍ ഏഴാമതാണ് ഇംഗ്ലണ്ട്.
നാണക്കേടില്‍ നിന്നും വിജയം അനിവാര്യമായ ത്രീ ലയണ്‍സിന് തങ്ങളുടെ അടുത്ത മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളികള്‍. നിലവില്‍ എട്ടാം സ്ഥാനത്തുള്ള ലങ്കയും നാല് കളികളില്‍ നിന്ന് ഒരു വിജയം മാത്രമാണ് സ്വന്തമാക്കിയത്.