'ചുവപ്പായത് നന്നായി, പച്ചയായിരുന്നെങ്കില്‍ ഞാന്‍ രാജിവെക്കേണ്ടി വന്നേനെ'; ചോദ്യപേപ്പര്‍ നിറം മാറ്റത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് അബ്ദുറബ്ബ്
Kerala News
'ചുവപ്പായത് നന്നായി, പച്ചയായിരുന്നെങ്കില്‍ ഞാന്‍ രാജിവെക്കേണ്ടി വന്നേനെ'; ചോദ്യപേപ്പര്‍ നിറം മാറ്റത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് അബ്ദുറബ്ബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th March 2023, 11:11 am

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപേപ്പറിന്റെ നിറം ചുവപ്പാക്കിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ അബ്ദുറബ്ബ്. ചുവപ്പിന് പകരം പച്ചയായിരുന്നെങ്കില്‍ താന്‍ രാജിവെക്കേണ്ടി വന്നേനെയെന്നായിരുന്നു അബ്ദു റബ്ബിന്റെ പ്രതികരണം.

പണ്ടൊക്കെ ചോദ്യത്തിന്റെ അവസാനം ചന്ദ്രക്കല കണ്ടാല്‍ വരെ കെ.എസ്.ആര്‍.ടി.സിക്ക് നേരെ കല്ലെറിയുകയും മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജില്‍ കയറി ചാക്യാര്‍ക്കൂത്ത് നടത്തുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ ഇത്തരം കലാരൂപങ്ങള്‍ക്ക് ഇന്ന് കൈമോശം വന്നെന്നും അബ്ദു റബ്ബ് പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ആരംഭിച്ച പ്ലസ്‌വണ്‍ പരീക്ഷകളിലാണ് ചോദ്യപേപ്പറിന്റെ നിറം മാറ്റിയത്. നേരത്തെ ചോദ്യപേപ്പറിന്റെ നിറംമാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്ലാതിരുന്നതിനാല്‍ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് അധ്യാപകരും വിവരമറിയുന്നത്.

വെള്ളിയാഴ്ച തന്നെ സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകളും ആരംഭിച്ചിരുന്നു. ഇതില്‍ നിറം മാറ്റമുണ്ടായിട്ടില്ല. ഇരു പരീക്ഷകളും ഒരേ ദിവസം ആരംഭിക്കുന്നതിനാല്‍ മുന്‍ വര്‍ഷങ്ങളിലെല്ലാം ചോദ്യപേപ്പര്‍ മാറി വിതരണം ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് നിറം മാറ്റമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, പരീക്ഷ സെക്രട്ടറി ഡോ. എസ്.എസ് വിവേകാനന്ദ എന്നിവര്‍ അറിയിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ ചോദ്യപേപ്പര്‍ മാറി പൊട്ടിക്കുകയും വിതരണം ചെയ്യുകയും ചെയ്തതില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. ചോദ്യപേപ്പര്‍ മാറി വിതരണം ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഡോ. എസ്.എസ് വിവേകാനന്ദ വ്യക്തമാക്കി.

പ്ലസ് വണ്‍ പരീക്ഷയില്‍ അവശേഷിക്കുന്നവയുടെ ചോദ്യപേപ്പറുകളും മെറൂണ്‍ നിറത്തിലായിരിക്കും അച്ചടിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം ചോദ്യപേപ്പറിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഫ്ളൂറസന്റ് രീതിയിലുള്ള നിറത്തില്‍ അച്ചടിച്ച ചോദ്യപേപ്പര്‍ വിദ്യാര്‍ത്ഥികളുടെ കാഴ്ചശക്തിയെ ബാധിച്ചേക്കുമെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയില്‍..

ഏതായാലും
പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കില്‍ ഞാന്‍ രാജി വെക്കേണ്ടി വന്നേനെ.

അന്നൊക്കെ ചോദ്യപ്പേപ്പറില്‍ ചോദ്യങ്ങള്‍ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാല്‍ ചന്ദ്രഹാസമിളകുകയും,
അഞ്ചാറ് കെ.എസ്.ആര്‍.ടി.സി ബസുകള്‍
എറിഞ്ഞു തകര്‍ക്കുകയും,
മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജില്‍
വരെ കയറി ചാക്യാര്‍കൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം ‘പാരമ്പര്യ കല’കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നത്.

Content Highlight: ‘Red is fine, if it was green I would have had to resign’; Abdurrab mocked the state government for changing the color of the question paper